അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ജെഎംഎം നേതാവ് ചംപയ് സോറനെ ക്ഷണിച്ച് ഗവര്‍ണര്‍. പത്തു ദിവസത്തിനകം സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം. എംഎല്‍എമാരുടെ പിന്തുണ കത്തുമായി ചംപയ് സോറന്‍ ഇന്നലെ രാത്രി വീണ്ടും ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ കണ്ടതിന് പിന്നാലെയാണ് നടപടി.
ഭൂമി കുഭംകോണ കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. ചംപയ് സോറനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം തന്നെ ജെഎംഎം എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.
''ബിജെപിയെ സഹായിക്കാനാണ് ഗവര്‍ണര്‍ നടപടി വൈകിപ്പിക്കുന്നതെന്ന് ജെഎംഎം ആരോപിച്ചിരുന്നു. ''പതിനെട്ട് മണിക്കൂറായി സംസ്ഥാനത്ത് സര്‍ക്കാരില്ല. ആശയക്കുഴപ്പത്തിന്റെ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഭരണഘടന തലവന്‍ എന്ന നിലയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'', ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ചംപയ് സോറന്‍ അഭ്യര്‍ഥിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ ജാര്‍ഖണ്ഡില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ജെഎംഎം എംഎല്‍എമാരെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയിലേക്ക് ഇവരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഭരണകക്ഷി എംഎല്‍എമാര്‍ റാഞ്ചിയിലെ സിര്‍സ മുണ്ട വിമാനത്താവളത്തില്‍ എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയത് തിരിച്ചടിയായി.
എംഎല്‍എമാര്‍ വിമാനത്തില്‍ കയറിയതിന് ശേഷമാണ് സര്‍വീസ് നടത്താന്‍ സാധ്യമല്ലെന്ന അറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് പുറത്തിറങ്ങിയ എംഎല്‍എമാരെ നഗരത്തിന് പുറത്തുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. ഹൈദരാബാദില്‍ എത്തുന്ന എംഎല്‍എമാരെ റിസോര്‍ട്ടില്‍ എത്തിക്കാനായി ഹൈദരാബാദ് വിമാനത്താവളത്തിന് മുന്നില്‍ ബസുകള്‍ തയാറാക്കി നിര്‍ത്തിയിരുന്നു.
81 അംഗ നിയമസഭയില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് 47 എംഎല്‍എമാരാണുള്ളത്. 41 എംഎല്‍എമാരുടെ പിന്തുണയാണ് കേലല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ 43 എംഎല്‍എമാരുടെ പിന്തുണ ചംപയ് സോറനുണ്ട്. ബിജെപിക്ക് 25 എംഎല്‍എമാരാണുള്ളത്. ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന് മൂന്നു എംഎല്‍എമാരുമുണ്ട്.