INDIA

കേന്ദ്രത്തിന് നിസഹകരണം, നയതന്ത്ര പാസ്‍പോർട്ട്‌ റദ്ദാക്കാൻ നീക്കമില്ല; പ്രജ്വൽ രേവണ്ണയുടെ വരവ് വൈകും

അറസ്റ്റ് വാറന്റുണ്ടായിട്ടും നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള കർണാടക സർക്കാരിന്റെ ആവശ്യം വിദേശകാര്യ മന്ത്രാലയം ചെവികൊണ്ടിട്ടില്ല

ദ ഫോർത്ത് - ബെംഗളൂരു

ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പട്ടതിനെത്തുടർന്ന് ജർമനിയിലേക്കു കടന്ന ഹാസൻ എംപി പ്രജ്വൽ രേവണ്ണയെ തിരിയെത്തിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ മെല്ലെപ്പോക്ക്. പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന കർണാടക ആഭ്യന്തര  വകുപ്പിന്റെ അഭ്യർഥനയില്‍ വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് പ്രതികരണമില്ല. ആഭ്യന്തരമന്ത്രി  ഡോ. ജി പരമേശ്വരയാണ് ഇക്കാര്യം മാധ്യമങ്ങളോട്  വെളിപ്പെടുത്തിയത്.

അറസ്റ്റ് വാറന്റുണ്ടെങ്കിൽ മാത്രമേ നയതന്ത്ര പരിരക്ഷയുള്ള വ്യക്തിയെ വിദേശത്തുനിന്ന് പിടികൂടാനാകൂയെന്നായിരുന്നു നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. എന്നാൽ, ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതിയിനിന്ന് പ്രജ്വലിനെതിരെ അറസ്റ്റ്  വാറന്റ് നേടി അന്വേഷണസംഘം പാസ്പോർട്ട് റദ്ദാക്കാൻ  അപേക്ഷ നൽകിയിട്ടും മന്ത്രാലയത്തിന് ഒരു കുലുക്കവുമില്ല. കേന്ദ്ര സർക്കാരിന്റെ ഈ  വിഷയത്തിലുള്ള നിസ്സ ഹകരണം നേരത്തെ തന്നെ കർണാടക സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 

നയതന്ത്രപരിരക്ഷ  ഇല്ലാതാകുന്നതോടെ ഇന്റർപോളിന്റെ സഹായത്തോടെ പ്രജ്വലിനെ പിടികൂടി നാട്ടിലെത്തിക്കാൻ  എളുപ്പമാണ്. ബ്ലൂ- റെഡ്  കോർണർ നോട്ടിസുകൾ സിബിഐ  പുറപ്പെടുവിച്ചിട്ടും പ്രജ്വലിനെ ഇതുവരെ ജർമനിയിൽ  കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിദേശകാര്യ മന്ത്രാലയ  വൃത്തങ്ങൾ അനൗദ്യോഗികമായി അറിയിക്കുന്നത്.

ഏപ്രിൽ  27നു ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി  രാജ്യംവിട്ട പ്രജ്വൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ട്  വിമാനത്താവളത്തിൽ ഇറങ്ങിയതായി രേഖയുണ്ട്. എന്നാൽ ഹാസനിലും തുടർന്ന് രാജ്യത്തുടനീളവും ലൈംഗികാതിക്രമക്കേസ് ചർച്ചയായതോടെ പ്രജ്വൽ  കുടുംബാംഗങ്ങളേപ്പോലും ബന്ധപ്പെടുന്നത്  നിർത്തുകയായിരുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കു  പ്രജ്വൽ യാത്ര ചെയ്തതായാണ് വിവരം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രജ്വലിനായി വലവിരിച്ച്‌ അന്വേഷണ സംഘം 22 ദിവസമായി കാത്തിരിപ്പാണ്‌. 

കർണാടകയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്ന മേയ് ഏഴിനു ശേഷം പ്രജ്വൽ തിരിച്ചെത്തിയാൽ മതിയെന്നായിരുന്നു  ജെഡിഎസിന്റെ സഖ്യ കക്ഷിയായ ബിജെപി സ്വീകരിച്ച  നിലപാട്. ഇത് പ്രകാരം മേയ് 15ന് പ്രജ്വൽ തിരികെയെത്തുമെന്നു റിപ്പോർട്ടുണ്ടായി. എന്നാൽ യാത്രക്കൊരുങ്ങുമ്പോൾ എടുത്ത ഈ ദിവസത്തെ മടക്ക ടിക്കറ്റ് പ്രജ്വൽ റദ്ദാക്കുകയായിരുന്നു. ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടാലാണ് ഇതിനു  പിന്നില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ലോക്സഭാ  തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയായാൽ മാത്രം തിരിച്ചെത്തി പ്രജ്വൽ അറസ്റ്റ് വരിച്ചാൽ മതിയെന്നാണ് ബിജെപി ദേശീയനേതൃത്വം നിർദേശിച്ചിരിക്കുന്നതെന്നാണ് വിവരം.

നാരിശക്തിയെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും  പ്രസംഗിച്ചു വോട്ടഭ്യർഥിക്കുന്ന ബിജെപിക്കു പ്രജ്വലിന്റെ അറസ്റ്റ്  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരിച്ചടിയായേക്കുമെന്നാണ്  നേതാക്കളുടെ  വിലയിരുത്തൽ. ജെഡിഎസ് നേതൃത്വം  പ്രജ്വലിനോട് ഉടൻ മടങ്ങിവരാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും  അതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന വാദമാണ് ഉയരുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ജൂൺ ഒന്നിന് നടക്കേണ്ട അവസാനഘട്ട തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പ്രജ്വൽ  മടങ്ങിയെത്തൂയെന്ന സൂചനയാണ്  ലഭിക്കുന്നത്. നിലവിൽ മൂന്നു സ്ത്രീകൾ നൽകിയ ലൈംഗികാതിക്രമ കേസുകളാണ് പ്രജ്വൽ രേവണ്ണയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം