2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാനോ വൈകിപ്പിക്കാനോ സർക്കാരിന് പദ്ധതിയല്ലെന്നും ഈ മാസം 18-ന് ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് ആയിരിക്കില്ല പ്രാധന അജന്‍ഡയെന്നും സര്‍ക്കാരിന് മറ്റു വലിയ പദ്ധതികളുണ്ടെന്നും കേന്ദ്രമന്തി അനുരാഗ് ഠാക്കൂർ. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് കമ്മിറ്റിയുമായി ചർച്ചകൾ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച എട്ടംഗ സമിതിയില്‍ നിന്നു പിന്മാറാനുള്ള തീരുമാനം കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പിന്‍വലിക്കണമെന്നും അനുരാഗ് താക്കൂര്‍ അഭ്യര്‍ഥിച്ചു. ചൗധരി സമിതിയുടെ ഭാഗമാകണമെന്നു സർക്കാർ ആഗ്രഹിക്കുന്നുവെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. വിഷയത്തിൽ, പ്രതിപക്ഷത്തിന്റെ നിലപാടും അറിയണമെന്നത് മോദി സർക്കാരിന്റെ ഹൃദയവിശാലതയാണ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന ചർച്ചകളെല്ലാം മാധ്യമങ്ങളുടെ അനുമാനങ്ങളാണെന്നും കാലാവധി തീരുന്നതുവരെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. പ്രത്യേക സമ്മേളനത്തിൽ സർക്കാരിന് വലിയ പദ്ധതികളുണ്ടെന്നും എന്നാൽ സമ്മേളനത്തിന്റെ അജണ്ട വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക സമ്മേളനത്തിന്റെ അജണ്ട ഉചിതമായ സമയത്ത് പാർലമെന്ററി കാര്യ മന്ത്രി വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വനിതാ സംവരണം എന്നിവ സംബന്ധിച്ചുള്ള ബില്ലുകൾ പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന സൂചനകൾ നേരത്തെ തന്നെ ഉയർന്നിരുന്നു. സർക്കാർ അജണ്ട വെളിപ്പെടുത്താത്ത സ്ഥിതിക്ക് ഈ ബില്ലുകൾ അവതരിപ്പിക്കാനുളള സാധ്യതകൾ ഉണ്ടെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തലിൽ നിന്നും വ്യക്തമാകുന്നത്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായുളള എട്ടംഗ സമിതിയാണ് സർക്കാർ രൂപീകരിച്ചിട്ടുളളത്. ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ ലക്ഷ്യം വയ്ക്കുന്നതാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്‍. എന്നാൽ കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. അധികാരത്തിൽ തുടരാൻ വേണ്ടിയാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
അതേസമയം, ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന് ഗുണം ചെയ്യുന്ന ഭരണഘടനാ പരിഷ്‌കരണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദങ്ങളെ തളളിക്കൊണ്ടുളള കേന്ദ്ര സർക്കാരിന്റെ വാദം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പ് സമന്വയിപ്പിക്കുന്നതിനുള്ള ചട്ടക്കൂടും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താവുന്ന സമയപരിധിയും എട്ടംഗ സമിതി നിര്‍ദ്ദേശിക്കും. സമിതി ആറുമാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.