INDIA

'രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടണം'; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മിഷന്‍

മദ്രസകള്‍ക്കെതിരായ നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപി സഖ്യകക്ഷിയായ എല്‍ജെപി എന്നിവരും ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്

വെബ് ഡെസ്ക്

രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനും സര്‍ക്കാര്‍ സഹായങ്ങള്‍ അവസാനിപ്പിക്കാനും നിര്‍ദേശിച്ച് ദേശീയ ബാലാവകാശ കമ്മിഷന്‍. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍സിപിസിആര്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ ഒക്ടോബര്‍ പതിനൊന്നിന് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. മദ്രസകള്‍ക്കെതിരായ നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപി സഖ്യകക്ഷിയായ എല്‍ജെപി എന്നിവരും ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്.

മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കാനും മദ്രസകള്‍ക്കും മദ്രസ ബോര്‍ഡുകള്‍ക്കും സംസ്ഥാന ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ 'ഔപചാരിക വിദ്യാലയങ്ങളിലേക്ക്' മാറ്റണമെന്നുമാണ് ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ശുപാര്‍ശ. മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുന്ന 2009ലെ നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നാണ് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നത്.

ഏതെങ്കിലും മദ്രസ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ അടച്ചുപൂട്ടുന്നതിന് പകരം, അന്ധമായ നടപടികള്‍ പാടില്ലെന്ന് ലോക് ജനശക്തി പാര്‍ട്ടി വക്താവ് എകെ ബാജ്പേബയി പറഞ്ഞു. ക്രമക്കേടുകളുണ്ടോ എന്ന് കണ്ടെത്താന്‍ എല്ലാ മദ്രസകളിലും കൃത്യമായ സര്‍വേ നടത്തണം. എന്തെങ്കിലും നിയമവിരുദ്ധത കണ്ടെത്തിയാല്‍ സ്വയം വിശദീകരിക്കാന്‍ അവര്‍ക്ക് മതിയായ അവസരം നല്‍കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാലാവകാശ കമ്മിഷന്റെ കത്ത്, രാഷ്ട്രീയ പ്രേരിതമാണെന്നും സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കാനും ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും സമാജ്‍വാദി പാര്‍ട്ടി എംപിയും വക്താവുമായ ആനന്ദ് ബദൗരിയ പറഞ്ഞു. നിരവധി മദ്രസകള്‍ മികച്ച പ്രവര്‍ത്തനം നടത്തുകയും പണ്ഡിതന്മാരെ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ വളരെക്കാലമായി നടക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് മദ്രസകളില്‍ കൂടുതലായി പഠിക്കുന്നത്. അതുകൊണ്ടുതന്നെ പരിഹാസ്യമായ ഈ കത്ത് പിന്‍വലിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, കത്ത് പഠിച്ചശേഷം പ്രതികരിക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും, മദ്രസകള്‍ അടച്ചുപൂട്ടുക എന്ന നിര്‍ദേശത്തിന് പകരം, കാര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശുപാർശകളാണ് കമ്മിഷന്‍ നല്‍കേണ്ടതെന്ന് കര്‍ണാടക ഐടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ചൂടിനിക്കാട്ടി. മദ്രസ അധ്യാപകര്‍ക്കുള്ള ശമ്പളം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയുള്ള നടപടി വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

മദ്രസകൾ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് അവകാശപ്പെടുന്ന 'വിശ്വാസത്തിൻ്റെ സംരക്ഷകർ അല്ലെങ്കിൽ അവകാശങ്ങളുടെ പീഡകർ: കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ vs മദ്രസകൾ' എന്ന തലക്കെട്ടിൽ എൻസിപിസിആർ തയ്യാറാക്കിയ റിപ്പോർട്ടും കമ്മീഷൻ സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ട്. മദ്രസയുടെ പിഴവുകൾ ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് ഉണ്ടെന്ന് കരുതി അടച്ചുപൂട്ടുകയാണെങ്കിലും സർക്കാർ സ്കൂളുകൾക്കും അത് ബാധകമാകുമോ എന്ന് പ്രിയങ്ക് ഖാർഗെ ചോദിച്ചിരുന്നു.

അതേസമയം, മദ്രസകൾ ഇസ്ലാമിക വിദ്യാഭാസമാണ് നൽകുന്നതെന്നും മതേതരത്വത്തിൻ്റെ അടിസ്ഥാന തത്വം പാലിക്കുന്നില്ലെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. അതിനാൽ മുസ്ലിങ്ങളല്ലാത്ത വിദ്യാർഥികളെ ഉടൻ മദ്രസ വിദ്യാഭ്യാസത്തിൽനിന്ന് മാറ്റണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

2024 ഏപ്രിലിലാണ് ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ വിദ്യാഭ്യാസ നിയമം, 2004 ഭരണഘടനാവിരുദ്ധമെന്ന് പ്രസ്താവിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. അന്ന് കോടതിയിൽ സമർപ്പിച്ച പ്രതികരണത്തിലും ബാലാവകാശ കമ്മീഷൻ മദ്രസകൾക്കെതിരെ നിലപാടെടുത്തിരുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി