INDIA

കങ്കണയെ തല്ലിയ സിഐഎസ്‌എഫ്  കോൺസ്റ്റബിളിനു സ്ഥലം മാറ്റം; ഇനി ബെംഗളൂരു വിമാനത്താവളത്തിൽ

ദ ഫോർത്ത് - ബെംഗളൂരു

നടിയും  ലോക്സഭാ അംഗവുമായ  കങ്കണ റണാവത്തിനെ  വിമാനത്താവളത്തിൽ വച്ച്  തല്ലിയ സിഐഎസ്എഫ്  കോൺസ്റ്റബിളിന്  സ്ഥലംമാറ്റം. അച്ചടക്ക നടപടിയുടെ ഭാഗമായി  നിലവിൽ  സസ്‌പെൻഷനിൽ കഴിയുന്ന വനിതാ കോൺസ്റ്റബിൾ  കുൽവീന്ദർ കൗറിനെ ബെംഗളൂരു അന്താരാഷ്ട്ര  വിമാനത്താവളത്തിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. സസ്‌പെൻഷൻ  കാലാവധിയും അന്വേഷണവും പൂർത്തിയാകുന്ന  മുറയ്ക്ക്‌ കുൽവീന്ദർ ഇവിടെ ചുമതലയേൽക്കും. 

ബെംഗളൂരു വിമാനത്താവളത്തിന്റെ രണ്ടു ടെർമിനലുകളിൽ ഏതിലാകും ഇവർ ചുമതലഏൽക്കുക എന്ന കാര്യം വ്യക്തമല്ല  .  കർണാടക സിഐഎസ്‌എഫിന്റെ പത്താം ബറ്റാലിയന്  ഒപ്പമാണ് കുൽവീന്ദർ കൗർ ചേരുക. ഈ ബറ്റാലിയനാണ് നിലവിൽ  അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ നോക്കുന്നത്.  വിമാനത്താവളത്തിന് പുറത്തും പരിസരങ്ങളിലും  സുരക്ഷാ  കാവൽ നിൽക്കുന്ന  ചുമതലയാകും  കുൽവീന്ദറിന് ലഭിക്കുക  എന്നാണ്  അറിയുന്നത്. യാത്രക്കാരുടെ സുരക്ഷാ  പരിശോധന  നടത്തുന്ന ' സെക്യൂരിറ്റി ചെക് ' വിഭാഗത്തിൽ  നിന്ന്  ഇവരെ പൂർണമായും  ഒഴിവാക്കിയേക്കും.

ചണ്ഡീഗഡ് വിമാനത്താവളത്തിൽ വച്ചായിരുന്നു  കങ്കണ റണാവത്ത് എംപിക്കെതിരെ  കുൽവീന്ദർ അതിക്രമം കാട്ടിയത്  . ഹിമാചൽ പ്രദേശിലെ  മണ്ഡി ലോക്സഭാ മണ്ഡലത്തിലെ  വിജയത്തിന് ശേഷം ഡൽഹിയിലേക്ക് പോകാൻ  എത്തിയതായിരുന്നു ബിജെപി എംപി. സുരക്ഷാ  പരിശോധനയ്‌ക്കിടെ വനിതാ സി ഐ എസ്‌ എഫ്  ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ മുഖത്തടിച്ചതായി കങ്കണ  വെളിപ്പെടുത്തുകയായിരുന്നു. കർഷകരെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ തന്നെ മർദിച്ചു എന്നായിരുന്നു  കങ്കണ  പരാതിയിൽ പറഞ്ഞത്. 

പഞ്ചാബിലെ കർഷക സമരത്തിൽ  പങ്കെടുത്തവരെല്ലാം 100 രൂപ കൂലിക്ക് വന്നവരാണെന്ന കങ്കണയുടെ പരാമർശമായിരുന്നു പ്രകോപനം. പരാമർശം നേരത്തെ വിവാദമായിരുന്നു. തന്റെ അമ്മയും സമരത്തിൽ  പങ്കെടുത്തതാണെന്നും അപമാനിച്ചു സംസാരിച്ചതിനാലാണ് മുഖത്തടിച്ചതെന്നുമായിരുന്നു കുൽവീന്ദറിന്റെ വിശദീകരണം. കുൽവീന്ദറിനെതിരെയുള്ള വകുപ്പ് തല അന്വേഷണം  തുടരുകയാണ്. അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യപ്പെട്ട ഇവരെ  അനുമോദിച്ചു നിരവധി വ്യക്തികളും സംഘടനകളും രംഗത്തുവന്നിരുന്നു. വിവിധ സ്ഥാപനങ്ങൾ  ജോലി വാഗ്ദാനവും നൽകിയിരുന്നു. 

ഒടുവില്‍ അജിത്കുമാര്‍ തെറിച്ചു; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?