ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയോട് ചേർന്നുള്ള മേഖലയിൽ സ്ഥാപിച്ച 'മാതൃക ഗ്രാമങ്ങളിൽ' ആളുകളെ അധിവസിപ്പിക്കാൻ ആരംഭിച്ചിരിക്കുകയാണ് ചൈന. 2019 മുതൽ ചൈന യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഗ്രാമങ്ങൾ പണിയുന്നതായി നിരവധി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ജനവാസം ഉണ്ടായിരുന്നില്ല. എന്നാൽ അരുണാചൽ പ്രദേശിലെ ലോഹിത് താഴ്‌വരയ്ക്കും തവാങ് സെക്ടറിനും എതിർവശത്തുള്ള എൽഎസിക്ക് സമീപമുള്ള ചില ഗ്രാമങ്ങളിൽ സമീപകാലത്തായി ചൈനീസ് പൗരന്മാരുടെ സ്ഥിരസാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യുന്നു.
എൽഎസിയെ ചൊല്ലി ഇരുരാജ്യങ്ങൾക്കിടയിൽ വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. 3488 കിലോമീറ്ററാണ് യഥാർത്ഥ നിയന്ത്രണ രേഖയെന്ന് ഇന്ത്യ അവകാശപ്പെടുന്നുണ്ടെങ്കിലും 2000 കിലോമീറ്റർ മാത്രമേ ചൈന അംഗീകരിച്ചിട്ടുള്ളു
ടിബറ്റ് സ്വയംഭരണ പ്രദേശവുമായുള്ള ഇന്ത്യയുടെ അതിർത്തിയിൽ അഞ്ച് വർഷത്തിലേറെയായി ചൈന, 'ഷാവൊകാങ് അഥവാ നല്ല ഗ്രാമങ്ങൾ' എന്നറിയപ്പെടുന്ന 628 ജനവാസ ഗ്രാമങ്ങളെങ്കിലും നിർമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലഡാക്ക്, അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ളവയുടെ അതിർത്തി മേഖലകളിലാണ് ഇവയിൽ അധികവും. കെട്ടിടങ്ങളിൽ കൂടുതലും ഇരുനിലകളും വിശാലവുമായതാണ്. കൂടാതെ ഇവയുടെ നിർമാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുമുണ്ട്.
ഇവയുടെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമല്ലെങ്കിലും സൈനിക ആവശ്യങ്ങൾ കൂടി മുന്നിൽക്കണ്ടാണ് ഈ ഗ്രാമങ്ങളുടെ നിർമിതി. അതുകൊണ്ടുതന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തരം ഗ്രാമങ്ങൾ ആശങ്ക ഉണ്ടാക്കുന്നതാണ്. എൽ എ സിയിലെ പല മേഖലകളിലും ഇത്തരം ഗ്രാമങ്ങൾ വഴി ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്.
എൽഎസിയെ ചൊല്ലി ഇരുരാജ്യങ്ങൾക്കിടയിൽ വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. 3488 കിലോമീറ്ററാണ് യഥാർത്ഥ നിയന്ത്രണ രേഖയെന്ന് ഇന്ത്യ അവകാശപ്പെടുന്നുണ്ടെങ്കിലും 2000 കിലോമീറ്റർ മാത്രമേ ചൈന അംഗീകരിച്ചിട്ടുള്ളു. ഇതിന്റെ ഭാഗമായി 2022 ജനുവരി ഒന്ന് മുതൽ ചൈനയുടെ കരയതിർത്തി സംബന്ധിച്ച് പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു. അതിർത്തിയിലെ ഗ്രാമങ്ങളുടെ നിർമാണം ഈ ബില്ലിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ പ്രതിരോധം ശക്തിപ്പെടുത്തുക പോലെയുള്ള ചില നിർണായക നിർദേശങ്ങളും ബില്ലിലുണ്ടായിരുന്നു.
അതിർത്തിയിലെ ഇന്ത്യന്‍ 'പ്രതിരോധം'
ഇന്ത്യയുടെ ഭാഗത്തുനിന്നും അതിർത്തിയിലെ കടന്നുകയറ്റങ്ങൾ തടയാൻ ലക്ഷ്യമിട്ട് നടപടികൾ സ്വീകരിക്കുന്നുണ്ട്. 2022ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 'വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം' അതിർത്തി ഗ്രാമങ്ങളെ എല്ലാ സൗകര്യങ്ങളോടും കൂടി വിനോദസഞ്ചാര കേന്ദ്രങ്ങളായും ആധുനിക ഗ്രാമങ്ങളാക്കിയും വികസിപ്പിക്കുന്നതിനായി കൊണ്ടുവന്നതായിരുന്നു. ബോർഡർ ഏരിയ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിനെ (BADP) അടിസ്ഥാനമാക്കിയാണ് ഈ പ്രോഗ്രാം.
ആദ്യ ഘട്ടത്തിൽ 663 അതിർത്തി ഗ്രാമങ്ങളെ ആധുനിക ഗ്രാമങ്ങളാക്കി വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. അതിനായി ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ചൈനയുമായി അതിർത്തി പങ്കിടുന്ന 17 ഗ്രാമങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.
അരുണാചൽ പ്രദേശിലെ തവാങ് മേഖലയിലും സിയാങ് താഴ്‌വരയിലും ഉൾപ്പെടെ എൽഎസിയിൽ ചൈന നിരന്തരം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നുണ്ട്. ചുരങ്ങളിലൂടെയുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി പുതിയ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ ഭൂട്ടാൻ മേഖലയിലും ചൈന വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുന്നുണ്ട്.