ലോകത്ത് ഏറ്റവും കൂടുതൽ സംഗീത ആലാപനങ്ങൾക്ക് വേദിയായിട്ടുള്ള നഗരങ്ങളിൽ ചെന്നൈയും. നിലവിൽ പട്ടികയിൽ 32ാം സ്ഥാനത്താണ് ചെന്നൈയുള്ളത്. പത്തിൽ 6.36 സ്‌കോർ നേടിയാണ് ചെന്നൈ 32-ാം സ്ഥാനത്തെത്തിയത്.
ലണ്ടൻ, ലോസ് ഏഞ്ചൽസ്, ചിക്കാഗോ തുടങ്ങിയ നഗരങ്ങളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഇസ്രയേൽ ആസ്ഥാനമായുള്ള ഇവന്റ് ടെക്‌നോളജി സർവീസ് സീറ്റ്‌പിക്കിന്റെ പഠനമാണ് റിപ്പോർട്ടിനാധാരം.
സംഗീത പ്രേമികൾക്ക് സന്ദർശനത്തിനായി ഏറ്റവും മികച്ച സംഗീത ഹോട്ട്‌സ്‌പോട്ടുകൾ ലഭ്യമായ നഗരങ്ങൾ ഏതൊക്കെയാണെന്നാണ് പഠനത്തിൽ വിശകലനം ചെയ്തിരിക്കുന്നത്.
അന്തരിച്ച വയലിനിസ്റ്റ് ലാൽഗുഡി ജി ജയരാമന്റെ ജന്മസ്ഥലവും റോക്ക് ബാൻഡായ എഫ് 16എസിന്റെ ആസ്ഥാനവുമെന്നാണ് ചെന്നൈയ്ക്ക് നൽകിയിരിക്കുന്ന വിശദീകരണം. ഇടം ആർട്‌സ് ആൻഡ് കൾച്ചറൽ സ്‌പേസ് പോലെയുള്ള 68 സംഗീത വേദികളാണ് ചെന്നൈയിൽ ഉള്ളതെന്നും റിപ്പോർട്ടിലുണ്ട്.
എം എസ് സുബ്ബുലക്ഷ്മി, അരിയക്കുടി രാമാനുജ അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ എന്നിവരുൾപ്പെടെ നിരവധി ഗായകരാണ് ചെന്നൈ നഗരത്തിൽ നിന്നുള്ളത്. ഡിസംബർ മാസങ്ങളിൽ സംഗീതം മാത്രമല്ല നിരവധി നൃത്ത പരിപാടികളും ചെന്നൈയിൽ അരങ്ങേറുന്നു.
4.23 സ്‌കോറുമായി വാരണാസിയാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യൻ നഗരം. 49-ാം സ്ഥാനത്താണ് വാരണാസി. മഹീന്ദ്ര കബീറ ഫെസ്റ്റിവൽ ഉൾപ്പെടെ നാല് സംഗീതമേളകളാണ് വാരണാസിയിലുള്ളത്. ഇതിഹാസ സംഗീതജ്ഞൻ രവിശങ്കർ ജനിച്ചതും വാരണാസിയിലാണ്.
അതേസമയം ആഗോള സംഗീത ഹോട്ട്‌സ്‌പോട്ട് ലണ്ടൻ ആണെങ്കിലും, ഏറ്റവും കൂടുതൽ സംഗീതജ്ഞർ വരുന്നത് ന്യൂയോർക്കിൽ നിന്നാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.