INDIA

'ഫണ്ടിന്റെ പേരില്‍ മത്സരമല്ല, സഹകരണമാണ് വേണ്ടത്'; കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി

മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ദുരിതാശ്വാസനിധിയിൽ നിന്ന് 18,177കോടി രൂപ സഹായം ആവശ്യപ്പെട്ടിരുന്നു.

വെബ് ഡെസ്ക്

ദുരിതാശ്വാസമുള്‍പ്പെടെയുള്ള ഫണ്ടുകളുടെ പേരില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന പ്രവണതയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഫണ്ട് കൈമാറുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ മത്സരമല്ല സഹകരണമാണ് ആവശ്യമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം അവസാനം ആരംഭിച്ച വരള്‍ച്ചയില്‍ നാശനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് ദുരിതാശ്വാമായി നല്‍കാന്‍ കേന്ദ്രം ഫണ്ടനുവദിച്ചില്ലെന്നാരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മെഹ്ത, ആര്‍ വെങ്കിട്ടരമണി, തുഷാര്‍ മെഹ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, കേന്ദ്ര ദുരിതാശ്വാസനിധിയിൽ നിന്ന് 18,177കോടി രൂപ സഹായം ആവശ്യപ്പെട്ടിരുന്നു. സഹായധനമായി ഇപ്പോഴും കേന്ദ്രം തുകയൊന്നും അനുവദിക്കാത്തതിനെ തുടർന്നാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത വേനൽക്കാല ദുരിതമാണ് ഇത്തവണ കർണാടകയെ ബാധിച്ചിട്ടുള്ളത്.

കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം

സംസ്ഥാനത്താകെയുള്ള 236 താലൂക്കുകളിൽ 216 താലൂക്കുകളിലും വരൾച്ച ശക്തമായി ബാധിച്ചിട്ടുണ്ട്. മുളക് കർഷകർക്ക് മാത്രം ഇത്തവണ 2000 കോടി രൂപയുടെ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വേനൽ കാലത്ത് സാധാരണ കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായം വരൾച്ച ഇത്രയും കടുത്തിട്ടും നൽകിയില്ലെന്നാരോപിച്ചാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരുൾപ്പെടുന്ന മന്ത്രിതല സംഘം നൽകുന്ന റിപ്പോർട്ടിനനുസരിച്ചാണ് കേന്ദ്രസർക്കാർ നിലപാടെടുക്കേണ്ടത്. എന്നാൽ സംഘം വരൾച്ച പഠിച്ച് 2023 ഡിസംബറിൽ തന്നെ റിപ്പോർട്ട് നൽകിയിരുന്നു എന്നും സംഭവത്തിൽ യാതൊരു നടപടിയും ഇപ്പോഴും കേന്ദ്രം സ്വീകരിച്ചിട്ടില്ല എന്നും കർണാടകത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. എന്നാൽ റിട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നതിന്പകരം കേന്ദ്രസർക്കാരുമായി ചർച്ചയ്ക്കു തയ്യാറായിരുന്നെങ്കിൽ പ്രശ്നം നേരത്തെ തന്നെ പരിഹരിക്കാമായിരുന്നു എന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു.

ഈ മറുപടിക്കു ശേഷമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഒരു മത്സരത്തിലേക്ക് പോകേണ്ടതില്ല എന്ന് ജസ്റ്റിസ് ഗവായ് അഭിപ്രായപ്പെട്ടത്. നിരവധി സംസ്ഥാനങ്ങളാണ് ഇപ്പോൾ കേന്ദ്രഫണ്ട് ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നെന്നാരോപിച്ച് കോടതിയെ സമീപിക്കുന്നത് എന്നും കോടതിപറഞ്ഞു. സംസ്ഥാനങ്ങളുടെ നികുതിവിഹിതം ആവശ്യപ്പെട്ടുകൊണ്ട് കേരളവും പഞ്ചാബുമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ പ്രതികരണമാവശ്യപ്പെട്ട് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും പരിഗണിക്കും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം