INDIA

സെന്റർ ഫോർ പോളിസി റിസർച്ചിന്റെ വിദേശ വിനിമയ ലൈസൻസ് സസ്പെൻഡ് ചെയ്തു

വെബ് ഡെസ്ക്

സെന്റർ ഫോർ പോളിസി റിസർച്ച് (സിപിആർ) എന്ന സംഘടനയുടെ വിദേശ വിനിമയ ലൈസൻസ് റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശ വിനിമയ ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. 180 ദിവസത്തേക്ക് ലൈസൻസ് റദ്ദാക്കിയ വിവരം സംഘടന വെബ്സൈറ്റില്‍ പങ്കുവച്ചിട്ടുണ്ട്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന സംഘടനയായ സിപിആർ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്നതിന്റെ പേരില്‍ പ്രസിദ്ധമാണ്. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകളായ യാമിനി അയ്യരാണ് സെന്റർ ഫോർ പോളിസി റിസർച്ചിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവും.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിപെന്‍ഡന്റ് ആന്റ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍, സെന്റര്‍ ഫോര്‍ പോളിസി റിസേര്‍ച്ച്, ഓക്‌സ്ഫാം ഇന്ത്യ എന്നീ സംഘടനകളുടെ ഡല്‍ഹി ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് നടപടി.

ഫണ്ടിങ് മാനദണ്ഡങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ലഭിച്ച സൂചനകളെ തുടർന്ന് സിപിആറിന്റെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ലൈസൻസ് സസ്പെൻഡ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അന്വേഷണം നടക്കുകയാണെന്നും ആറ് മാസത്തിനുള്ളിൽ കൂടുതൽ തീരുമാനങ്ങളെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഘടനയുടെ ലൈസൻസ് കാലാവധി സെപ്റ്റംബർ 30-ന് അവസാനിച്ചിരുന്നു.

ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ചിൽ നിന്ന് സിപിആർ സഹായധനം സ്വീകരിക്കുന്നുണ്ടെന്ന് സംഘടന വെബ്സൈറ്റില്‍ വ്യക്തമാക്കി. കൂടാതെ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അംഗീകൃത സ്ഥാപനവുമാണിത്. വിവിധ ഫൗണ്ടേഷനുകൾ, കോർപ്പറേറ്റുകള്‍, ജീവകാരുണ്യ സംഘടനകള്‍, ബഹുമുഖ ഏജൻസികൾ എന്നിവയുൾപ്പെടെ വിവിധ ആഭ്യന്തര, അന്തർദേശീയ ഉറവിടങ്ങളിൽ നിന്ന് സഹായധനം സ്വീകരിക്കാറുണ്ടെന്നും സംഘടന വ്യക്തമാക്കി.

ദ കാരവന്‍, സ്വരാജ്യ, ദ പ്രിന്റ് എന്നീ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്ന കൂട്ടായ്മയാണ് ഐപിഎസ്എംഎഫ്

മാധ്യമങ്ങളെ പിന്തുണയ്ക്കുന്ന സന്നദ്ധ സംഘടനകളുടെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. ഡല്‍ഹി ആസ്ഥാനമായാണ് ഇന്‍ഡിപെന്‍ഡന്റ് ആന്റ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍, തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ പോളിസി റിസേര്‍ച്ച്, ഓക്‌സ്ഫാം ഇന്ത്യ എന്നീ സംഘടനകളുടെ പ്രവര്‍ത്തനം. ഡല്‍ഹി ഓഫീസുകളിലാണ് ഇന്‍കം ടാക്‌സ് പരിശോധന നടത്തിയത്. എന്നാല്‍ നടത്തിയത് റെയ്ഡ് അല്ലെന്നും 'സര്‍വ്വേ' മാത്രമാണെന്നും ആദായ നികുതി വകുപ്പ് പ്രതികരിച്ചിരുന്നു. ദ കാരവന്‍, സ്വരാജ്യ, ദ പ്രിന്റ് എന്നീ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്ന കൂട്ടായ്മയാണ് ഐപിഎസ്എംഎഫ്.

മറ്റ് സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതും എന്നാല്‍ അംഗീകൃതമല്ലാത്തതുമായ 20 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ട് ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നടത്തിയ 'സര്‍വ്വേ' നടപടിക്ക് സമാനമാണ് നടപടിയെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമാണ് ആദായ നികുതി വകുപ്പിന്റെ നീക്കമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഐപിഎസ്എംഎഫ് പിന്തുണയ്ക്കുന്ന 'ദ കാരവന്‍' പ്രസിദ്ധീകരിച്ച ഒരു കവര്‍ സ്റ്റോറി ചര്‍ച്ചയായിരുന്നു. 2002 ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ടിനെ എണ്ണിയെണ്ണി ചോദ്യം ചെയ്യുന്ന വാര്‍ത്താലേഖനമാണ് കാരവന്‍ വെബ്‌സൈറ്റിലുള്‍പ്പെടെ പബ്ലിഷ് ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.

ചിന്തകനും ബിജെപി വിമര്‍ശകനുമായ പ്രതാപ് ഭാനു മെഹ്തയാണ് മുന്‍പ് തിങ്ക് ടാങ്കിന് നേതൃത്വം നല്‍കിയിരുന്നത്. നിലവില്‍ മീനാക്ഷി ഗോപിനാഥാണ് ചുമതല വഹിക്കുന്നത്. ജെഎന്‍യുവില്‍ അധ്യാപികയും ശ്രീ രാം കോളേജിന്റെ പ്രധാന അധ്യാപികയുമായിരുന്നു മീനാക്ഷി ഗോപിനാഥ്. 1973ലാണ് സിപിആര്‍ സ്ഥാപിച്ചത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം