-
INDIA

ജോഷിമഠ് ഇടിഞ്ഞുതാഴുന്നു; പലായന ഭീതിയില്‍ ജനങ്ങള്‍; മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് വിദഗ്ദര്‍

വെബ് ഡെസ്ക്

ഉത്തരാഖണ്ഡിലെ ജോഷിമഠിനെ ആശങ്കയിലാഴ്ത്തി ഭൂമിയില്‍ വിള്ളല്‍ വീഴുന്നതും മണ്ണിടിഞ്ഞുതാഴുന്നതും തുടരുന്നു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതോടെ ജനങ്ങള്‍ പലായന ഭീതിയിലാണ്. നിരവധി കുടുംബങ്ങള്‍ ഇതിനോടകം നഗരം വിട്ടു. അപൂർവ പ്രതിഭാസത്തിന് കാരണം അശാസ്ത്രീയ നിർമാണമാണെന്ന് കാട്ടി നാട്ടുകാർ സർക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. അതേസമയം, കേന്ദ്ര സർക്കാർ വിഷയം അടിയന്തരമായി പഠിക്കാൻ സമിതി രൂപീകരിച്ചു. മൂന്ന് ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലാണ് ജോഷിമഠ് നഗരം. ഡിസംബർ 24 മുതലാണ് ഭൂമിയില്‍ വിള്ളല്‍ വീണുതുടങ്ങിയത് പ്രകടമായത്. ജനുവരി ആദ്യ ദിവസങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണുതുടങ്ങിയതോടെയാണ് ആശങ്കയേറിയത്. ഇതിനകം അഞ്ഞൂറോളം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. വിദഗ്ധരുടെ ഒരു സംഘം അടുത്തിടെ ജോഷിമഠില്‍ ഒരു സര്‍വേ നടത്തുകയും പ്രദേശവാസികളുടെ ആശങ്ക സത്യമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ജോഷിമഠിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ഇന്നലെ ചേർന്ന ഉന്നത തല യോഗത്തിന് ശേഷം ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോഷിമഠില്‍ വീടുകള്‍ക്ക് ഉണ്ടായ വിള്ളല്‍

ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോര പട്ടണമാണ് ജോഷിമഠ്. ബദരീനാഥ്, ഔലി, ഹേമകുണ്ഡ് സാഹിബ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് ഒരു രാത്രി വിശ്രമ കേന്ദ്രമാകുന്ന ഈ നഗരം വിനോദസഞ്ചാരത്തിന് കൂടി പേരുകേട്ടതാണ്.

വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനാലാണ് അപകടമുണ്ടായതെന്നാണ് ഉയരുന്ന ആക്ഷേപം. ഭൗമശാസ്ത്രജ്ഞർ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജീവനും സ്വത്തിനും ഭീഷണിയായേക്കാവുന്ന ഗുരുതരമായ പ്രശ്നത്തെ സൂചിപ്പിക്കുന്ന ആദ്യത്തെ റിപ്പോര്‍ട്ട് വന്നത് 1976-ലാണ്. ആ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയോഗിച്ച മിശ്ര കമ്മീഷന്‍ നിര്‍ണായകമായ ഒരു വിവരത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. ജോഷിമഠ് സ്ഥിതിചെയ്യുന്നത് പരമ്പരാഗതമായി മണ്ണിടിയുന്ന ഭൂമിയിലാണ്. നിര്‍മാണ പ്രവർത്തനങ്ങള്‍ വർധിച്ചതും, ജലവൈദ്യുത പദ്ധതികള്‍, ദേശീയ പാതയുടെ വീതി കൂട്ടല്‍ എന്നിവ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇവിടത്തെ ഭൂമിയെ കൂടുതല്‍ അസ്ഥിരമാക്കിയെന്നാണ് വിലയിരുത്തലുകള്‍.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?