INDIA

പ്രാണപ്രതിഷ്ഠാ ചടങ്ങ്: വിഐപി ചാർട്ടേഡ് വിമാനങ്ങൾ പാർക്ക് ചെയ്യാൻ സജ്ജമാക്കിയത് അഞ്ച് സംസ്ഥാനങ്ങളിലായി 12 വിമാനത്താവളങ്ങൾ

വെബ് ഡെസ്ക്

ജനുവരി 22ന് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുന്ന വിഐപി അതിഥികളെ അയോധ്യയിലേക്ക് കൊണ്ടുപോകുന്ന ചാർട്ടേഡ് വിമാനങ്ങൾ പാർക്ക് ചെയ്യാൻ അഞ്ച് സംസ്ഥാനങ്ങളിലായി 12 വിമാനത്താവളങ്ങൾ സജ്ജമാക്കി സിവിൽ ഏവിയേഷൻ മന്ത്രാലയം. വിമാനങ്ങളുടെ ചിട്ടയായ പാർക്കിങ്ങിന് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുടെ നേതൃത്വത്തിൽ ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നി അഞ്ച് സംസ്ഥാനങ്ങളിലായിട്ടാണ് 12 വിമാനത്താവളങ്ങൾ സജ്ജമാക്കിയിട്ടുള്ളത്.

പുതുതായി ഉദ്ഘാടനം ചെയ്ത അയോധ്യ വിമാനത്താവളത്തിൽ ചാർട്ടേഡ് വിമാനങ്ങൾക്കായി നാല് പാർക്കിംഗ് സ്ഥലങ്ങൾ മാത്രമാണുള്ളത്. ഇവയിൽ ഒരെണ്ണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യ വൺ വിമാനത്തിന് മാത്രമായി റിസർവ് ചെയ്തിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലും സ്ഥലങ്ങളിലുമായി ചാർട്ടേഡ് വിമാനങ്ങളുടെ പാർക്കിങ് ക്രമീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചത്.

ഇതുവരെ 48 ചാർട്ടേഡ് വിമാനങ്ങൾ ഇറക്കാനുള്ള അപേക്ഷകളാണ് ലഭിച്ചുള്ളത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന ഇന്ത്യ വൺ വിമാനം അയോധ്യയിലെത്തുന്നതോടെ മറ്റ് വിമാനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്നും, അതിനാൽ 1,000 കിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളോട് അയോധ്യയിലേക്കെത്തുന്ന അതിഥികളുടെ വിമാനങ്ങൾക്ക് രാത്രി മുഴുവൻ പാർക്കിംഗ് അനുവദിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഎഐ വൃത്തങ്ങൾ വ്യക്തമാക്കി.

ഖജുരാഹോ, ജബൽപൂർ, ഭോപ്പാൽ, ഡെറാഡൂൺ, ലഖ്‌നൗ, പ്രയാഗ്‌രാജ്, കാൺപൂർ, വാരണാസി, ഖുഷിനഗർ, ഗോരഖ്പൂർ, ഗയ, ദിയോഘർ എന്നിവയാണ് ബദൽ മാർഗങ്ങൾക്കായി നിർദ്ദേശിച്ചിട്ടുള്ള വിമാനത്താവളങ്ങൾ.

10 സീറ്റുള്ള ദസ്സാൾട്ട് ഫാൽക്കൺ 2000, എംബ്രയർ 135 എൽആർ & ലെഗസി 650, സെസ്‌ന, ബീച്ച്‌ക്രാഫ്റ്റ് സൂപ്പർ കിംഗ് എയർ 200, ബൊംബാർഡിയർ എന്നിവയുൾപ്പടെയുള്ള അത്യാഢംബര പ്രൈവറ്റ് ജെറ്റുകളാണ് പ്രാണപ്രതിഷ്ഠാദിനം അയോധ്യയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

രാത്രിയിലുള്ള ലാൻഡിങ് ഉൾപ്പടെ എല്ലാ കാലാവസ്ഥയിലും വിമാനം ഇറക്കാനുള്ള രീതിയിൽ സജ്ജമാണ് പുതിയ അയോധ്യ വിമാനത്താവളം. ഇവിടുത്തെ നിലവിലെ സൗകര്യങ്ങൾ അനുസരിച്ച് ഒരേസമയം 10 വലിയ വിമാനങ്ങളും ഒരു ചെറിയ വിമാനവും ഉൾപ്പടെ ഒരേസമയം 12 നോൺ-ഷെഡ്യൂൾഡ് വിമാനങ്ങളെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22 ന് പുതുതായി ഉദ്ഘാടനം ചെയ്ത അയോധ്യ വിമാനത്താവളത്തിൽ 100 ​​ചാർട്ടേഡ് വിമാനങ്ങൾ ഇറങ്ങുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. 2014ൽ ഉത്തർപ്രദേശിൽ ആറ് വിമാനത്താവളങ്ങളേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ സംസ്ഥാനത്തിന് അയോധ്യ വിമാനത്താവളം ഉൾപ്പെടെ 10 വിമാനത്താവളങ്ങളാണുള്ളത്. അടുത്ത വർഷത്തോടെ യുപിയിൽ 5 വിമാനത്താവളങ്ങൾ കൂടി ഉണ്ടാകും എന്ന് കേന്ദ്ര വ്യോമയാന മന്ത്രി പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും