INDIA

ഐപിസിയും സിആര്‍പിസിയും ചരിത്രത്തിലേക്ക്; ജൂലൈ ഒന്നുമുതല്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍, വിജ്ഞാപനം ഇറങ്ങി

2023 ഓഗസ്റ്റ് 11ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ച ബില്ല് പിന്നീട് ഡിസംബറിൽ താൽകാലികമായി കേന്ദ്രം പിൻവലിക്കുകയായിരുന്നു

വെബ് ഡെസ്ക്

പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിതയും ഭാരതീയ നാഗരിക സുരക്ഷാ (രണ്ടാം) സംഹിതയും, ഭാരതീയ സാക്ഷ്യ അധിനിയമവും ജൂലൈ ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര സർക്കാർ. 1860-ൽ നിലവിൽ വന്ന ഇന്ത്യൻ പീനൽ കോഡിനും (ഐപിസി) 1973-ൽ അവതരിപ്പിക്കപ്പെട്ട കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയറിനും (സിആർപിസി) 1872-ൽ അവതരിപ്പിക്കപ്പെട്ട ഇന്ത്യൻ എവിഡൻസ് ആക്ടിനും പകരമാണ് പുതിയ നിയമങ്ങള്‍ കേന്ദ്രം അവതരിപ്പിച്ചത്.

2023 ഓഗസ്റ്റ് 11ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ച ബില്ല് പിന്നീട് ഡിസംബറിൽ താൽകാലികമായി പിന്‍വലിച്ചിരുന്നു. പാർലമെന്ററി സമിതി നൽകിയ ശിപാര്‍ശകൾ കൂടി ഉൾപ്പെടുത്തി വീണ്ടും അവതരിപ്പിക്കാൻ വേണ്ടിയായിരുന്നു പിൻവലിച്ചത്. ബിജെപി എംപി ബ്രിജ് ലാലായിരുന്നു സമിതിയുടെ അധ്യക്ഷൻ. പിന്നീട് ബില്ല് വീണ്ടും അവതരിപ്പിച്ചു.

ഈ മൂന്ന് ക്രിമിനൽ നിയമങ്ങൾ രാജ്യത്തുടനീളം നടപ്പാക്കാൻ ഒൻപത് മാസം മുതൽ ഒരു വർഷം വരെ സമയം എടുക്കും. അടുത്ത രണ്ട് മാസത്തിനുള്ളിൽ അഹമ്മദാബാദിൽ പൈലറ്റ് പ്രൊജക്റ്റ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എല്ലാ പ്രധാന ഉദ്യോഗസ്ഥരും വിഷയത്തിൽ പരിശീലനം നേടിയവരാണെന്ന് ഉറപ്പാക്കാൻ ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന് (ബിപിആർ ആൻഡ് ഡി) കീഴിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ട്രെയിനിങ്-ഓഫ്-ട്രെയിനേഴ്സ് (ടിഒടി) പ്രോഗ്രാമിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും പരിശീലിപ്പിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള 3,000 ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജുഡീഷ്യറിയെ പരിശീലിപ്പിക്കാൻ ബിപിആർ ആൻഡ് ഡിയുടെ ഭോപ്പാൽ ആസ്ഥാനമായുള്ള സെൻട്രൽ അക്കാദമി ഫോർ പോലീസ് ട്രെയിനിങ്ങിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പുതിയ നിയമങ്ങൾ ഫോറൻസിക്-അധിഷ്ഠിത അന്വേഷണങ്ങൾക്ക് പ്രാധാന്യം നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ആറ് മാസത്തിനുള്ളിൽ 885 പോലീസ് ജില്ലകളിലായി 900 ഫോറൻസിക് സയൻസ് ലബോറട്ടറി വാനുകൾ പുറത്തിറക്കും. 75 പോലീസ് ജില്ലകളിൽ ഇതിനോടകം ഇതിന്റെ പണി പൂർത്തിയാക്കിയിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സൻഹിത പ്രകാരം ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുള്ള കേസുകളിൽ ഫോറൻസിക് പരിശോധന നിർബന്ധമാണ്.

നേരത്തെ ഉണ്ടായിരുന്ന നിയമങ്ങളുടെ കേവലം ഹിന്ദി വിവർത്തനം മാത്രമാണ് ഇത് എന്നും, കൊളോണിയൽ നിയമങ്ങൾ മാറ്റുന്നു എന്ന അവകാശവാദത്തോടെ അവതരിപ്പിച്ച പുതിയ നിയമങ്ങൾ കൊളോണിയൽ നിയമത്തെ പുതിയ രീതിയിൽ അവതരിപ്പിക്കുകയാണെന്നും നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമങ്ങളെ എതിർത്തുകൊണ്ട് എട്ടോളം എംപിമാർ വിയോജനക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ