INDIA

റിപ്പബ്ലിക് ദിന പരേഡിലെ ടാബ്ലോ പ്രദർശനം: 'എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

വെബ് ഡെസ്ക്

റിപ്പബ്ലിക് ദിന പരേഡിൽ ടാബ്ലോകൾ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരമുണ്ടാകുന്ന വിവാദങ്ങൾക്ക് അന്ത്യം കുറിക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഓരോ മൂന്ന് വർഷത്തിനിടെ ഒരുതവണയെങ്കിലും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും (യു ടി) ടാബ്ലോ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ പദ്ധതി. കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവർ തയാറാക്കുന്ന ടാബ്ലോകൾ പരേഡിൽ പ്രദർശിപ്പിക്കാൻ സഹായകരമാകുന്നതാകും പുതിയ പദ്ധതിയെന്നാണ് വിലയിരുത്തൽ. ന്യൂ ഡൽഹിയിലെ കർത്തവ്യ പഥിൽ എല്ലാ വർഷവും നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ വിവിധ സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 15-16 ടാബ്ലോകളാണ് പ്രദർശിപ്പിക്കുന്നത്. ഇതിനാൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായി അവസരം ലഭിക്കണമെന്നില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പ്രതിരോധ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും റസിഡന്റ് കമ്മീഷണർമാരുമായി മൂന്നോ നാലോ തവണ ചർച്ച നടത്തിയിരുന്നു. അതിലാണ് പുതിയ പദ്ധതി നിർദേശിച്ചതും കരട് അവതരിപ്പിച്ചതും. ഇതുവരെ 28 സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവച്ചതായാണ് വിവരം. അടുത്ത മൂന്ന് വർഷത്തേക്കുള്ള പട്ടിക തയാറാക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. വരുന്ന മൂന്ന് വർഷങ്ങളിൽ ഏതൊക്കെ സംസ്ഥാനങ്ങൾ/ കേന്ദ്രഭരണപ്രദേശങ്ങൾ ഏതൊക്കെ വർഷങ്ങളിലാണ് ടാബ്ലോ പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തവണത്തെ പരേഡിൽ ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഛത്തീസ്‌ഗഡ്, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, ലഡാക്ക്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള 16 ടാബ്ലോകളാണ് പ്രദർശിപ്പിക്കുക.

കേരളം, കർണാടക, പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളുടെ ടാബ്ലോകൾ കേന്ദ്രം നിരസിച്ചതിനെത്തുടർന്ന് ഇരുസംസ്ഥാനത്തിൻെറയും മുഖ്യമന്ത്രിമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പഞ്ചാബിനെതിരെ കേന്ദ്രസർക്കാർ വിവേചനം കാണിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പ്രതികരണം. അതേസമയം, കർണാടക അയച്ച ഏഴ് നിർദേശങ്ങളും തള്ളിയതിനെ തുടർന്ന് കേന്ദ്രം ഏഴുകോടി കന്നഡിഗരെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞിരുന്നു. 2015 മുതൽ 2023 വരെ നടന്ന എല്ലാ റിപ്പബ്ലിക് ദിന പരേഡുകളിലും കർണാടക ടാബ്ലോകൾ പ്രദർശിപ്പിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും