ബോളിവുഡ് താരങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഭീഷണി സന്ദേശങ്ങള്‍ മുംബൈ പോലീസിന് പുതിയ തലവേദനയാകുന്നു. സല്‍മാന്‍ ഖാന് പിന്നാലെ സുപ്പര്‍ താരം ഷാരൂഖ് ഖാനാണ് പുതിയ ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ ബാന്ദ്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭാരതീയ നാഗരിത് സംഹിത 308(4), 351 (3)(4) വകുപ്പുകള്‍ പ്രകാരമാണ് നടപടി. ബാന്ദ്ര പോലീസിന് ലഭിച്ച സന്ദേശം അനുസരിച്ച് 50 ലക്ഷം രൂപ തന്നില്ലെങ്കില്‍ ഷാരൂഖ് ഖാനെ വധിക്കുമെന്നായിരുന്നു ഭീഷണി.
മുംബൈ പോലീസ് സംഘം ഛത്തീസ്ഗഡിലേക്ക്
ഛത്തീസ്ഗഡിലെ റായ്പൂരാണ് ഫോണ്‍ കോളിന്റ ഉറവിടം എന്നാണ് മുംബൈ പോലീസ് നല്‍കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് സംഘം ഛത്തീസ്ഗഡിലേക്ക് തിരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുപ്രസിദ്ധ സംഘമായ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണികള്‍ തുടര്‍ച്ചയായി സല്‍മാന്‍ ഖാന് നേരെ ഉയര്‍ന്നിരുന്നു. അഞ്ചു കോടി രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടേതിനേക്കാള്‍ മോശം സ്ഥിതിയാകുമെന്ന ഭീഷണിയാണ് ഇതില്‍ ഏറ്റവും ഒടുവില്‍ ഉണ്ടായത്.
മുംബൈ പോലീസിനായിരുന്നു് ഭീഷണി സന്ദേശം ലഭിച്ചത്. ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്നാണ് മുംബൈ പോലീസിന്റെ നിഗമനം.''ജീവിച്ചിരിക്കണമെന്നും ലോറന്‍സ് ബിഷ്ണോയിയുടെ ശത്രുത അവസാനിക്കണമെന്നും ആഗ്രഹമുണ്ടെങ്കില്‍ സല്‍മാന്‍ ഖാന്‍ ഇടന്‍ അഞ്ച് കോടി രൂപ നല്‍കണം. ഈ ആവശ്യം ലഘൂകരിച്ചു കാണരുത്. അവഗണിച്ചാല്‍ സല്‍മാന്റെ സ്ഥിതി ബാബാ സിദ്ധിഖിയേക്കാള്‍ മോശമാകും,'' എന്നായിരുന്നു ഭീഷണി സന്ദേശം.