INDIA

വിമർശനങ്ങള്‍ക്ക് പിന്നാലെ യു ടേണ്‍; ഉന്നത തസ്തികകളിലേക്കുള്ള ലാറ്ററല്‍ എൻട്രിക്കായുള്ള യുപിഎസ്‌സി പരസ്യം പിൻവലിച്ച് കേന്ദ്രം

വെബ് ഡെസ്ക്

കേന്ദ്ര സർക്കാരിന് കീഴിലുള്ള സുപ്രധാനമായ 45 തസ്തികകളിലേക്ക് സ്വകാര്യ മേഖലയിൽ നിന്ന് ലാറ്ററല്‍ എൻട്രി വഴി നിയമനം നടത്താനുള്ള നീക്കത്തില്‍ നിന്ന് പിൻവലിഞ്ഞ് കേന്ദ്രം. യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) നല്‍കിയ പരസ്യം പിൻവലിക്കാൻ കേന്ദ്രം നിർദേശിച്ചു. യുപിഎസ്‌സി ചെയർപേഴ്‌സണ്‍ പ്രീതി സുദനെ കത്തിലൂടെയാണ് പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര നീക്കത്തിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.

പാർശ്വവത്‌കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ള അർഹരായ ഉദ്യോഗാർഥികള്‍ക്ക് സർക്കാർ സേവനങ്ങളില്‍ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കേണ്ടത് പ്രധാനമാണ്. ഈ തസ്തികകള്‍ പ്രത്യേകമായും സിംഗിൾ കേഡർ പോസ്റ്റുകളായും പരിഗണിക്കുന്നതിനാല്‍, ഈ നിയമനങ്ങളില്‍ സംവരണത്തിനായി വ്യവസ്ഥ ഉണ്ടായിരുന്നില്ല- മന്ത്രി കത്തില്‍ വ്യക്തമാക്കി.

സാമൂഹ്യനീതി ഉറപ്പാക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം വിശകലനം ചെയ്ത് പരിഷ്കരിക്കേണ്ടതുണ്ട്. ആയതിനാല്‍ ലാറ്ററല്‍ എൻട്രി റിക്രൂട്ട്മെന്റിന്റെ പരസ്യം റദ്ദാക്കാൻ ഞാൻ യുപിഎസ്‌സിയോട് അഭ്യർഥിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്ന വ്യക്തിയാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ പദ്ധതികള്‍ സമൂഹത്തിലെ ഏറ്റവും ദുർബലമായ വിഭാഗങ്ങളിലേക്ക് എത്തിയിട്ടുണ്ട്. സംവരണ തത്വങ്ങളുമായി ലാറ്ററല്‍ എൻട്രി ചേർത്തുവെക്കാനുള്ള തീരുമാനം സാമൂഹ്യനിതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നതാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 17നായിരുന്നു അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് യുപിഎസ്‌സി പരസ്യം നല്‍കിയത്. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നിങ്ങനെ 24 മന്ത്രാലയങ്ങളിലായാണ് നിയമനം.

നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷനെ (യുപിഎസ്‌സി) മറികടന്നുള്ള നിയമനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയ്ക്ക് തുരങ്കംവെക്കുകയാണെന്ന് രാഹുല്‍ വിമർശിച്ചു.

കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലെ സുപ്രധാന സ്ഥാനങ്ങളിലേക്ക് ലാറ്ററല്‍ എൻട്രി വഴി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലൂടെ എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണം തട്ടിയെടുക്കുകയും ഇല്ലാതാക്കുകയുമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ആർഎസ്‍എസുമായി ബന്ധമുള്ളവരെയാണ് മോദി സർക്കാർ റിക്രൂട്ട് ചെയ്യുന്നതെന്നും രാഹുല്‍ ആരോപിക്കുന്നു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.


'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം