INDIA

കോൺഗ്രസിന് ആശ്വാസമേകി ഉപതിരഞ്ഞെടുപ്പ് ഫലം: ബംഗാളിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും മികച്ച വിജയം

മഹാരാഷ്ട്രയിലെ കസബപേഠ് മണ്ഡലത്തിൽ മഹാ വികാസ് അഘാഡി സഖ്യം മികച്ച വിജയമാണ് നേടിയത്. പശ്ചിമ ബംഗാളിലെ സാഗർദിഖിയിലും സമാനമായി തൃണമൂലിന്റെ കോട്ടയാണ് സിപിഎം പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർഥി തകർത്തത്

വെബ് ഡെസ്ക്

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിനുണ്ടാക്കിയ തിരിച്ചടിക്കിടയിലും ആശ്വാസമേകി ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്നാട്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നടന്ന ഉപ തിരഞ്ഞെടുപ്പിന്റെ ഫലങ്ങളാണ് കോൺഗ്രസിന് കരുത്ത് പകരുന്നത്. 28 വർഷങ്ങളായി ബിജെപിയെ കൈവിടാത്ത മഹാരാഷ്ട്രയിലെ കസബപേഠ് മണ്ഡലത്തിൽ മഹാ വികാസ് അഘാഡി സഖ്യം മികച്ച വിജയമാണ് നേടിയത്. പശ്ചിമ ബംഗാളിലെ സാഗർദിഖിയിലും സമാനമായി തൃണമൂലിന്റെ കോട്ടയാണ് സിപിഎം പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർഥി തകർത്തത്. ഇതോടെ പശ്ചിമ ബംഗാളിൽ ആദ്യത്തെ കോൺഗ്രസ് എംഎൽഎയായി ബയറൺ ബിശ്വാസ് മാറി. അരുണാചൽ പ്രദേശ് ഉപതെരഞ്ഞെപ്പിലേക്ക് നീങ്ങിയെങ്കിലും എതിരില്ലാത്തതിനെ തുടർന്ന് ബിജെപി സ്ഥാനാർഥിയെ തിരഞ്ഞെടുത്തിരുന്നു.

വടക്കുകിഴക്കൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പ്രകടനം പ്രതീക്ഷകളേക്കാൾ വളരെ താഴെയായിരുന്നെങ്കിലും, തമിഴ്‌നാടും പശ്ചിമ ബംഗാളും മഹാരാഷ്ട്രയും കോൺഗ്രസിന് ആഹ്ളാദം പകരുന്നുണ്ട്. അതേസമയം ജാർഖണ്ഡിലാണ് കോൺഗ്രസിന് തിരിച്ചടി നേരിടേണ്ടി വന്നത്.

പശ്ചിമബംഗാൾ

വലിയ സന്തോഷവാർത്തയാണ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പശ്ചിമബംഗാളിൽ നിന്നുവരുന്നത്. 2011 മുതൽ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന മുർഷിദാബാദ് ജില്ലയിലെ സാഗർദിഖി സീറ്റാണ് കോൺഗ്രസ് പിടിച്ചെടുത്തിരിക്കുന്നത്. 51 വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ കോൺഗ്രസ് വിജയിക്കുന്നത്. മൂന്ന് തവണ തൃണമൂൽ എംഎൽഎയും മന്ത്രിയുമായിരുന്ന സുബ്രത സാഹയുടെ മരണത്തെ തുടർന്നാണ് സാഗർദിഖി നിയമസഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. തൃണമൂൽ സ്ഥാനാർഥി ദേബാശിഷ് ബാനർജിയെയാണ് കോൺഗ്രസിന്റെ ബയറൺ വിശ്വാസ് പരാജയപ്പെടുത്തിയത്.

മഹാരാഷ്ട്ര

ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേന- ബിജെപി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ രണ്ടിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അവിടെ കസബപേഠ് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ ധൻഖേക്കർ രവീന്ദ്ര ഹേംരാജൻ ബിജെപി സ്ഥാനാർഥിയെ തോല്പിച്ചു. അതിനാടകീയ സംഭവങ്ങൾക്ക് ശേഷം അധികാരത്തിലേറിയ ബിജെപി സഖ്യത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായാണ് തോൽവി വിലയിരുത്തപ്പെടുന്നത്. ഭരണത്തിലേറിയ ശേഷം ആദ്യമായാണ് ബിജെപി-ശിവസേന സഖ്യം ജനവിധി തേടുന്നത്. അതിൽ തോൽവി രുചിക്കുന്നത് അത്ര നല്ല ലക്ഷണമായല്ല കരുതപ്പെടുന്നത്. അതേസമയം, ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ചിഞ്ച്വാടിൽ ബിജെപി വിജയിച്ചു.

പണവും ഭീഷണിയും ഉപയോഗിച്ച് ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളും പൂനെയിലെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് കോൺഗ്രസിന്റെ മഹാരാഷ്ട്ര അധ്യക്ഷൻ നാനാ പട്ടോലെ മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ്നാട്

ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പാണ് അടുത്തത്. ഭരണപക്ഷമായ ഡിഎംകെയുടെ പിന്തുണയോടെ മത്സരിച്ച കോൺഗ്രസിന്റെ ഇവികെഎസ് ഇളങ്കോവനാണ് മുഖ്യ എതിർകക്ഷിയായ എഐഎഡിഎംകെയുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. 77 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. എന്നിരുന്നാലും എഐഎഡിഎംകെ സ്ഥാനാർഥി കെഎസ് തെന്നരസായിരുന്നു പ്രധാന എതിരാളി. അധികാരത്തിലേറിയ ശേഷം ആദ്യമായി ജനവിധി തേടുന്ന ഡി എം കെയ്ക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണ് വിജയം. ജയത്തിന്റെ എല്ലാ ക്രെഡിറ്റും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ആണെന്ന് ഇളങ്കോവൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് എം എൽ എ തിരുമഹാൻ ഇവരായുടെ മരണമായിരുന്നു ഉപതിരഞ്ഞെടുപ്പിലേക്ക് നയിച്ചത്.

ജാർഖണ്ഡ്

ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ജാർഖണ്ഡിലെ രാംഗഡ്‌ മണ്ഡലത്തിലാണ്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ രാംഗഡിൽ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റസ് യുണിയൻസ് സ്ഥാനാർഥി സുനിത ചൗധരി കോൺഗ്രസ് സ്ഥാനാർഥിയെ പരാജപ്പെടുത്തിയത് ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച- കോൺഗ്രസ് സഖ്യത്തിന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഭരണസഖ്യം ജാർഖണ്ഡിലെ ഒരു ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് സിറ്റിങ് എംഎൽഎ മംമ്താ ദേവിയെ അയോഗ്യനാക്കിയതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍