തെലങ്കാനയില്‍ മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ കാലത്തുള്ള ഔദ്യോഗിക ചിഹ്നവും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും മാറ്റാനൊരുങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍. തെലങ്കാനയുടെ പ്രതീകമായി സ്ഥാപിച്ചിട്ടുള്ള തെലങ്കാന തള്ളി പ്രതിമയിലും രൂപമാറ്റം വരുത്താന്‍ രേവന്ത് റെഡ്ഡി സര്‍ക്കാര്‍ തീരുമാനിച്ചു. ഔദ്യോഗിക ഗാനമായി 'ജയജയ ജയഹേ തെലങ്കാന' എന്ന ഗാനം തിരഞ്ഞെടുത്തു. തെലങ്കാന പ്രക്ഷോഭകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ഗാനം, കെസിആര്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗാനമായി അംഗീകരിച്ചിരുന്നില്ല.
വാഹനങ്ങളിലെ 'ടിഎസ്' എന്ന നമ്പര്‍ പ്ലേറ്റ് മാറ്റി 'ടിജി' എന്നാക്കും. പ്രക്ഷോഭ സമയത്ത് പ്രതിഷേധ സൂചകമായി തെലങ്കാന മേഖലയിലെ വാഹനങ്ങളില്‍ ടി ജി എന്ന നമ്പര്‍ പ്ലേറ്റ് വെച്ചിരുന്നു. എന്നാല്‍, സംസ്ഥാന രൂപീകരണത്തിന് ശേഷം അധികാരത്തിലെത്തിയ കെസിആര്‍ സര്‍ക്കാര്‍ നമ്പര്‍ പ്ലേറ്റ് ടിഎസ് എന്നാക്കി. തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ മുഴുവന്‍ ക്രെഡിറ്റും എടുക്കാന്‍ ബിആര്‍എസ് ശ്രമിച്ചതിന്റെ ഭാഗമായാണ് ടിഎസ് എന്ന നമ്പര്‍ പ്ലേറ്റ് സ്വീകരിച്ചതെന്ന് നേരത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരന്നു. അന്ന് ടിആര്‍എസ് ആയിരുന്ന ബിആര്‍എസുമായി സാമ്യമുള്ള ടിഎസ് എന്ന നമ്പര്‍ പ്ലേറ്റ് മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
''നമ്പര്‍ പ്ലേറ്റുകളില്‍ ടി ജി ഉപയോഗിക്കുന്നതിന് 2014-ല്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയെങ്കിലും, സംസ്ഥാന സര്‍ക്കാര്‍ ടിഎസ് എന്നത് സ്വീകരിക്കുകയായിരുന്നു. ടിആര്‍എസ് എന്ന പേരിനോട് സാമ്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്'', കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി ശ്രീധര്‍ ബാബു പറഞ്ഞു.
തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ തങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നിരന്തരം അവകാശപ്പെടുന്നതാണ്. തെലങ്കാന പ്രക്ഷോഭത്തിന്റെ ഓര്‍മ്മകള്‍ ജനങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്താനും ഇതുവഴി, തീവ്ര തെലങ്കാന വികാരം ഉണര്‍ത്തി തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അശോക സ്തംഭവും ചാര്‍മിനാറും കാകതീയ സാമ്രാജ്യത്തിന്റെ കവാടവും അടങ്ങിയതാണ് നിലവിലെ തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം. ഇത് മാറ്റാനായി പ്രഗത്ഭരോട് അഭിപ്രായം ആരായും. തെലങ്കാന മേഖലയിലെ സമൃദ്ധിയുടെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്ന തള്ളി പ്രതിമ സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തിനിടെ 2003-ലാണ് ആദ്യമായി രൂപകല്‍പന ചെയ്തത്. 2015-ല്‍ കെസിആര്‍ സര്‍ക്കാര്‍ ചില മാറ്റങ്ങളോടെ ഇത് അംഗീകരിച്ചു. ഒരു കയ്യില്‍ വിളവെടുത്ത ചോളവും മറുകയ്യില്‍ തെലങ്കാനയുടെ സാംസ്‌കാരിക പ്രതീകമായ ബത്തുകമ്മയും പിടിച്ച് നില്‍ക്കുന്ന സ്ത്രീരൂപമാണ് തള്ളി പ്രതിമ. തെലങ്കാനയിലെ പല ഭാഗത്തും സ്ഥാപിക്കപ്പെട്ട തള്ളി പ്രതിമയ്ക്ക് പിങ്ക് നിറമാണ് നല്‍കിയിരിക്കുന്നത്. ഇത് ബിആര്‍എസിന്റെ കൊടിയുടെ നിറമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. 2022-ല്‍ ത്രിവര്‍ണ പതാകയുടെ നിറത്തില്‍ രേവന്ത് റെഡ്ഡി ഒരു തള്ളി പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു.
തെലങ്കാന വികാരം ഉയര്‍ത്തി പിടിച്ചുനിന്ന ബിആര്‍എസിനെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ച് ഒതുക്കിയാണ് കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയത്. തെലങ്കാന പ്രക്ഷോഭകാരികളെയും രക്തസാക്ഷിളെയും ബിആര്‍എസ് അവഗണിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം. നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് ശേഷം, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ ബിആര്‍എസ് ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ്, പുതിയ നീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലും തെലങ്കാന വികാരം തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രചരാണയുധം എന്നാണ് ഇത് നല്‍കുന്ന സൂചന. തെലങ്കാന പ്രക്ഷോഭകാലത്ത് കത്തിനിന്നിരുന്ന ചിഹ്നങ്ങളും മറ്റും കെസിആര്‍ പിന്നീട് ഒഴിവാക്കിയിരുന്നു. ഇതെല്ലാം തിരികെ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തെലങ്കാന പ്രക്ഷോത്തില്‍ ഇടപെട്ട സാഹിത്യ, സാംസ്‌കാരിക പ്രവര്‍കരുടെ സ്മൃതി മണ്ഡപങ്ങള്‍ സ്ഥാപിക്കുന്നതിനു രേവന്ത് റെഡ്ഡി സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നുണ്ട്. രാമചന്ദ്രപുരത്ത് വിപ്ലവ ഗായകന്‍ ഗദ്ദറിന്റെ പ്രതിമ സ്ഥാപിക്കാനായി സര്‍ക്കാര്‍ 1,076 സ്‌ക്വയര്‍ഫീറ്റ് സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്.