രാജ്യത്തെ മരുന്ന് വിപണിയില്‍ വില നിയന്ത്രണത്തിന് ഇടപെടാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ക്യാന്‍സര്‍, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനം ഓഗസ്റ്റ് 15ന് പ്രഖ്യാപിച്ചേക്കും. രാജ്യവ്യാപകമായി വലിയൊരു വിഭാഗത്തിന് ആശ്വാസം നല്‍കുന്നതായിരിക്കും പ്രഖ്യാപനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
അവശ്യമരുന്നുകളുടെ വില ഉയർന്നതിൽ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചതായും അതിനാൽ വിലയിൽ ഇളവ് നൽകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ വിഷയത്തിൽ സർക്കാർ നിർദേശങ്ങൾ തയ്യാറാക്കിയെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.
സർക്കാർ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നാല്‍ വിലയിൽ 70% വരെ ഇളവ് വന്നേക്കും
നിർദ്ദേശം പ്രാബല്യത്തിൽ വന്നാല്‍ അവശ്യ മരുന്നുകളുടെ വിലയിൽ 70% വരെ ഇളവ് വന്നേക്കുമെന്നും അധികൃതർ വ്യക്തമാക്കി. 2015-ലെ ദേശീയ അവശ്യ മരുന്നുകളുടെ പട്ടിക (NLEM) പരിഷ്കരിച്ച് വ്യാപകമായി വിതരണം ചെയ്തുവരുന്ന മരുന്നുകളെ കൂടി ഉൾപ്പെടുത്തുന്നതിനുള്ള കേന്ദ്രനീക്കം പുരോഗമിക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്തുള്ള മരുന്നുകളുടെ വില നിശ്ചയിക്കാൻ കമ്പനികൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും അത്തരം മരുന്നുകളുടെ വില പ്രതിവർഷം 10% മാത്രമേ ഉയർത്താൻ പാടൂള്ളൂ
ദീർഘകാലം ഉപയോഗിക്കേണ്ട മരുന്നുകളുടെ ഉയർന്ന വ്യാപാര മാർജിനുകൾ നിയന്ത്രിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. അന്തിമ നിർദ്ദേശം ചർച്ച ചെയ്യുന്നതിനായി ജൂലൈ 26 ന് മെഡിക്കൽ വ്യവസായ പ്രതിനിധികളുമായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ യോഗം വിളിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.
മരുന്നുകളുടെ വില വിശകലനത്തിൽ ചില മരുന്നുകളുടെ വ്യാപാര മാർജിൻ 1000% വരെ ഉയർന്നിട്ടുണ്ടെന്നും വിലയിരുത്തല്‍.
നിലവിൽ ഇന്ത്യയിലെ 355-ലധികം മരുന്നുകളുടെ വില നിശ്ചയിക്കുന്നതിന് ഡ്രഗ് പ്രൈസ് റെഗുലേറ്റർ NLEM-ന്റെ ഭാഗമായ NPPA യാണ്. ഇത്തരത്തിൽ ഷെഡ്യൂൾ ചെയ്ത മരുന്നുകളുടെ ട്രേഡ് മാർജിൻ മൊത്തക്കച്ചവടക്കാർക്ക് 8 ശതമാനവും ചില്ലറ വ്യാപാരികൾക്ക് 16 ശതമാനവുമായി നിയന്ത്രിച്ചിട്ടുണ്ട്.എൻപിപിഎ വില നിശ്ചയിക്കുന്ന മരുന്നുകളുടെ നിർമ്മാതാക്കൾ അവരുടെ ഉൽപ്പന്നം വിപണന വിലയ്ക്ക് തുല്യമായോ, കുറവ് ചെയ്ത ശേഷമോ ആണ് വിൽക്കേണ്ടത്.
അതേസമയം, സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്തുള്ള മരുന്നുകളുടെ വില നിശ്ചയിക്കാൻ കമ്പനികൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും അത്തരം മരുന്നുകളുടെ വില പ്രതിവർഷം 10% മാത്രമേ ഉയർത്താൻ പാടൂള്ളൂ. എന്നാൽ, ഇത്തരം മരുന്നുകളുടെ ട്രേഡ് മാർജിൻ അമിതമായി ഉയരുമ്പോൾ രോഗികളെ സാരമായി ബാധിക്കുന്നു.
പല മരുന്നുകൾക്കും ബില്ല് പ്രകാരമുള്ള വില നൽകുവാൻ രോഗികൾ നിർബന്ധിതരാകുന്നു. ഇത് അവരുടെ ഗാർഹിക ചെലവുകളെ താറുമാറാക്കുന്നു. നിലവിൽ വരുമാനത്തിന്‍റെ ഭൂരിഭാഗവും ആരോഗ്യ പരിപാലനത്തിനും മരുന്നുകൾക്കും നീക്കിവയ്‌ക്കേണ്ട നിലയുണ്ടാവുന്നു.
ഈ സാഹചര്യം നിയന്ത്രിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, 60% രോഗികളും ഇപ്പോഴും മരുന്നുകൾക്ക് വലിയ തുക മുടക്കാൻ നിർബന്ധിതരാവുന്നു എന്നാണ് കണക്കുകള്‍.