INDIA

'കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയുടെ അവസരം; 2026ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തും': പ്രകാശ് ജാവദേക്കര്‍

വെബ് ഡെസ്ക്

2024 ലോക്സഭാ തിരഞ്ഞെടുപ്പിനായി കേരളത്തില്‍ ബിജെപിയുടെ തയ്യാറെടുപ്പ്, ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായുള്ള അടുപ്പം, ന്യൂനപക്ഷ പ്രീണന ആരോപണം, മോദി ഭരണം നല്‍കുന്ന വിജയപ്രതീക്ഷ തുടങ്ങി കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷകളും നിലപാടുകളും പങ്കുവച്ച് സംഘടനാ ചുമതലയുള്ള മുതിര്‍ന്ന നേതാവ് പ്രകാശ് ജാവദേക്കര്‍. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി പ്രതീക്ഷകള്‍ അദ്ദേഹം പങ്കുവച്ചത്.

'' മത പുരോഹിതര്‍ പറഞ്ഞാല്‍ ജനം കേള്‍ക്കും. അവര്‍ സാധാരണക്കാരുടെ സുഹൃത്തും വഴികാട്ടിയും തത്വചിന്തകരുമാണ്. അതുകൊണ്ടുതന്നെ അവരുടെ വാക്കുകള്‍ക്ക് വലിയ പ്രധാന്യമുണ്ട്'' - ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായുള്ള ബിജെപി കൂട്ടുകെട്ടും വിവാദവും സംബന്ധിച്ച് പ്രകാശ് ജാവദേക്കര്‍ സംസാരിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന് ആരോപിച്ച ബിജെപിയും അതേ പാതയല്ലേ പിന്തുടരുതെന്ന ചോദ്യത്തിന് തന്ത്രപരമായായിരുന്നു ജാവദേക്കറിന്റെ മറുപടി. തുല്യതയോടെയുള്ള പരിഗണന എന്നതാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ ബിജെപിക്ക് അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ എതിരെ ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചില്ല.

ക്രൈസ്തവര്‍ ബിജെപിയിലേക്ക് തിരിയുന്നത് സ്വാഭാവിക പ്രക്രിയയാണെന്നും ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരുടെ പ്രവര്‍ത്തന മികവ് അതിന് കാരണമായിട്ടുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. വിചാരധാരയില്‍ അധിഷ്ഠിതമായതിനേക്കാള്‍, രാജ്യം ഒന്നാണെന്ന തത്വശാസ്ത്രമാണ് ബിജെപിയെ നയിക്കുന്നത്. ജനസംഘകാലം മുതല്‍ പാര്‍ട്ടി പിന്തുരുന്നത് അതാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേരളത്തില്‍ ആരോട് ചോദിച്ചാലും മോദി തിരിച്ചുവരുമെന്ന പ്രതീക്ഷയാകും അവര്‍ പങ്കുവയ്ക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ രാഷ്ട്രീയം ഇരു പാര്‍ട്ടികള്‍ കേന്ദ്രീകരിച്ചാണ് രണ്ട് മുന്നണികള്‍ക്കും ശക്തമായ സംഘടനാ സംവിധാനവും അടിത്തറയുമുണ്ട്. ബിജെപി അവരെ വിലകുറച്ചു കാണില്ല
പ്രകാശ് ജാവദേക്കര്‍

''കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ 1.5 ലക്ഷത്തിലേറെ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഈദ് ദിനത്തില്‍ മുസ്ലീം വീടുകളും സന്ദര്‍ശിക്കും''- ജാവദേക്കര്‍ വ്യക്തമാക്കി. ബിജെപി ആഗ്രഹിക്കുന്നത് രാജ്യത്തെ ഒന്നാമത്തെ പാര്‍ട്ടിയാകാനാണ്. അല്ലാതെ ഏറ്റവും വലിയ മതാധിഷ്ടിത പാര്‍ട്ടി എന്നതല്ല ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയം ഇരു മുന്നണികള്‍ കേന്ദ്രീകരിച്ചാണ്. രണ്ട് മുന്നണികള്‍ക്കും ശക്തമായ സംഘടനാ സംവിധാനവും അടിത്തറയുമുണ്ട്. ബിജെപി അവരെ വിലകുറച്ചു കാണില്ല. എന്നാല്‍ മോദിയുടെ സദ്ഭരണം ബിജെപിക്ക് വിജയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2024 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളെങ്കിലും ബിജെപി നേടും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേറും
പ്രകാശ് ജാവദേക്കര്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അഞ്ച് സീറ്റുകളെങ്കിലും ബിജെപി നേടും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്നും ജാവദേക്കര്‍ വ്യക്തമാക്കി. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യില്ലെന്ന തെറ്റായ ധാരണ സൃഷ്ടിച്ചത് എല്‍ഡിഎഫും യുഡിഎഫുമാണ്. അത് ശരിയല്ല. ക്രൈസ്ത്രവരും മുസ്ലീം മത വിശ്വാസികളും മോദി അവര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യില്ലെന്ന തെറ്റായ ധാരണ സൃഷ്ടിച്ചത് എല്‍ഡിഎഫും യുഡിഎഫുമാണ് അത് ശരിയല്ല

മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള മികച്ച നേതാക്കള്‍ വരും ദിവസങ്ങളില്‍ ബിജപിയിലേക്ക് ചേക്കേറുന്നത് കാണാമെന്ന് പ്രകാശ് ജാവദേക്കര്‍ അവകാശപ്പെട്ടു. മോദിയേയും പിണറായിയേയും താരതമ്യം ചെയ്യുന്ന നടപടികളേയും അദ്ദേഹം തള്ളി.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ