INDIA

റോഡുകൾ, ഔട്ട്‌പോസ്റ്റുകൾ; അക്സായ് ചിന്നിൽ ചൈന സൈനിക സജ്ജീകരണങ്ങൾ വിപുലമാക്കുന്നതായി റിപ്പോർട്ട്

ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കി യുകെ ആസ്ഥാനമായുള്ള ചാറ്റം ഹൗസെന്ന വിദഗ്ധ സംഘടനയാണ് ചൈനീസ് സജ്ജീകരണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

വെബ് ഡെസ്ക്

ഇന്ത്യയുമായുള്ള അതിർത്തിപ്രദേശമായ അക്സായ് ചിന്നിൽ സൈനിക വിന്യാസത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ചൈന സജ്ജീകരണങ്ങൾ വിപുലമാക്കുന്നതായി റിപ്പോർട്ട്. പ്രദേശത്തെ റോഡുകൾ, ഔട്ട്‌പോസ്റ്റുകൾ, ക്യാമ്പുകൾ എന്നിവ വികസിപ്പിക്കുന്നതായി യുകെ ആസ്ഥാനമായുള്ള റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫയേഴ്സ് എന്നറിയപ്പെടുന്ന വിദഗ്ധ സംഘടനയായ ചാറ്റം ഹൗസിന്റെ റിപ്പോർട്ടിൽ പറയുന്നു. 2022 ഒക്ടോബർ മുതൽ ആറ് മാസത്തിനുള്ളിൽ എടുത്ത ഉപഗ്രഹചിത്രങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.

പ്രദേശത്തുള്ള റോഡുകൾ വികസിപ്പിച്ചതായും ഔട്ട്‌പോസ്റ്റുകൾ, പാർക്കിങ് ഏരിയകൾ, സോളാർ പാനലുകൾ, ഹെലിപാഡുകൾ, കാലാവസ്ഥാ പ്രതിരോധ ക്യാമ്പുകൾ തുടങ്ങിയവയും അക്സായി ചിന്നിന്റെ ഉപഗ്രഹ ചിത്രങ്ങളിൽ ഉൾപ്പെടുന്നു

ചൈനയുടെ ഭാഗത്തുള്ള നിയന്ത്രണരേഖയുടെ (എൽഎസി) അടിസ്ഥാന സൗകര്യങ്ങളിലുള്ള വിപുലപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ്ചാറ്റം ഹൗസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രദേശത്തെ റോഡുകൾ വികസിപ്പിച്ചതും ഔട്ട്‌പോസ്റ്റുകൾ, പാർക്കിങ് ഏരിയകൾ, സോളാർ പാനലുകൾ, ഹെലിപാഡുകൾ, കാലാവസ്ഥാ പ്രതിരോധ ക്യാമ്പുകൾ തുടങ്ങിയവയും അക്സായി ചിന്നിന്റെ ഉപഗ്രഹ ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

അക്സായ് ചിൻ തടാകത്തിന് സമീപമുള്ള തർക്കപ്രദേശത്ത് പുതിയ ഹെലിപോർട്ട് നിർമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള 18 ഹാംഗറുകളും ഹ്രസ്വ റൺവേകളും ഈ സൗകര്യത്തിൽ ഉൾപ്പെടുന്നു. ഇത്തരം സൗകര്യങ്ങൾ തർക്ക പ്രദേശത്തുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയെ (പിഎൽഎ) ശക്തിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

അതിർത്തി തർക്കം മൂലം ആറു പതിറ്റാണ്ടിലെ ഏറ്റവും മോശമായ സാഹചര്യത്തിലേക്കാണ് നിലവിൽ ഇന്ത്യ ചൈന ബന്ധം എത്തിയിരിക്കുന്നത്. ഗാൽവാൻ താഴ്‌വരയിൽ 2020 ജൂണിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടശേഷമാണ് ബന്ധം ഏറ്റവും വഷളാകുന്നത്. യഥാർഥ നിയന്ത്രണരേഖ (എൽഎസി) നിലവിലുള്ള അസാധാരണമായ സാഹചര്യം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാതെ ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ കഴിയില്ലെന്നാണ് ഇന്ത്യയുടെ ഉന്നത നേതൃത്വത്തിന്റെ അഭിപ്രായം.

''എൽഎസിയുടെ ലഡാക്ക് സെക്ടറിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഡെപ്സാങ് സമതലങ്ങളിലും ചൈന കാര്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയിലെ ലോജിസ്റ്റിക്സ്, ട്രാൻസ്പോർട്ട് ബേസ് ആയി പ്രവർത്തിക്കുന്ന ദൗലത്ത് ബേഗ് ഓൾഡിയിലെ തന്ത്രപ്രധാനമായ ഇന്ത്യയുടെ എയർസ്ട്രിപ്പിന്റെ വികസനം തടയാനും സമ്മർദ്ദം ചെലുത്താനും പട്രോളിംഗ് കൊണ്ട് ഉദ്ദേശിക്കുന്നതായി തോന്നുന്നു' റിപ്പോർട്ടിൽ പറയുന്നു.

ഡെപ്‌സാങ് സമതലത്തിന്റെ തെക്ക് ഭാഗത്തുള്ള നദീതടമായ റാകി നാലയിൽ ചൈനീസ് ഔട്ട്‌പോസ്റ്റുകൾ വ്യക്തമാണ്. പാംഗോങ് തടാകത്തിൽ പുതിയ ഒരു പാലം കൂടി പൂർത്തിയാവുകയാണ്. പാലം പണി പൂർത്തിയാകുകയാണെങ്കിൽ പിഎൽഎയുടെ റുട്ടോഗ് മിലിട്ടറി ഗാരിസണിൽനിന്ന് ജലാശയത്തെ അഭിമുഖീകരിക്കുന്ന പർവതനിരകളിലേക്ക് സേനയെ അതിവേഗം വിന്യസിക്കാൻ ചൈനയ്ക്ക് സാധിക്കും.

സിൻജിയാങ്ങിനെ ടിബറ്റുമായി ബന്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ചൈനീസ് ജി695 ഹൈവേ 2035-ൽ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. പിഎൽഎയ്ക്ക് സൈന്യത്തെയും സംവിധാനങ്ങളെയും എത്തിക്കാൻ കഴിയുന്ന പുതിയ റൂട്ട് ലഭ്യമാക്കുന്ന തന്ത്രപ്രധാനമായ ധമനികളെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ