INDIA

ആർഎസ്എസിന്റെ പ്രവർത്തനങ്ങളിൽ ഇനി സർക്കാർ ജീവനക്കാർക്ക് പങ്കെടുക്കാം; 58 വർഷം പഴക്കമുള്ള ഉത്തരവ് റദ്ദാക്കി കേന്ദ്ര സർക്കാർ

1966 മുതൽ പുറപ്പെടുവിക്കപ്പെട്ട ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടുള്ള ഈ തീരുമാനത്തോടെ സർക്കാർ ജീവനക്കാർക്ക് തടസ്സങ്ങളില്ലാതെ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയും.

വെബ് ഡെസ്ക്

രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിന് ദീർഘകാലമായി ഏർപ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രം പിൻവലിച്ചു. 1966 നവംബർ 30, 1970 ജൂലൈ 25, 1980 ഒക്ടോബർ 28 മുതലായ തീയതികളിൽ പുറപ്പെടുവിച്ചിരുന്ന ഉത്തരവുകൾ റദ്ദാക്കിയ ഈ തീരുമാനം സർക്കാർ ജീവനക്കാർക്ക് ആർഎസ്എസ്സിന്റെ പ്രവർത്തനങ്ങളിൽ തടസങ്ങളേതുമില്ലാതെ പ്രവർത്തിക്കുന്നതിന് വഴിയൊരുക്കും.

1948ൽ മഹാത്മാ ഗാന്ധിയുടെ വധത്തോടെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലാണ് ആർഎസ്എസിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരെ വിലക്കിക്കൊണ്ടുള്ള ആദ്യ ഉത്തരവ് പുറപ്പെടുവിക്കുന്നത്. പിന്നീട് ഈ ഉത്തരവ് പിൻവലിക്കപ്പെട്ടുവെങ്കിലും 1966ഓടെ കൂടി സംഘടനയുടെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും തരത്തിൽ ഭാഗമാകുന്നതിൽ നിന്നും സർക്കാർ ജീവനക്കാരെ ഔദ്യോഗികമായി വിലക്കിക്കൊണ്ടുള്ള ഉത്തരവ് അന്നത്തെ ഇന്ദിര ഗാന്ധി സർക്കാർ പുറപ്പെടുവിക്കുകയായിരുന്നു. 58 വർഷത്തോളം പഴക്കമുള്ള ഈ ഉത്തരവ് പിൻവലിക്കുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

2024 ജൂൺ 4ന് ശേഷം വഷളായ ആർഎസ്എസിന്റെയും നരേന്ദ്ര മോദിയുടെയും ബന്ധം ബലപ്പെടുത്തുന്നതിനായാണ് ഈ നീക്കമെന്നു മുതിർന്ന കോൺഗ്രസ് നേതാവായ ജയറാം രമേശ് സമൂഹമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ആരോപിച്ചു. അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്തു പോലും നിലനിന്നിരുന്ന ഈ വിലക്ക് പിൻവലിക്കുന്നതിലൂടെ ഉദ്യോഗസ്ഥവൃന്ദത്തിനു ഇനി കാക്കി നിക്കർ ധരിച്ച് ജോലിക്കെത്താൻ കഴിയുമെന്നും അദ്ദേഹം പരിഹസിച്ചു. ആറ് പതിറ്റാണ്ടായി തുടരുന്ന ഉത്തരവ് കേന്ദ്രസർക്കാർ റദ്ദാക്കിയതിനെ കോൺഗ്രസ് നേതാവ് പവൻ ഖേദയും വിമർശിച്ചു.

1966ലെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും ഇത് പിൻവലിച്ചതിന് നരേന്ദ്ര മോദി സർക്കാർ പ്രശംസ അർഹിക്കുന്നുവെന്നും വിമർശനങ്ങൾക്ക് മറുപടിയായി ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു.എന്നാൽ ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി കേന്ദത്തിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ആർഎസ്എസ് പ്രത്യയശാസ്ത്രത്തോടുള്ള കൂറ് പരസ്യമായി പ്രകടിപ്പിക്കാൻ ഈ ഉത്തരവ് കാരണമായേക്കും എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

ഇന്ത്യൻ രാഷ്രീയത്തിൽ നിരവധി തവണ തർക്കവിഷയമായിട്ടുള്ള സംഘടനയാണ് ആർഎസ്എസ്. പല കാരണങ്ങളാൽ പല തവണ ഇന്ത്യത്തിൽ നിരോധിക്കപ്പെട്ട ഈ സംഘടനയുമായി ബന്ധപ്പെട്ട് കേന്ദ്രം പുറപ്പെടുവിച്ച ഈ ഉത്തരവ് വരും ദിവസങ്ങളിൽ ചർച്ചകൾക്ക് വഴി വെച്ചേക്കാം.

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?