INDIA

'ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ഒന്നിക്കണം'; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ

അനിത ശർമ്മയുടെ പ്രസ്താവനടെന്ന് കോൺഗ്രസ് പാർട്ടി വക്താവ് സുശീൽ ആനന്ദ് ശുക്ല

വെബ് ഡെസ്ക്

ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന ആഹ്വാനവുമായി ഛത്തീസ്ഗഢിലെ കോൺഗ്രസ് എംഎൽഎ അനിത യോ​ഗേന്ദ്ര ശർമ്മ. ഇന്ന് റായ്പൂരില്‍ പുരി ശകരാചാര്യ സ്വാമി നിശ്ചലാന്ദ സരസ്വതിയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. "നമ്മളെല്ലാവരും, എവിടെയായാലും ഹിന്ദുക്കള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുമെന്ന് പ്രതിജ്ഞയെടുക്കണം. ഹിന്ദുക്കള്‍ എന്നും ഒന്നിച്ചു നില്‍ക്കണം. എന്നാല്‍ മാത്രമേ നമുക്ക് ഹിന്ദുരാജ്യം കെട്ടിപ്പടുക്കാനാകൂ''- എന്നായിരുന്നു വിവാദ പരാമര്‍ശം.

ഛത്തീസ്ഗഢ് നിയമസഭയില്‍ ധർശിവ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അനിത. അവരുടെ വിവാദ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവം വിവാദമായതോടെ എംഎല്‍എയെ തള്ളി കോണ്‍ഗ്രസ് രംഗത്തുവന്നു. അനിത ശർമ്മയുടേത് വ്യക്തിപരമായ പ്രസ്താവനയാണെന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

''കോൺഗ്രസ് പാർട്ടി ഭരണഘടനയ്‌ക്കൊപ്പമാണ്. ബാബാസാഹേബ് അംബേദ്കർ, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഡോ. രാജേന്ദ്ര പ്രസാദ് തുടങ്ങിയ നേതാക്കൾ തയ്യാറാക്കിയ മഹത്തായ ഭരണഘടനയിൽ പരാമർശിച്ചിരിക്കുന്ന മതേതരത്വത്തിൽ കോൺഗ്രസ് ഉറച്ചുനിൽക്കുന്നു. ഓരോ വ്യക്തിക്കും അവരുടേതായ പ്രത്യയശാസ്ത്രം ഉണ്ടായിരിക്കും. അഭിപ്രായ വ്യത്യാസങ്ങളെ സ്വാഗതം ചെയ്യുന്നു പാർട്ടിയാണ് കോൺഗ്രസ്''- ഛത്തീസ്ഗഢ് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഹെഡും വക്താവുമായ സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.

പാര്‍ട്ടി കൈവിട്ടതോടെ എംഎൽഎയും മലക്കം മറിഞ്ഞു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും രാജ്യത്തെ എല്ലാ ജനങ്ങളുടെയും ഐക്യത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നുമാണ് അനിതയുടെ വാദം. ''ഞാൻ ഗാന്ധിയനാണ്. വിദ്വേഷം അവസാനിപ്പിക്കണമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളിൽ നിന്നുളളവരും സഹോദരന്മാരാണ്. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ ജനങ്ങളുടെയും ഐക്യത്തെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു രാഷ്ട്രം എന്ന സങ്കൽപ്പം എല്ലാ മതങ്ങളുടെയും ഐക്യമാണ്'' - അവർ പറഞ്ഞു.

അതേസമയം, അനിതാ ശർമ്മയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, ഹിന്ദു രാഷ്ട്രത്തെക്കുറിച്ചും രാമരാജ്യത്തെക്കുറിച്ചും സംസാരിക്കാൻ കോൺഗ്രസിന് അവകാശമില്ലെന്ന് ബിജെപി വക്താവ് കേദാർ ഗുപ്ത പറഞ്ഞു. യൂണിഫോം സിവിൽ കോഡിനെ കോൺ​ഗ്രസ് പിന്തുണ്യ്ക്കുമോ എന്ന് ചോദിച്ച അദ്ദേഹം കോൺഗ്രസ് പറയുന്നതും ചെയ്യുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ