നീതി ലഭിക്കാന്‍ വൈകുന്നുവെന്ന ഇന്ത്യന്‍ നീതി ന്യായ സംവിധാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയെ മറികടക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അതിനായി സുപ്രീം കോടതി വിപൂലീകരണം സാധ്യമാക്കുമെന്നും കോടതിയില്‍ ഘട്ടം ഘട്ടമായി ഡിജിറ്റലൈസേഷന്‍ കൊണ്ടുവരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 77ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അഭിഭാഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്ചീഫ് ജസ്റ്റിസ്
ഇതിനായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനാണ് ആദ്യ ഘട്ടത്തിലെ തീരുമാനം. 27 അഡീഷണല്‍ കോടതികളും 51 ജഡ്ജിമാരുടെ ചേംബറുകളുമാണ് പുതിയതായി ചേര്‍ക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചത്. നിലവില്‍ സുപ്രീംകോടതിയില്‍ 17 കോടതി മുറികളും രണ്ട് രജിസ്ട്രാര്‍ കോടതികളുമാണുള്ളത്.
'കോടതികളും നീതിസംവിധാനവും എപ്പോഴും ജനങ്ങള്‍ക്ക് ലഭ്യമാകേണ്ടതുണ്ട്. അതിനാല്‍ തന്നെ കോടതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ മെച്ചെപ്പെടുത്താനാണ് ഇത്തരത്തിലുള്ള നവീകരണം നടത്തുന്നതത്'. ചടങ്ങിനിടയില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. പൗരന്‍മാര്‍ക്ക് അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാനുള്ള ജനാധിപത്യ സംവിധാനമാണ് ഓരോ കോടതികളെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ 15 കോടതി മുറികള്‍, ജഡ്ജിമാരുടെ ചേംബര്‍, സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ എന്നിവയ്ക്കുള്ള പുതിയ കെട്ടിടം നിര്‍മിക്കാനായി കോടതി മ്യൂസിയവും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചുമാറ്റും. ലൈബ്രറികള്‍, സുപ്രീം കോടതി അഡ്വക്കേറ്റ്‌സ് റെക്കോര്‍ഡ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കുള്ള ഓഫീസുകള്‍, കാന്റീന്‍, വനിതാ അഭിഭാഷകരുടെ ബാര്‍ റൂം തുടങ്ങിയ സൗകര്യങ്ങളും ആദ്യ ഘട്ടത്തില്‍ വരുത്തും. രണ്ടാം ഘട്ടത്തില്‍ 12 കോടതി മുറികള്‍, ജഡ്ജിമാരുടെ ചേംബറുകള്‍, രജിസ്ട്രാര്‍ കോടതികള്‍ എന്നിവയുടെ നിര്‍മാണത്തിനായി നിലവിലുള്ള കോടതി സമുച്ചയത്തിന്റെ കുറച്ച് ഭാഗവും പൊളിച്ച് നീക്കും
പുതിയ കെട്ടിടം ജനതയുടെ ഭരണഘടനാപരമായ അഭിലാഷങ്ങളും വിശ്വാസങ്ങളും മുന്‍ഗണനകളും പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. പുതിയ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെപ്പറ്റിയും ചീഫ് ജസ്റ്റിസ് പറഞ്ഞു. 'രാജ്യത്തുടനീളം എല്ലാ കോടതികളെയും പരസ്പരം ബന്ധിപ്പിക്കും. ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഇ കോടതി സാധ്യമാക്കുകയാണ് നവീകരണത്തിന്റെ മൂന്നാംഘട്ടത്തില്‍ ശ്രമിക്കുക. കോടതി സൗകര്യങ്ങള്‍ ലഭ്യമാകുന്നതില്‍ ജനങ്ങള്‍ നേരിടുന്നതിലുള്ള പ്രതിസന്ധി മറികടക്കാന്‍ വെബ്‌സൈറ്റുകളും മറ്റ് ഫയലുകളും തയ്യാറാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 19,000 കേസുകള്‍ സുപ്രീം കോടതി തീര്‍പ്പാക്കിയതായും അദ്ദേഹം അറിയിച്ചു
ജുഡീഷ്യറി എല്ലാവരെയും ഉള്‍ക്കൊണ്ട് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് പ്രാപ്യവും കൂടുതല്‍ ചിലവ് കുറഞ്ഞതുമായ ഒരു നീതിന്യായ സംവിധാനം സൃഷ്ടിച്ച് എല്ലാ തടസ്സങ്ങളെയും മറികടക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല പരമാവധി സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 19,000 കേസുകള്‍ സുപ്രീം കോടതി തീര്‍പ്പാക്കിയതായും അദ്ദേഹം അറിയിച്ചു.ചീഫ് ജസ്റ്റിസ്, കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാര്‍, അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.