തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ (TSPSC) ചോദ്യപേപ്പർ ചോർച്ച കേസ് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പ്രത്യേക അന്വേഷണസംഘം. ഏഴ് പ്രതികളിൽ ഒരാൾ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിന് ജനറേറ്റീവ് AI ഉപകരണമായ ചാറ്റ് ജിപിടി ഉപയോഗിച്ചതായി കണ്ടെത്തി. പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ഇയർബഡുകൾ വഴിയാണ് പ്രതികൾ മറ്റ് ഉദ്യോഗാർഥികളുമായി ഉത്തരങ്ങൾ പങ്കുവച്ചത്. പ്രത്യേക അന്വേഷണ സംഘമായ എസ്ഐടിയുടെ കണ്ടെത്തലിലാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (എഇഇ), ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ (ഡിഎഒ) എന്നീ തസ്‌കയിലേക്കുള്ള ചോദ്യപേപ്പർ ചോരുകയും ഉദ്യോഗാർഥികൾ ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ചാറ്റ് ജിപിടി ഉപയോഗിച്ചതായുമാണ് കണ്ടെത്തൽ. ചാറ്റ്ജിപിടി ഉപയോഗിച്ച് ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആദ്യ കേസ് കൂടിയാണിത്.
ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസറെ (DAO) റിക്രൂട്ട് ചെയ്യുന്നതിനുള്ള പരീക്ഷയിലാണ് കൃത്രിമം നടത്തിയത്. തെലങ്കാന നോർത്തേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിലെ ഡിവിഷണൽ എഞ്ചിനീയറായ പൂള രമേശിനെ പെദ്ദപ്പള്ളിയിൽ നിന്ന് പിടികൂടിയതിന് പിന്നാലെയാണ് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്. ബ്ലൂടൂത്ത് ഇയർബഡുകളുടെ സഹായത്തോടെ പരീക്ഷയ്ക്കിടെ ഇയാൾ ഉത്തരങ്ങൾ സഹ ഉദ്യോഗാർഥികൾക്ക് കൈമാറുകയായിരുന്നു. ജനുവരി 22നും ഫെബ്രുവരി 26നുമായി നടന്ന രണ്ട് വ്യത്യസ്ത പരീക്ഷകളിൽ ഏഴ് ഉദ്യോഗാർഥികൾക്ക് ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഉത്തരം നൽകുന്നതിനുള്ള വിപുലമായ പദ്ധതി തയ്യാറാക്കിയത് രമേശായിരുന്നു. തസ്തിയിലേക്കുള്ള മൂന്ന് പരീക്ഷയുടെ ചോദ്യപേപ്പറുകൾ രമേശിന് മുൻകൂറായി ലഭിച്ചിരുന്നു.
പരീക്ഷാ കേന്ദ്രത്തിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ പരീക്ഷ തുടങ്ങി 10 മിനിറ്റിനുള്ളിൽ ചോദ്യപേപ്പറിന്റെ ഫോട്ടോ രമേശിന് അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ മറ്റൊരിടത്തിരുന്ന് രമേശ് അടക്കം നാല് പേർ ചാറ്റ്ജിപിടി ഉപയോഗിച്ച് ശരിയായ ഉത്തരങ്ങൾ പരീക്ഷാർഥികൾക്ക് കൈമാറും. ഓരോ ഉദ്യോഗാർഥികളും പ്രതിഫലമായി 40 ലക്ഷം രൂപയും ഇയാൾക്ക് വാഗ്ദാനം ചെയ്തു. ഇത്തരത്തിൽ 35 ഉദ്യോഗാർഥികൾക്ക് ഉത്തരം കൈമാറി പത്ത് കോടി രൂപ സമ്പാദിക്കാൻ ആയിരുന്നു ഇയാളുടെ പദ്ധതി.
അതേസമയം, ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിലെ ജൂനിയർ അസിസ്റ്റന്റും പ്രതിയുടെ ബന്ധുവുമായ പൂള രവി കിഷോറിൽ നിന്ന് മാർച്ച് അഞ്ചിന് നടന്ന അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) പരീക്ഷയുടെ ചോദ്യപേപ്പറും രമേശിന് മുൻകൂറായി ലഭിച്ചിരുന്നു. ഈ ചോദ്യപേപ്പറുകൾ 30-ലധികം ഉദ്യോഗാർഥികൾക്ക് രമേഷ് വിറ്റുവെന്നും 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ ഓരോരുത്തരിൽ നിന്നും ഈടാക്കിയെന്നും പോലീസ് പറഞ്ഞു. മാർച്ച് ആദ്യവാരം ക്രമക്കേട് നടന്നുവെന്ന വാർത്ത പുറത്തുവന്നുവെങ്കിലും അതിന് മുൻപ് തന്നെ ഏകദേശം 1.1 കോടി രൂപ പ്രതിക്ക് ലഭിച്ചിരുന്നു.