രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ട്‌റൽ ബോണ്ട് വഴി ലഭിക്കുന്ന സംഭാവനകളെക്കുറിച്ച് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമില്ലെന്ന് കേന്ദ്രസർക്കാർ. അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാടറിയിച്ചത്.
ഒരു പരിശോധനകൾക്കും കീഴിൽ വരാത്ത സുതാര്യമല്ലാത്ത ഫണ്ടിങ് സംവിധാനമാണ് ഇലക്ടറൽ ബോണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മും എൻജിഒകളായ കോമൺ കോസ്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) എന്നിവയും ചേർന്നായിരുന്നു കോടതിയെ സമീപിച്ചത്.
ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) പ്രകാരമുള്ള പൗരന്മാരുടെ അവകാശം പരിധിയില്‍ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ധനസഹായം സംബന്ധിച്ച വിവരങ്ങൾ വരുന്നില്ലെന്ന് വെങ്കട്ടരമണി പറഞ്ഞു. ഇലക്ടറൽ ബോണ്ട് വിഷയം കോടതിയുടെ മാർഗ്ഗനിര്‍ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കേണ്ടതല്ല.ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാകാതെ എന്തിനെക്കുറിച്ചും എല്ലാ കാര്യങ്ങളും അറിയാനുള്ള പൊതുഅവകാശങ്ങള്‍ ഒന്നും രാജ്യത്തില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഫണ്ടിങ് ഉറവിടത്തെക്കുറിച്ച് അറിയാൻ പൗരന്മാർക്ക് അവകാശമുണ്ടെന്ന ഹർജിക്കാരുടെ വാദം ഖണ്ഡിച്ചുകൊണ്ടായിരുന്നു എജിയുടെ മറുപടി.
സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം അറിയാനുള്ള പൗരന്റെ അവകാശം ഉയർത്തിപ്പിടിക്കുന്ന വിധിന്യായങ്ങൾ പാർട്ടികളുടെ ഫണ്ടിങ് സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ള അവകാശം ഉറപ്പാക്കുന്നില്ല. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിരിക്കണമെന്ന പശ്ചാത്തലത്തിലാണ് ഈ വിധിന്യായങ്ങളെന്ന് എജി പ്രസ്താവിച്ചു. അത്തരം പരിമിതമായ അവകാശങ്ങൾ കളങ്കരഹിതരായ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള പൗരന്മാരുടെ പ്രത്യേക തിരഞ്ഞെടുപ്പിന് കാരണമാകുമെന്നും എ ജി സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഇലക്ടറൽ ബോണ്ട് സ്കീം ഏതെങ്കിലും വ്യക്തിയുടെ നിലവിലുള്ള അവകാശങ്ങളെ തടസ്സപ്പെടുത്തുന്നില്ല. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്നും പറയാനാവില്ല. അതുകൊണ്ടുതന്നെ ഭരണഘടനാവിരുദ്ധമാണെന്ന കാരണം ചൂണ്ടിക്കാട്ടി നിയമം റദ്ദാക്കാൻ സാധിക്കില്ല.
മെച്ചപ്പെട്ടതോ വ്യത്യസ്തമോ ആയ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിനുവേണ്ടി കേന്ദ്ര നയങ്ങൾ പരിശോധിക്കാനുള്ളതല്ല ജുഡീഷ്യൽ റിവ്യൂയെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹർജിയില്‍ നാളെ വാദം കേള്‍ക്കും. വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഒക്ടോബർ 16-ന് അഞ്ചംഗ ബെഞ്ചിലേക്ക് ഹർജി കൈമാറിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരാണ് ഹർജിയില്‍ വാദം കേള്‍ക്കുക.