കുട്ടിക്കാലത്തുള്ള മോശം അനുഭവങ്ങള്‍ ജീവിതകാലം മുഴുവന്‍ വേട്ടയാടുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്ന് ചൂരല്‍ കൊണ്ട് അടി കിട്ടിയ അനുഭവം പങ്കുവെക്കുകയായിരുന്നു അദ്ദേഹം. മുറിവിന്റെ പാടുകള്‍ മാറിയെങ്കിലും ഇപ്പോഴും അത് തന്നെ വേട്ടയാടുന്നുവെന്ന്ചന്ദ്രചൂഡ് പറഞ്ഞു. കഠ്മണ്ഡുവില്‍ നേപ്പാള്‍ സുപ്രീം കോടതി സംഘടിപ്പിച്ച നാഷണല്‍ സിമ്പോസിയം ഓണ്‍ ജുവനൈല്‍ ജസ്റ്റിസ് എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ചന്ദ്രചൂഡ് കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
''നിങ്ങള്‍ എങ്ങനെയാണോ കുട്ടികളോട് പെരുമാറുന്നത് അതിന്റെ പ്രത്യാഘാതം അവരുടെ മനസില്‍ ജീവിതകാലം മുഴുവന്‍ ഉണ്ടായിരിക്കും. സ്‌കൂളിലെ ആ ദിവസം ഞാന്‍ മറക്കില്ല. എന്റെ കൈയില്‍ ചൂരല്‍ കൊണ്ടടിക്കുമ്പോള്‍ ഞാനൊരു കുറ്റവാളിയായിരുന്നില്ല. ക്രാഫ്റ്റ് പഠിക്കുമ്പോള്‍ അസൈന്‍മെന്റിന് വേണ്ടി ശരിയായ വലുപ്പത്തിലുള്ള സൂചി ക്ലാസില്‍ കൊണ്ടുപോയിരുന്നില്ല. നാണക്കേട് കൊണ്ട് കൈകള്‍ മാതാപിതാക്കളെ കാണിച്ചു കൊടുത്തില്ല. കൈയില്‍ അടിക്കല്ലേയെന്നും പിന്‍ഭാഗത്ത് അടിച്ചോയെന്നും ടീച്ചറോട് അഭ്യര്‍ഥിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പരുക്കേറ്റ വലം കൈ പത്ത് ദിവസം മാതാപിതാക്കളെ കാണിച്ചു കൊടുക്കാതെ ഒളിക്കുകയായിരുന്നു'', ചന്ദ്രചൂഡ് പറഞ്ഞു.
ഇപ്പോള്‍ ജോലി ചെയ്യുമ്പോള്‍ പോലും ഈ ഓര്‍മകള്‍ തന്റെ കൂടെയുണ്ടെന്നും ഇത്തരം പരിഹാസങ്ങള്‍ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാല നീതിയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ നിയമ തര്‍ക്കങ്ങളില്‍ അകപ്പെട്ടിരിക്കുന്ന കുട്ടികളുടെ ദുര്‍ബലതകളും ആവശ്യവും തിരിച്ചറിയണം. നീതീന്യായ വ്യവസ്ഥ അനുകമ്പയോടെ പ്രതികരിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല, കൗമാരപ്രായക്കാരുടെ ബഹുമുഖ സ്വഭാവവും സമൂഹത്തിന്റെ വിവിധ തലങ്ങളുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതും മനസിലാക്കണമെന്നും ചന്ദ്രചൂഡ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്ക് മുമ്പാകെയുള്ള കേസിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആദ്യം ഹര്‍ജിക്കാരിക്ക് അനുകൂലമായി ഗര്‍ഭം അലസിപ്പിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി പെണ്‍കുട്ടിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ ആശങ്കകള്‍ പങ്കുവെച്ചതോടെ ഉത്തരവ് റദ്ദാക്കിയ കേസായിരുന്നു അത്.