INDIA

ഡല്‍ഹി കോര്‍പ്പറേഷനില്‍ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; ബിജെപി കൗണ്‍സിലർമാർ ആക്രമിച്ചെന്ന് മേയര്‍

വോട്ടെടുപ്പിനിടെ ചില അംഗങ്ങൾ മൊബൈൽ ഫോൺ കൈവശം വച്ചെന്നാരോപിച്ച് ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള തർക്കമാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്

വെബ് ഡെസ്ക്

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി തിരഞ്ഞെടുപ്പിനിടെ ആംആദ്മി-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. കയ്യാങ്കളിയെയും വാക്കേറ്റത്തെയും തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടപടികള്‍ പല തവണ നിര്‍ത്തിവച്ചു. പുലര്‍ച്ചെ കൗണ്‍സില്‍ യോഗം നടത്താല്‍ ശ്രമിച്ചെങ്കിലും ബഹളം മൂലം നിര്‍ത്തി വയ്ക്കുകയായിരുന്നു.

ബഹളത്തിനിടെ ബിജെപി കൗൺസിലർമാർ ആക്രമിച്ചതായി ഡൽഹി മേയർ ഷെല്ലി ഒബ്റോയ് ആരോപിച്ചു. ''സുപ്രീംകോടതി ഉത്തരവനുസരിച്ച് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തുന്നതിനിടെയാണ് ബിജെപി കൗൺസിലർമാർ എന്നെ ആക്രമിക്കാൻ ശ്രമിച്ചത്. വനിതാ മേയറെ ആക്രമിക്കാൻ ശ്രമിച്ച ബിജെപിയുടെ നടപടി ഗുണ്ടായിസമാണ്''- ഷെല്ലി ട്വീറ്റ് ചെയ്തു. ബഹളത്തിനിടയിൽ ബിജെപി കൗൺസിലർമാർ വേദിയിൽ കയറുന്നതും മേയറെ വളയുന്നതും ദൃശ്യങ്ങളിൽ കാണാം.

എന്നാൽ മേയറെ ആക്രമിച്ചിട്ടില്ലെന്നും വിഷയം മേയറുമായി ചർച്ച ചെയ്യാൻ മാത്രമാണ് ശ്രമിച്ചതെന്നും ബിജെപി കൗൺസിലർ സത്യ ശർമ പറഞ്ഞു. കൂടാതെ തങ്ങളുടെ കൗൺസിലർമാർക്കും പരുക്കേറ്റതായും ബിജെപി പറഞ്ഞു. കുപ്പികളും ആപ്പിളും ചെരുപ്പും കൊണ്ട് നേതാക്കളെ അടിച്ചെന്നും പ്രമോദ് ഗുപ്തയെ തല്ലിച്ചതച്ചെന്നും സത്യ ശർമ ആരോപിച്ചു.

തികച്ചും ഞെട്ടിപ്പിക്കുന്നതും അംഗീകരിക്കാൻ ആവാത്തതുമാണെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.

വോട്ടെടുപ്പിനിടെ ചില അംഗങ്ങൾ മൊബൈൽ ഫോൺ കൈവശം വച്ചെന്നാരോപിച്ച് ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള തർക്കമാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടെുപ്പില്‍ പേനയും സെല്‍ഫോണും കൊണ്ടുപോകുന്നത് അനുവദനീയമല്ല. സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം ലംഘിച്ച എഎപി അംഗങ്ങളെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയുകയായിരുന്നു എന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്താന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു എന്ന് എഎപി വക്താവ് സൗരഭ് ഭരദ്വരാജ് ആരോപിച്ചു. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെുപ്പുകള്‍ ബുധനാഴ്ച നടത്താനായിരുന്നു സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി കോര്‍പ്പറേഷന്റെ മേയറായി ആം ആദ്മിയുടെ ഷെല്ലി ഒബ്‌റോയിയും ഡെപ്യൂട്ടി മേയറായി ആലി മുഹമ്മദ് ഇഖ്ബാലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്

എഎപി - ബിജെപി തര്‍ക്കത്തെ തുടര്‍ന്ന് പലതവണ മാറ്റിവെച്ച മേയര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് നടന്നത്. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഡല്‍ഹി കോര്‍പ്പറേഷന്റെ മേയറായി ആം ആദ്മിയുടെ ഷെല്ലി ഒബ്‌റോയിയും ഡെപ്യൂട്ടി മേയറായി ആലി മുഹമ്മദ് ഇഖ്ബാലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടെടുപ്പ് നിർത്തിവയ്ക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും ഇന്നുതന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന തീരുമാനത്തിൽ മേയർ ഉറച്ചു നിൽക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് വിതരണം ആരംഭിച്ച് മിനിറ്റുകൾക്ക് ശേഷം സഭയിൽ ആദ്യം ബഹളം പൊട്ടിപ്പുറപ്പെട്ടു. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

സംഘര്‍ഷങ്ങള്‍ക്കിടയില്‍ സ്റ്റാന്‍ഡിങ് കമ്മറ്റി തിരഞ്ഞെടുപ്പ് അര്‍ദ്ധരാത്രിയോടെയാണ് നടന്നത്. 13 തവണയാണ് തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവച്ചത്. തുടർന്ന് പുലർച്ചയോടെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂർത്തിയാക്കി. അതിനിടെ എംസിഡി ഹൗസിന് പുറത്ത് ബഹളം വച്ചതിന് ആം ആദ്മി എംഎൽഎ കുൽദീപ് കുമാറിനെയും മറ്റ് കൗൺസിലർമാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും