INDIA

സെന്തിൽ ബാലാജി ജുഡീഷ്യൽ കസ്റ്റഡിയിൽ; കുറ്റപത്രം സമർപ്പിച്ചു

2023 ഓഗസ്റ്റ് 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്

വെബ് ഡെസ്ക്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയെ ആഗസ്റ്റ് 25 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഇതിന് മുൻപ് ബാലാജിയെ ആഗസ്റ്റ് ഏഴിന് അഞ്ചുദിവസത്തേയ്ക്ക് ഇ ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. കാലാവധി അവസാനിച്ചതോടെ ഇന്ന് സെഷൻസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. അതേസമയം, ബാലാജിക്കെതിരെയുള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപ്പത്രം സമർപ്പിച്ചു. 170 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്നാണ് ബാലാജിയെ ഇ ഡി വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. കോടതി ഉത്തരവ് വന്നതോടെ ജൂൺ 14ന് ഇ ഡി അറസ്റ്റ് ചെയ്ത ബാലാജി ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിൽ തുടരും. പിടിച്ചെടുത്ത വിവിധ രേഖകളും കണ്ടെടുത്ത പണത്തിന്റെ രസീതുകളും ബാലാജിയുടെ മൊഴിയും ഇ ഡി ചാർജ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വിവിധ വകുപ്പുകൾ പ്രകാരം സെന്തിൽ ബാലാജി സമർപ്പിച്ച പരാതി കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. ബാലാജിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ഇതുവരെ ഏജൻസിക്ക് മുന്നിൽ ഹാജരായിട്ടില്ല. സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് ബാലാജി, അശോകിന്റെ ഭാര്യ നിർമല, സെന്തിലിന്റെ ഭാര്യാ മാതാവ് പി ലക്ഷ്മി എന്നിവർക്ക് മൊഴി രേഖപ്പെടുത്തുന്നതിന് ഒന്നിലധികം തവണ സമൻസ് അയച്ചിരുന്നുവെന്നും എന്നാൽ അവർ ഇതുവരെ നേരിട്ട് ഹാജരായിട്ടില്ലെന്നും ഇ ഡി പ്രസ്താവനയിൽ പറയുന്നു. കരൂരിൽ സ്ഥിതി ചെയ്യുന്ന 30 കോടിയിലധികം വിലമതിക്കുന്ന നിർമലയുടെ 2.49 ഏക്കർ ഭൂമി ഇ ഡി മരവിപ്പിച്ചിരുന്നു.

മുൻ എഐഎഡിഎംകെ ഭരണകാലത്ത് ഗതാഗത മന്ത്രിയായിരിക്കെ തൊഴിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ചുള്ള കേസിൽ ജൂൺ 14നാണ് ഇ ഡി ബാലാജിയെ അറസ്റ്റ് ചെയ്തത്. ശേഷം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയാണ് ബാലാജി.

അറസ്റ്റിലായ ദിവസം ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ബാലാജിയെ ഓമന്ദൂരാർ എസ്റ്റേറ്റിലെ ഗവൺമെന്റ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഹേബിയസ് കോർപ്പസ് ഹ‍ർജിയുടെ അടിസ്ഥാനത്തിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് ബൈപാസ് ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കസ്റ്റഡി ചോദ്യം ചെയ്യലിനായി ഇഡിക്ക് കൈമാറുന്നതിന് മുമ്പായി സെന്തിൽ ബാലാജിയെ പുഴൽ സെൻട്രൽ ജയിലിലേക്ക് അയയ്ക്കുകയായിരുന്നു.

ബാലാജിയുടെ അറസ്റ്റിന്റെ നിയമസാധുതയെക്കുറിച്ചും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനുള്ള ഇഡിയുടെ അധികാരത്തെക്കുറിച്ചും ഡിവിഷൻ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള അധികാരം സംബന്ധിച്ച ചോദ്യത്തിൽ വിഷയം പരാമർശിച്ച മൂന്നാമത്തെ ജഡ്ജിയും ഇഡിയെ അനുകൂലിച്ചാണ് സംസാരിച്ചത്. തുടർന്ന് ഈ വിധി ശരിവച്ച സുപ്രീം കോടതി ചോദ്യം ചെയ്യലിനായി ബാലാജിയെ അഞ്ച് ദിവസം കസ്റ്റഡിയിൽ വയ്ക്കാൻ ഇഡിക്ക് അനുവാദം നൽകുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ