INDIA

'പാര്‍ട്ടി നടപടികളില്‍ ഉള്ളുപൊട്ടി, ഞാന്‍ ഇല്ലാതായതുപോലെ തോന്നി, അത്രകണ്ട് അപമാനിച്ചു'; ബിജെപി പ്രവേശന വാർത്തകൾക്കിടയിൽ ചംപയ് സോറന്റെ വെളിപ്പെടുത്തൽ

ഝാർഖണ്ഡിലെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ എംഎൽഎമാരുടെ യോഗം ജൂലൈ മൂന്നിനാണ് ചേരുന്നതും ചംപയ് സോറനോട് രാജിവയ്ക്കാൻ ആവശ്യപ്പെടുന്നതും

വെബ് ഡെസ്ക്

ഝാർഖണ്ഡ് മുൻമുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾക്കിടയിൽ അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തൽ. ഹേമന്ത് സോറൻ ജാമ്യം ലഭിച്ച് തിരിച്ചെത്തിയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്തുപോകാൻ പാർട്ടി ആവശ്യപ്പെട്ടരീതി തന്നെ അവഹേളിക്കുന്നതാണെന്ന് ചംപയ് സോറൻ എക്‌സിൽ കുറിച്ചു.

തന്നോട് രാജിവെയ്ക്കാൻ ആവശ്യപ്പെടുന്നതിനും രണ്ടു ദിവസം മുമ്പ് തന്നെ മുഖ്യമന്ത്രിയെന്നരീതിയിലുള്ള തന്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിരുന്നുവെന്നും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ മറ്റൊരാൾ റദ്ദാക്കുന്ന അവസ്ഥ വലിയ അപമാനമാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. നാല്പത് വർഷം നീണ്ട തന്റെ രാഷ്ട്രീയജീവിതത്തിൽ ഇത്രയും വേദനിക്കേണ്ടി വന്ന സാഹചര്യം തനിക്കുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഝാർഖണ്ഡിലെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ എംഎൽഎമാരുടെ ജൂലൈ മൂന്നിനാണു ചേരുന്നതും ചംപയ് സോറനോട് രാജിവയ്ക്കാൻ ആവശ്യപ്പെടുന്നതും. അതിനും മൂന്നു ദിവസം മുമ്പ് ജൂൺ 30ന് തന്നെ തന്റെ കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് അദ്ദേഹം ഇപ്പോൾ എക്‌സിൽ എഴുതിയ കുറിപ്പിൽ പറയുന്നത്. നേരത്തെ തീരുമാനിച്ച ഒരു പരിപാടികൾക്കും ഇനി പങ്കെടുക്കരുതെന്നായിരുന്നു നിർദേശം.

ജെഎംഎം നേതാവും ഝാർഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന ഹേമന്ത് സോറനെ ജനുവരി 31ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് ചംപയ് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്കു വന്നത്. ഝാർഖണ്ഡ് ഹൈക്കോടതി ഹേമന്ത് സോറന് ജാമ്യം അനുവദിച്ചതോടെ ജൂലൈ മൂന്നിന് ചംപയ് സോറൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവെയ്ക്കുകയായിരുന്നു.

"എന്റെ ഉള്ളുപൊട്ടിയിരുന്നു, രണ്ടുദിവസം എന്ത് ചെയ്യണമെന്ന് മനസിലായില്ല. ഞാൻ ഒറ്റയ്ക്കിരുന്നു. എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചോയെന്ന് പരിശോധിച്ചു. എനിക്ക് ഒരു സമയത്തും അധികാരത്തോടെ അമിതാസക്തിയുണ്ടായിരുന്നില്ല. പക്ഷേ എന്റെ ആത്മാഭിമാനത്തിനേറ്റ ഈ ക്ഷതത്തെക്കുറിച്ച് ഞാൻ ആരോട് സംസാരിക്കും? എന്റെ തന്നെ സഹപ്രവർത്തകരിൽനിന്നും അനുഭവിക്കേണ്ടിവന്ന ഈ വേദനയെക്കുറിച്ച് ഞാൻ ആരോട് പറയും?" ചംപയ് സോറൻ കുറിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കിയതോടെ തനിക്കു മുന്നിൽ മൂന്നു വഴികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ചംപയ് സോറൻ പറയുന്നത്. ആദ്യത്തേത് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുക എന്നതാണ്. രണ്ടാമത്തേത് മറ്റൊരു രാഷ്ട്രീയ സംഘടന ആരംഭിക്കുക. മൂന്നാമത്തേത് ഇനിയുള്ള യാത്രയിൽ മറ്റൊരു സൗഹൃദം തേടുകയെന്നതും അദ്ദേഹം എക്‌സിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി മറ്റൊരു രാഷ്ട്രീയപാർട്ടിക്കൊപ്പം ചേരാമെന്ന പ്രതീക്ഷയാണ് ചംപയ് സോറൻ പ്രകടിപ്പിക്കുന്നത്.

ഹേമന്ത് സോറൻ ജയിൽ മോചിതനാകുന്നതുവരെ എംഎൽഎ മാരുമായും മറ്റ് ഇന്ത്യ സഖ്യ നേതാക്കളുമായുള്ള യോഗവുമായി ബന്ധപ്പെട്ട യാതൊരു വിവരവും തനിക്കുണ്ടായിരുന്നില്ലെന്നാണ് ചംപയ് സോറൻ പറയുന്നത്. യോഗം തുടങ്ങുന്നതുവരെ എന്താണ് അജണ്ടയെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന തനിക്ക് അറിയില്ലായിരുന്നുന്നു. യോഗത്തിൽ തന്നോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞെട്ടിപ്പോയെന്നും അദ്ദേഹം കുറിച്ചു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി