INDIA

ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാര്‍; പ്രകോപനം വെടിഞ്ഞ് ചെെന

ചര്‍ച്ചകളിലൂടെ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന നയതന്ത്ര, സൈനിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി

വെബ് ഡെസ്ക്

അതിർത്തി സംഘർഷങ്ങൾക്ക് പിന്നാലെ ഇന്ത്യയുമായി സഹകരിക്കാൻ തയ്യാറാണെന്നറിയിച്ച് ചൈന. ഇന്ത്യ-ചൈന ബന്ധത്തിന്റെ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് യി അറിയിച്ചു. അതിര്‍ത്തിയിലെ സമാധാനം നിലനിർത്താൻ ഇരു രാജ്യങ്ങളും പ്രതിജ്ഞബന്ധമാണ്. ചര്‍ച്ചകളിലൂടെ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന നയതന്ത്ര, സൈനിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

തവാങ് സംഘർഷത്തിന് ശേഷം ഡിസംബർ 20ന് ഇന്ത്യ-ചൈന സൈനിക കമാൻഡർമാർ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഡിസംബര്‍ 9നാണ് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പ്രശ്‌ന പരിഹാരത്തിനായി ഇതിനോടകം ഇന്ത്യയും ചൈനയും 17 തവണയാണ് ചര്‍ച്ചകള്‍ നടത്തിയത്. ചൈനയുടെ പ്രകോപനത്തിന് ഇന്ത്യൻ സൈന്യം ശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. തവാങ് സംഘർഷത്തിന് ശേഷം അതിർത്തി മേഖലയിൽ വ്യോമ അഭ്യാസമടക്കമുള്ള നിർണായകമായ സൈനിക നീക്കങ്ങളും ഇന്ത്യ നടത്തിയിരുന്നു. ചൈനയുടെ ഏത് വെല്ലുവിളിയേയും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംങും താക്കീത് നൽകിയിരുന്നു.

നേരത്തെ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തെ ചൈന രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സെെനികാഭ്യാസം ഇന്ത്യയും ചൈനയും തമ്മിലുള്ള 1993ലെയും 1996ലെയും കരാറിന്റെ ലംഘനമാണെന്നും ഉഭയകക്ഷി വിശ്വാസത്തെ തകര്‍ക്കുന്ന നടപടിയാണ് ഇന്ത്യയുടെതെന്നുമായിരുന്നു ചെെനയുടെ വാദം. അതിര്‍ത്തിയില്‍ ഇന്ത്യയുടെ നടപടികളില്‍ ആശങ്കയുണ്ടെന്നും ചെെന വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഉഭയകക്ഷി കരാറുകളുടെ ലംഘനമാണെന്ന ചൈനയുടെ വാദത്തെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. ആരുമായി സൈനികാഭ്യാസം നടത്തണമെന്ന് തീരുമാനമെടുക്കാനുള്ള വീറ്റോ അധികാരം മൂന്നാമതൊരു രാജ്യത്തിനും നല്‍കിയിട്ടില്ലെന്നായിരുന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി