INDIA

ബിജെപി ബാന്ധവത്തെ എതിര്‍ത്തു; സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ പുറത്താക്കി ജെഡിഎസ്, ചുമതല കുമാരസ്വാമിക്ക്

എച്ച് ഡി കുമാരസ്വാമിയെയും മകൻ നിഖിൽ കുമാരസ്വാമിയെയും പാർട്ടിയിൽ നിന്ന് പുറത്തക്കിയതായി സി എം ഇബ്രാഹിമിന്റെ ലെറ്റർ ഹെഡിൽ പുറത്തിറങ്ങിയ കത്ത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കപ്പെട്ടിരുന്നു

ദ ഫോർത്ത് - ബെംഗളൂരു

കര്‍ണാടക ജെഡിഎസിനെ പിളര്‍പ്പിന്റെ വക്കിലാക്കി സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ പുറത്താക്കി എച്ച് ഡി ദേവെ ഗൗഡയും കുമാരസ്വാമിയും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് സി എം ഇബ്രാഹിമിനെതിരെ നടപടി . ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജെഡിഎസ് എന്‍ ഡി എ മുന്നണി പ്രവേശം നടത്തിയതിനെയും ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിനെയും എതിര്‍ത്തു സി എം ഇബ്രാഹിം രംഗത്തെത്തിയിരുന്നു. യഥാര്‍ത്ഥ ജെഡിഎസ് താനാണെന്നും ബിജെപി ബാന്ധവം എച്ച് ഡി കുമാരസ്വാമിയുടെ വ്യക്തിപരമായ കാര്യമാണെന്നുമായിരുന്നു സി എം ഇബ്രാഹിം നിലപാടെടുത്തത്.

ജെഡിഎസ് ബിജെപിയുമായി കൈകോർക്കാൻ തീരുമാനിച്ചതിനു പിന്നാലെ കർണാടക മുൻ മുഖ്യമന്ത്രിയും ജെ ഡി എസിന്റെ മുതിർന്ന നേതാവുമായ എച്ച് ഡി കുമാരസ്വാമിയെയും മകൻ നിഖിൽ കുമാരസ്വാമിയെയും പാർട്ടിയിൽ നിന്ന് പുറത്തക്കിയതായി പറയുന്ന സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിമിന്റെ ലെറ്റർ ഹെഡിൽ പുറത്തിറങ്ങിയ കത്ത് സാമൂഹിക മാധ്യമങ്ങൾ വഴി വലിയതോതിൽ പ്രചരിക്കപ്പെട്ടിരുന്നു. കത്ത് വലിയ ചർച്ചകൾക്ക് വഴിവച്ച സാഹചര്യത്തിൽ സി എം ഇബ്രാഹിം തന്നെ കത്ത് വ്യാജമാണെന്നും തന്റെ പ്രതിച്ഛായ തകർക്കാൻ ആരോ കരുതിക്കൂട്ടി പ്രചരിപ്പിക്കുന്നതാണെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം പോലീസിന് പരാതി നൽകിയിരുന്നു.

എന്‍ ഡി എ പ്രവേശവും ബിജെപി ബാന്ധവവും സി എം ഇബ്രാഹിമിനോട് കൂടി ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണെന്ന മുഖവുരയോടെയാണ് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും അധ്യക്ഷ പദവിയില്‍ നിന്നും സി എം ഇബ്രാഹിമിനെ നീക്കിയതായും അധ്യക്ഷന്റെ ചുമതല താത്കാലികമായി കുമാരസ്വാമിക്ക് നല്‍കുന്നതായും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

പരാതി നൽകി മണിക്കൂറുകൾക്കുള്ളിലാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സി എം ഇബ്രാഹിമിനെ മാറ്റിയെന്ന വാർത്ത പുറത്ത് വരുന്നത്. ദേവഗൗഡയും കുമാരസ്വാമിയുമുൾപ്പെടെയുള്ള നേതാക്കൾ ബി ജെ പിയുമായി സഖ്യം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച സമയത്ത്, ഇപ്പുറത്ത് താനാണ് യഥാർത്ഥ ജെ ഡി എസെന്നും, താൻ 'ഇന്ത്യ' സഖ്യത്തെ പിന്തുണയ്ക്കുമെന്നും സി എം ഇബ്രാഹിം പൊതുയോഗത്തിൽ പ്രസംഗിക്കുന്ന സാഹചര്യമുണ്ടായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നര വര്‍ഷം മുന്‍പായിരുന്നു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സി എം ഇബ്രാഹിം ജെഡിഎസില്‍ ചേര്‍ന്നത്. കര്‍ണാടക ലെജിസ്‌ളേറ്റിവ് കൗണ്‍സില്‍ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കാത്തതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയുള്ള രാജി. തുടര്‍ന്ന് അധികം വൈകാതെ ജെഡിഎസില്‍ ചേരുകയും തിരഞ്ഞെടുപ്പോടെടുപ്പിച്ചു ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് ജെഡിഎസ് അദ്ദേഹത്തിന് സംസ്ഥാന അധ്യക്ഷ പദം നല്‍കുകയുമായിരുന്നു. തിരഞ്ഞെടുപ്പില്‍ ജെഡിഎസ് ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വി രുചിച്ചതോടെ ഉത്തരവാദിത്തം ഏറ്റെടുത്തു സി എം ഇബ്രാഹിം രാജി സമര്‍പ്പിച്ചിരുന്നെങ്കിലും നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല.

കര്‍ണാടകയില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യ ചിഹ്നമായതോടെയായിരുന്നു അതിജീവനത്തിനായി ജെഡിഎസ് നേതൃത്വം ബിജെപി ബാന്ധവത്തിനു നീക്കം നടത്തിയത്. എന്നാല്‍ ജെഡിഎസിലെ മുസ്ലിം വിഭാഗം ഇതിനെ ചോദ്യം ചെയ്യുകയായിരുന്ന. അതൃപ്തി സി എം ഇബ്രാഹിമിലൂടെ പരസ്യമാക്കിയെങ്കിലും അനങ്ങാപ്പാറ നയമാണ് കുമാരസ്വാമിയും കൂട്ടരും സ്വീകരിച്ചത്. ഇബ്രാഹിമിനെ പുറത്താക്കിയതോടെ പാര്‍ട്ടിയിലെ മുസ്ലിം വിഭാഗം പൂര്‍ണമായും ജെഡിഎസില്‍ നിന്ന് അകലുമെന്ന സൂചനയാണ് ലഭിക്കുന്നത്. 19 എംഎല്‍എ മാരില്‍ ആരും ഇതുവരെ ഇബ്രാഹിമിന് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല . ചില ജില്ലാ നേതാക്കളും ഭാരവാഹികളും ഇബ്രാഹിമിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തുണ്ട് . ജെഡിഎസിനെ പിളര്‍ത്തുമോ തിരികെ കോണ്‍ഗ്രസിലേക്ക് പോകുമോ എന്ന കാര്യത്തില്‍ സി എം ഇബ്രാഹിം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല . കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ സി എം ഇബ്രാഹിം 1978 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമാണ് . ഗുജ്‌റാള്‍ മന്ത്രിസഭയിലും ദേവഗൗഡ മന്ത്രിസഭയിലും അംഗമായിരുന്നു .

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ