പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുള്ള സിബിഐ നീക്കങ്ങള്‍ക്ക് തിരിച്ചടി. മെഹുല്‍ ചോക്സിയെ ആന്റിഗ്വയില്‍ നിന്ന് മാറ്റുന്നത് കോടതി തടഞ്ഞു. ഹൈക്കോടതി വിധിയില്ലാതെ ചോക്‌സിയെ ആന്റിഗ്വ-ബര്‍ബഡയില്‍ നിന്ന് മാറ്റാനാവില്ലെന്ന് കോടതി അറിയിച്ചു.
2021 മെയില്‍ ആന്റിഗ്വയിലായിരുന്ന ചോക്സിയെ ഡൊമിനികയിലേക്ക് തട്ടിക്കൊണ്ട് പോയി എന്ന കേസിലാണ് കോടതിയുടെ വിധി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ചോക്‌സി ആവശ്യപ്പെട്ടത്. ആന്റിഗ്വയിലെ അറ്റോർണി ജനറലിനും പോലീസ് മേധാവിക്കും സമഗ്രമായ അന്വേഷണം നടത്താൻ ബാധ്യതയുണ്ടെന്ന് ചോക്സി വാദിച്ചതായി ഡൊമിനിക്ക ആസ്ഥാനമായുള്ള നേച്ചർ ഐൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തനിക്ക് മനുഷ്യത്വരഹിതമായ ശിക്ഷയ്ക്ക് വിധേയനാവേണ്ടി വരുമെന്ന് ആശങ്കയുണ്ടെന്നും ചോക്‌സി പറയുന്നു. അതുകൊണ്ട് തന്നെ, 2021 മെയ് 23-ന് ആൻറിഗ്വയിൽ നിന്നും ബാർബുഡയിൽ നിന്നും നിർബന്ധിതമായി നാടുകടത്തപ്പെട്ടതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെക്കുറിച്ച് സമയബന്ധിതവും സമഗ്രവുമായ അന്വേഷണം വേണമെന്നും ചോക്സി അഭ്യർത്ഥിച്ചു.
ചോക്‌സിയെ ബലംപ്രയോഗിച്ച് അദ്ദേഹത്തിന്റെ നിയമപരിധിയില്‍ നിന്ന് മാറ്റിയതാണെന്നും അതിന് ശേഷം ഡൊമിനിക്കയിലേക്ക് അദ്ദേഹത്തിന്റെ സമ്മതമില്ലാതെ കൊണ്ടുപോയി എന്നതിന് തെളിവുണ്ടെന്നും കോടതി വിധിയില്‍ പറയുന്നു. അതുകൊണ്ട്, ഇന്റർ-പാർട്ടി ഹിയറിങിന് ശേഷം ഹൈക്കോടതി ചോക്സിയ്ക്കെതിരെ വിധി പുറപ്പെടുവിക്കുന്നില്ലെങ്കിൽ ആന്റിഗ്വ- ബാർബുഡ പ്രദേശങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കഴിയില്ലെന്ന് കോടതി ഉത്തരവിട്ടു. അതേസമയം, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സിബിഐ പറഞ്ഞു. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് മെഹുല്‍ ചോക്‌സിക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്തത്.
2021 ജൂണില്‍ ഇന്ത്യൻ അന്വേഷണ ഏജൻസികൾ തന്നെ തട്ടിക്കൊണ്ടുപോവാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ആന്റിഗ്വ ഹൈകോടതിയിൽ ചോക്സി ഹർജി നൽകിയത്. സിബിഐയുടെയും ഇ ഡിയുടെയും ആവശ്യപ്രകാരം ചോക്സിക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും മാർച്ചിൽ റെഡ് കോർണർ നോട്ടീസ് പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. 2018 ഡിസംബറിലാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മെഹുൽ ചോക്സി നൽകിയ അപേക്ഷ അംഗീകരിച്ചാണ് നടപടി.
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ഉൾപ്പെടെയുള്ള ബാങ്കുകളിൽനിന്ന് ചോക്സിയും സഹോദരീപുത്രൻ നീരവ് മോദിയും 13,500 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിടുകയായിരുന്നു. 2018 ഫെബ്രുവരി 15 നാണ് മെഹുൽ ചോക്സിക്കും മറ്റുള്ളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2022ൽ വിവിധ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ചതിന് ചോക്‌സിക്കും മറ്റുള്ളവർക്കുമെതിരെ അഞ്ച് ക്രിമിനൽ കേസുകൾ കൂടി സിബിഐ രജിസ്റ്റർ ചെയ്തു.