INDIA

പിൻഗാമിയായി ജസ്റ്റിസ് സഞ്ജിവ് ഖന്ന? കേന്ദ്രത്തിന് ശിപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

നവംബർ പത്തിന് വിരമിക്കാനിരിക്കെയാണ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര നിയമമന്ത്രാലയത്തിന് ശിപാർശക്കത്ത് നൽകിയത്

വെബ് ഡെസ്ക്

ജസ്റ്റിസ് സഞ്ജിവ് ഖന്നയെ തന്റെ പിൻഗാമിയാക്കാൻ ശിപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നവംബർ പത്തിന് വിരമിക്കാനിരിക്കെയാണ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര നിയമമന്ത്രാലയത്തിന് ശിപാർശക്കത്ത് നൽകിയത്. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ജസ്റ്റിസാണ് സഞ്ജിവ് ഖന്ന.

കേന്ദ്ര മന്ത്രാലയം അംഗീകരിക്കുകയാണെങ്കിൽ ഇന്ത്യയുടെ അൻപത്തിയൊന്നാമത് ചീഫ് ജസ്റ്റിസായി സഞ്ജിവ് ഖന്ന നവംബർ 10ന് അധികാരമേൽക്കും. ചീഫ് ജസ്റ്റിസുമാർ വിരമിക്കുമ്പോൾ, തങ്ങളുടെ പിൻഗാമിയെ നിർദേശിക്കാൻ കേന്ദ്ര മന്ത്രാലയം ആവശ്യപ്പെടാറുണ്ട്. അതിന്റെ ഭാഗമായാണ് സഞ്ജിവ് ഖന്നയുടെ പേര് ചീഫ് ജസ്റ്റിസ് ശിപാർശ ചെയ്തത്.

ജസ്റ്റിസ് സഞ്ജിവ് ഖന്ന

1960 മേയ് 14ന് ജനിച്ച ജസ്റ്റിസ് സഞ്ജിവ് ഖന്ന 1983-ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായാണ് എൻറോൾ ചെയ്തത്. ആദ്യം തീസ് ഹസാരി കോംപ്ലക്സിലെ ജില്ലാ കോടതികളിൽ പ്രാക്ടീസ് ചെയ്ത അദ്ദേഹം പിന്നീട് ഡൽഹി ഹൈക്കോടതിയിലേക്കും ട്രൈബ്യൂണലുകളിലേക്കും മാറിയിരുന്നു. ആദായനികുതി വകുപ്പിൻ്റെ സീനിയർ സ്റ്റാൻഡിങ് കൗൺസലായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം 2004ൽ ഡൽഹി സ്റ്റാൻഡിങ് കൗൺസലായും (സിവിൽ) നിയമിതനായിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ ഡൽഹി ഹൈക്കോടതിയിൽ ഹാജരായ അദ്ദേഹം അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും അമിക്കറ് ക്യൂറിയുമായും ശ്രദ്ധേയനായി. 2005ൽ ഡൽഹി ഹൈക്കോടതി അഡിഷണൽ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2006ലായിരുന്നു സ്ഥിരനിയമനം.

2019 ജനുവരി 18 നാണ് സുപ്രീംകോടതിയിലേക്ക് അദ്ദേഹമെത്തുന്നത്. ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസ് പദവി വഹിക്കാതെ, സുപ്രീംകോടതിയിലേക്കെത്തുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു സഞ്ജിവ് ഖന്ന.

ഇടക്കാലത്ത് സുപ്രീംകോടതി ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനാൻ സ്ഥാനം വഹിച്ചു. നിലവിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ഗവേണിങ് കൗൺസൽ അംഗവുമാണ്.

ഭരണഘടന അനുച്ഛേദം 370 റദ്ദാക്കി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി ശരിവച്ച ബെഞ്ചിൽ ജസ്റ്റിസ് സഞ്ജിവ് ഖന്ന അംഗമായിരുന്നു. ഒപ്പം തിരഞ്ഞെടുപ്പ് ബോണ്ട് സ്‌കീമിനെ ഭരണഘടനാ വിരുദ്ധമാക്കിയ വിധിപ്രസ്താവത്തിലും അദ്ദേഹം ഭാഗമായിരുന്നു.

ചീഫ് ജസ്റ്റിസായി അധികാരമേറ്റാൽ ഏകദേശം ആറുമാസത്തെ കാലാവധിയാകും ജസ്റ്റിസ് സഞ്ജിവ് ഖന്നയ്ക്ക് ലഭിക്കുക. 2025 മേയ് 31നാണ് അദ്ദേഹം വിരമിക്കുക. ജസ്റ്റിസ് സഞ്ജിവ് ഖന്നയുടെ പിൻഗാമിയായി ജസ്റ്റിസ് ബി ആർ ഗവായ് ചീഫ് പദവിയിലെത്താനാണ് സാധ്യത. അദ്ദേഹത്തിനും ഈ പദവിയിൽ ആറുമാസത്തെ കാലാവധിയാകും ലഭിക്കുക.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി