സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സുപ്രീം കോടതിയിൽ. എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി തള്ളിയ ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഇന്ന് സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തത്. ഹർജി തള്ളിയതിനെത്തുടർന്ന് ആന്ധ്രാപ്രദേശ് സിഐഡിക്ക് നായിഡുവിനെ ചോദ്യം ചെയ്യുന്നതിനായി വിജയവാഡ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടി നേതാവായ ചന്ദ്രബാബു നായിഡു സെപ്റ്റംബർ 10നാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് 2021ലാണ് ആന്ധ്രാപ്രദേശ് സിഐഡി എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്. കേസിൽ 37-ാം പ്രതിയാണ് നായിഡു.
അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17എ പ്രകാരമുള്ള മുൻകൂർ അനുമതി എഫ്‌ഐആറിന് ആവശ്യമാണെന്ന് നായിഡുവിന് വേണ്ടി മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെയും സിദ്ധാർത്ഥ് ലുത്രയും ഉന്നയിച്ച വാദം ഇന്നലെ ഹൈക്കോടതി ജസ്റ്റിസ് കെ ശ്രീനിവാസ് റെഡ്ഡിയുടെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
രേഖകൾ കെട്ടിച്ചമച്ചതും പണം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഔദ്യോഗിക ചുമതലകളുടെ നിർവ്വഹണമായി കണക്കാക്കാനാവില്ലെന്നും അതിനാൽ സെക്ഷൻ 17 എ കണക്കിലെടുക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 2021ൽ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ അടിസ്ഥാനത്തിൽ സിഐഡി 140-ലധികം സാക്ഷികളെ വിസ്തരിക്കുകയും 4000-ത്തിലധികം രേഖകൾ ശേഖരിക്കുകയും ചെയ്‌തിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.