അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെ വിജയവാഡയിലെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കോടതിയിൽ ഹാജരാക്കി. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് ചന്ദ്രബാബു നായിഡുവിനെ കോടതിയിൽ ഹാജരാക്കിയത്. ചന്ദ്രബാബുവിനെ ഒന്നാംപ്രതിയാക്കി ആന്ധ്രാ പോലീസിലെ സിഐഡി വിഭാഗം കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചു.
10 വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചന്ദ്രബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകൻ സിദ്ധാർഥ് ലൂത്രയാണ് ചന്ദ്രബാബു നായിഡുവിനുവേണ്ടി ഹാജരാകുന്നത്. കനത്ത സുരക്ഷയിലാണ് ചന്ദ്രബാബുവിനെ കോടതിയിലേക്ക് കൊണ്ടുവന്നത്. നായിഡുവിന്റെ മകൻ നാരാ ലോകേഷും ടിഡിപി നേതാക്കളും കോടതിയിൽ എത്തിയിരുന്നു.
കുഞ്ചനപ്പള്ളിയിലെ സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ 10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലര്‍ച്ചെ 3.40ന് ചന്ദ്രബാബു നായിഡുവിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയിരുന്നു. 50 മിനിറ്റോളം നീണ്ടുനിന്ന പരിശോധനകൾക്ക് ശേഷം ചന്ദ്രബാബുവിനെ നേരിട്ട് പ്രാദേശിക കോടതിയിലേക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തിരികെ എസ്ഐടി ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീടാണ് എസിബി കോടതിയില്‍ നായിഡുവിനെ ഹാജരാക്കുന്നത്.
നായിഡുവിനെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പോലീസ് മനഃപ്പൂർവം വൈകിപ്പിച്ചെന്നും ഉറക്കം നിഷേധിച്ചെന്നും ടിഡിപി നേതാക്കൾ ആരോപിച്ചു. സർക്കാർ കള്ളക്കേസ് ചുമത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് നായിഡുവും ആരോപിച്ചു.
അഴിമതിക്കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് ചന്ദ്രബാബു നായിഡുവിനെ ആന്ധ്രാപ്രദേശ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തത്. നന്ദ്യാൽ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെയും നേതൃത്വത്തിൽ പുലർച്ചെ 3 മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്. നൈപുണ്യ വികസന പദ്ധതി എന്ന രീതിയിൽ എപി സ്കിൽ ഡെവലപ്മെന്റ് പദ്ധതിയുമായി അഴിമതിക്കേസിലാണ് അറസ്റ്റ്. 371 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. കേസിൽ 37-ാം പ്രതിയായിരുന്നു നായിഡു.