കലാപം തുടരുന്ന മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കേന്ദ്രം. ഗവർണറുടെ മേൽനോട്ടത്തിലുള്ള സമിതിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം അംഗങ്ങളാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിനെ വഞ്ചിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
മണിപ്പൂരില്‍ ഇത്രയും വലിയ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് അവിടെയുള്ള ജനങ്ങളുടെ മുറിവില്‍ ഉപ്പ് പുരട്ടുന്നതിന് തുല്യമെന്ന് ഖാര്‍ഗെ
മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏതാനും മന്ത്രിമാരും എംപിമാരും എംഎല്‍എമാരും വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളുമാണ് സമാധാന സമിതിയിലെ അംഗങ്ങൾ. ഇവരെ കൂടാതെ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും സമിതിയില്‍ ഉള്‍പ്പെടുന്നു. അതിനിടെ സംസ്ഥാനത്തെ ഇന്റർനെറ്റ് നിരോധനം ഈ മാസം 15 വരെ നീട്ടി. മെയ് മൂന്നിനാണ് സംസ്ഥാനത്ത് ആദ്യമായി ഇന്റർനെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. കലാപത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാനാണ് നടപടിയെന്നാണ് വിശദീകരണം.
കഴിഞ്ഞ മാസം ആദ്യം മുതല്‍ സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന വംശീയ കലാപത്തില്‍ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ രാജ്യത്ത് ഇത്തരമൊരു സംഭവമുണ്ടായിട്ടും പ്രധാനമന്ത്രി സമാധാന ശ്രമങ്ങളുമായി മുന്നോട്ട് വരാത്തതിനെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെ കുറ്റപ്പെടുത്തി. ''നരേന്ദ്ര മോദി ജി, 2023 മെയ് മൂന്നിന് സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടു. അവിടേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയെ അയക്കാന്‍ ഒരു മാസം സമയമെടുത്തു. ആഭ്യന്തരമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷവും മണിപ്പൂരില്‍ കലാപം തുടരുകയാണ്. മണിപ്പൂർ കലാപത്തിൽ നിങ്ങളുടെ മൗനം അവിടുത്തെ ജനങ്ങളുടെ മുറിവിൽ ഉപ്പ് പുരട്ടുന്നതാണ്'' ഖാര്‍ഗെ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി എന്ന നിലയില്‍ മോദിക്ക് സമാധാന അഭ്യര്‍ഥനകള്‍ നടത്താമായിരുന്നു, അത് ചെയ്യാതെ മണിപ്പൂരിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഖാർഗെ പറഞ്ഞു. വടക്ക്-കിഴക്കന്‍ സംസ്ഥാനത്തെ ഇന്നത്തെ ഈ അവസഥയ്ക്ക് കാരണം ഭരണകക്ഷിയായ ബിജെപിയും അവരുടെ വിഭജന രാഷ്ട്രീയവും ആണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള സമിതി കലാപം അന്വേഷിക്കുന്നുണ്ട്. വിരമിച്ച ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥരായ ഹിമാൻഷു ശേഖർ ദാസ്, അലോക പ്രഭാകർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ആറ് സംഭവങ്ങളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ഇതിനിടെ ഉണ്ടായ പുതിയ അക്രമസംഭവങ്ങളിൽ കഴിഞ്ഞ ദിവസം മൂന്ന് പേർ കൂടി കൊല്ലപ്പെട്ടിരുന്നു.