സംരക്ഷിത വനങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശത്തെ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. സുപ്രീം കോടതി വിധിയിലെ സെഷൻ 44 (എ), 44 (ഇ) വകുപ്പുകൾ പുന:പരിശോധിക്കണമെന്നാകും ആവശ്യപ്പെടുക. പരിസ്ഥിതി ലോലമാക്കണമെന്ന ഉത്തരവിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു.
പരിസ്ഥിതി ലോല വിഷയത്തില്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി ജനാഭിപ്രായം പരിഗണിക്കും. ഗാഡ്ഗിൽ, കസ്തൂരി രംഗൻ കമ്മറ്റികൾ പ്രകാരം പരിസ്ഥിതി ദുർബലമായ പ്രദേശങ്ങളെ കേന്ദ്രത്തിന് പരിഗണിക്കണം. കോടതിയെ സാധുത ബോധ്യപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഭൂപേന്ദ്ര യാദവ് പറഞ്ഞു. കോടതി വ്യക്തമാക്കേണ്ട പല കാര്യങ്ങളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്യ ജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളും ക്യഷിയിടങ്ങളും ഒഴിവാക്കണമെന്നാണ് കേരളത്തിന്‍റെ പ്രധാന ആവശ്യം. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണം. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പരിഷ്കാരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും കേരളം ആവശ്യപ്പെടുന്നു.