INDIA

ആറുവർഷത്തിന് ശേഷം ജമ്മു കാശ്മീരിൽ നിയമസഭാ സമ്മേളനം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രമേയം അവതരിപ്പിച്ച് പിഡിപി എംഎൽഎ, ബഹളം വെച്ച് ബിജെപി അംഗങ്ങൾ

മുതിർന്ന നാഷണൽ കോൺഫറൻസ് (എൻസി) നേതാവ് അബ്ദുൾ റഹീം റാതർ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

വെബ് ഡെസ്ക്

ആറുവർഷത്തിന് ശേഷം ചേർന്ന ജമ്മു കശ്മീർ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ബഹളം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പീപ്പിൾസ് ഡെമോക്രറ്റിക് പാർട്ടി (പിഡിപി) എംഎൽഎ വഹീദ് പാറ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് നിയമസഭയിൽ അംഗങ്ങൾ തമ്മിൽ ബഹളമുണ്ടായത്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന വഹീദ് പാറയുടെ ആവശ്യത്തെ ബിജെപി അംഗങ്ങൾ എതിർക്കുകയായിരുന്നു.

പുൽവാമ എംഎൽഎ വഹീദ്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർ അബ്ദുൾ റഹീം റാത്തറിന് പ്രമേയം സമർപ്പിക്കുകയും അജണ്ടയുടെ ഭാഗമല്ലെങ്കിലും അഞ്ച് ദിവസത്തെ സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. "സഭയുടെ അജണ്ട അന്തിമമായിക്കഴിഞ്ഞെങ്കിലും, സ്പീക്കർ എന്ന നിലയിലുള്ള നിങ്ങളുടെ അധികാരം ജനങ്ങളുടെ വികാരത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ പ്രമേയം ഉൾപ്പെടുത്താൻ അനുവദിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," പ്രമേയത്തിൽ പറയുന്നു.

പ്രമേയം സമർപ്പിച്ചതിന് തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ 28 ബിജെപി എംഎൽഎമാരും നീക്കത്തെ എതിർക്കുകയും എഴുന്നേറ്റ് നിന്ന് നിയമസഭയ്ക്കുള്ളിൽ ബഹളം വെക്കുകയും ആയിരുന്നു. നിയമസഭാ ചട്ടങ്ങൾ ലംഘിച്ച് പ്രമേയം കൊണ്ടുവന്ന വഹീദിനെ സസ്‌പെൻഡ് ചെയ്യണമെന്ന് ബിജെപി എംഎൽഎ ഷംലാൽ ശർമ ആവശ്യപ്പെട്ടു. പ്രതിഷേധിച്ച അംഗങ്ങളോട് ഇരിക്കാൻ സ്പീക്കർ പലതവണ അഭ്യർഥിച്ചെങ്കിലും അവർ ബഹളം തുടരുകയായിരുന്നു. ഇതുവരെ പ്രമേയം അംഗീകരിച്ചിട്ടില്ലെന്ന് സ്പീക്കർ റഹീം റാത്തർ പറഞ്ഞു.

ഈ മാസം എട്ട് വരെയാണ് ജമ്മു കശ്മീർ നിയമസഭയിലെ ആദ്യ സമ്മേളനം നടക്കുക. അസംബ്ലിയുടെ ആദ്യ സെഷൻ നടത്താൻ സഭ സമ്മേളിച്ചതിന് തൊട്ടുപിന്നാലെ മുതിർന്ന നാഷണൽ കോൺഫറൻസ് (എൻസി) നേതാവ് അബ്ദുൾ റഹീം റാതർ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാത്ത ശബ്ദവോട്ടിലൂടെയാണ് ഏഴുതവണ ചരാർ-ഇ-ഷരീഫ് മണ്ഡലം എംഎൽഎയായ റഹീം റാതർ തിരഞ്ഞെടുക്കപ്പെട്ടത്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ജമ്മു കാശ്മീരിൽ അധികാരത്തിൽ വന്ന ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള എൻസി ഗവൺമെൻ്റ്, 2018 നവംബറിൽ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി സർക്കാർ പിരിച്ചുവിട്ടതിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സർക്കാരാണ്.

ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നൽകുന്ന ഭരണഘടനയിലെ വ്യവസ്ഥയായിരുന്നു ആർട്ടിക്കിൾ 370. പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യങ്ങൾ എന്നിവ ഒഴികെയുള്ള ആഭ്യന്തര കാര്യങ്ങളിൽ സംസ്ഥാനത്തിന് അതിൻ്റേതായ ഭരണഘടനയും പതാകയും സ്വയംഭരണാവകാശവും ഈ ആർട്ടിക്കിൾ പ്രകാരം അനുവദിച്ചു. 2019 ഓഗസ്റ്റ് 5-ന്, കേന്ദ്രം ആർട്ടിക്കിൾ 370 റദ്ദാക്കി, ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി ഫലപ്രദമായി നീക്കം ചെയ്യുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുകയും ചെയ്തു.

കൃഷ്ണയ്യരുടെ വിധി സുപ്രീംകോടതി തിരുത്തി; പൊതുനന്മ മുൻനിർത്തി എല്ലാ സ്വകാര്യ ഭൂമിയും സർക്കാരിന് ഏറ്റെടുക്കാനാകില്ല

മുനമ്പം ഭൂതർക്കം: തീരുമാനങ്ങൾ എടുക്കേണ്ടത് നിയമാനുസൃതമായി, പിടിവാശികളില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ

ജീവൻ വേണമെങ്കിൽ അഞ്ചുകോടി നൽകണം, സൽമാൻ ഖാന് വീണ്ടും വധഭീഷണി

അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്, ഇഞ്ചോടിഞ്ച് പോരാട്ടം ഫലപ്രഖ്യാപനം വൈകിപ്പിക്കും

'അച്ചടക്കം ലംഘിച്ചു', സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍