ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതിന് എതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് 'ഗുപ്‌കാർ' സഖ്യം രൂപീകരിച്ചത്. 2020 ഒക്ടോബറില്‍ രൂപീകരിച്ച 'പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്‌കാർ' ഡിക്ലറേഷനെ വലിയ പ്രതീക്ഷയോടെയാണ് രാജ്യത്തെ മതനിരപേക്ഷ സമൂഹം നോക്കിക്കണ്ടത്. എന്നാല്‍, സഖ്യം സമ്പൂര്‍ണ പരാജയമായിരുന്നു എന്നുമാത്രമല്ല, ലോക്‌സഭ തിരഞ്ഞെടുപ്പ് ചൂട് കടുത്തുനില്‍ക്കുന്ന അവസരത്തില്‍ ഗുപ്‌കാർ തകരുകയും ചെയ്തു. ഇന്ത്യ സഖ്യത്തിലുള്ള പ്രധാന പാര്‍ട്ടികള്‍ തന്നെയാണ് ഗുപ്‌കാർ സഖ്യത്തിലും ഉണ്ടായിരുന്നത്. രണ്ട് പ്രധാന കക്ഷികള്‍ തമ്മിലുള്ള വടംവലി തുടര്‍ന്നപ്പോള്‍, രാജ്യം വളരെ പ്രതീക്ഷയോടെ നോക്കിക്കണ്ട മുന്നേറ്റത്തിന് ശോകമൂകമായ സ്വയംതകര്‍ച്ച വരിക്കേണ്ടിവന്നു. എന്താണ് ഗുപ്‌കാർ സഖ്യത്തിന് സംഭവിച്ചത്?
നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി. സിപിഎം, സിപിഐ, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, ജമ്മു കശ്മീര്‍ അവാമി കോണ്‍ഫറന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ഗുപ്‌കാർ സഖ്യം രൂപീകരിച്ചത്. കോണ്‍ഗ്രസ് ഇവര്‍ക്കൊപ്പം നിന്നിരുന്നില്ല. ദേശീയതലത്തില്‍ കശ്മീര്‍ വിഷയം ഉയര്‍ത്താന്‍ സാധിക്കുന്ന കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താതിരുന്നത് ഗുപ്കാറിന് ആദ്യം തന്നെ തിരിച്ചടി നല്‍കിയിരുന്നു.
തുടക്കം മുതല്‍ സഖ്യത്തില്‍ പോര് രൂക്ഷമായിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാന പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള സഖ്യം എന്ന നിലയിലാണ് ഗുപ്‌കാർ സഖ്യം പ്രഖ്യാപിച്ചത്.
എന്നാല്‍, ബിജെപിക്ക് എതിരെ വലിയ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ സഖ്യം പരാജയപ്പെട്ടു. ജില്ലാ വികസന കൗണ്‍സിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്ഷി ആവുകകൂടി ചെയ്തതോടെ, ഗുപ്‌കാർ സഖ്യത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവും വിധം പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് പറയുന്നു സിപിഎം നേതാവ് യൂസുഫ് തരിഗാമി.
ഇന്ത്യ സഖ്യത്തിലെ പ്രധാന പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും വെവ്വേറെ മത്സരിക്കാന്‍ തീരുമാനിച്ചു. ഇവര്‍ രണ്ടുപേരും തമ്മിലുള്ള പോര് തന്നെയായിരുന്നു ഗുപ്‌കാർ സഖ്യത്തിലെ പ്രധാന പ്രശ്‌നവും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മെഹ്ബൂബ മുഫ്തിയുടെ പാര്‍ട്ടിക്ക് വേണ്ടി വിട്ടുവീഴ്ച വരുത്തി തങ്ങളുടെ പാര്‍ട്ടിയെ ദുര്‍ബലമാക്കേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇന്ത്യ സഖ്യത്തില്‍ ചേരില്ലായിരുന്നു എന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞത്.
ഗുപ്‌കാർ സഖ്യത്തോട് ബിജെപിക്ക് ചെയ്യാന്‍ കഴിയാത്തത് നാഷണല്‍ കോണ്‍ഫറന്‍സിന് സാധിച്ചു എന്നാണ് ഇതിന് മറുപടിയായി മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. ''ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിയാത്തതില്‍ ഞാന്‍ വേദനിക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോരാടുന്നതിന് പകരം ജയിലുകളില്‍ നിന്ന് ആളുകളെ മോചിപ്പിക്കാന്‍ പോരാടേണ്ടതായിരുന്നു'' എന്നും മുഫ്തി പ്രതികരിച്ചു.
സഖ്യം പൊളിയുന്നതിലേക്ക് നയിച്ചത് ഒമര്‍ അബ്ദുള്ളയുടെ നിലപാടുകള്‍ ആണെന്നും മുഫ്തി കുറ്റപ്പെടുത്തുന്നു. സഖ്യത്തിലെ മറ്റു പാര്‍ട്ടികളുമായി കൂടിയാലോചന നടത്താതെയാണ് തനിച്ച് മത്സരിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് തീരുമാനിച്ചത്. ഫറൂഖ് അബ്ദുള്ളയുടെ ഈ നീക്കം ഗുപ്‌കാർ സഖ്യത്തെ പരിഹാസ്യമാക്കിയെന്നും മെഹ്ബൂബ ആരോപിച്ചു.
അനുച്ഛേദം 370 റദ്ദാക്കിയതിന് പിന്നാലെ, വൈകാരികമായി രൂപീകരിക്കപ്പെട്ട മുന്നണിയാണ് ഗുപ്‌കാർ സഖ്യമെന്നും അതിന് പ്രത്യേകിച്ച് അടിത്തറ ഇല്ലായിരുന്നു എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും തകരുമെന്ന അവസ്ഥയിയാലിരുന്ന സഖ്യത്തെ രക്ഷിക്കാന്‍ പാര്‍ട്ടികള്‍ ഗൗരവമായ ശ്രമങ്ങള്‍ നടത്തിയില്ല. അനുച്ഛേദം 370 റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവയ്ക്കുകകൂടി ചെയ്തതോടെ, കശ്മീരിലെ ജനങ്ങള്‍ക്കും ഗുപ്‌കാർ സഖ്യത്തില്‍ പ്രതീക്ഷയില്ലാതായി എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഒരുമിച്ച് നിന്ന് സമരങ്ങള്‍ നടത്തുന്നതിന് പകരം, വെവ്വേറെ പ്രതിഷേധ പരിപാടികളാണ് സഖ്യത്തിലെ പ്രധാന പാര്‍ട്ടികള്‍ ആസൂത്രണം ചെയ്തത്. 2020-ല്‍ ജില്ലാ വികസന അതോറിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍, 280-ല്‍ 110 സീറ്റാണ് സഖ്യത്തിന് ലഭിച്ചത്. 75 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 2021-ല്‍ സജാദ് ലോണ്‍ നേതൃത്വം നല്‍കുന്ന പീപ്പീള്‍സ് കോണ്‍ഫറന്‍സ് ഗുപ്കാര്‍ സഖ്യത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.
ജമ്മു കശ്മീരിന് പുറത്തേക്ക്, തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് വലിയ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാനും സഖ്യത്തിന് സാധിച്ചില്ല. കോണ്‍ഗ്രസിന്റെ അഭാവം നിഴലിച്ചുനിന്നു. കശ്മീര്‍ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാനോ ഗുപ്കാര്‍ സഖ്യത്തിന്റെ പ്രചാരണങ്ങള്‍ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കാനോ കോണ്‍ഗ്രസ് തയാറായില്ല. ഇന്ത്യ മുന്നണി രൂപീകരിച്ച ശേഷവും പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലുള്ള പോരിന് അറുതിവരുത്താന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുത്തില്ല.
ഇന്ത്യ മുന്നണിയുടെ എല്ലാ യോഗങ്ങളിലും പരിപാടികളിലും ഫറൂഖ് അബ്ദുള്ളയും മെഹബൂബ മുഫ്തിയും പങ്കെടുത്തിരുന്നു. എന്നിട്ടും തമ്മില്‍തല്ല് പരിഹരിക്കാന്‍ മുന്നണിക്ക് സാധിച്ചില്ല. ജമ്മു കശ്മീരില്‍ അഞ്ച് ലോക്‌സഭ സീറ്റുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റില്‍ നാഷണല്‍ കോണ്‍ഫറന്‍സും രണ്ടു സീറ്റില്‍ ബിജെപിയുമാണ്. ബാരാമുള്ള, ശ്രീനഗര്‍, അനന്ത്‌നാഗ് മണ്ഡലങ്ങളാണ് നാഷണല്‍ കോണ്‍ഫറന്‍സിനുള്ളത്. ഉദ്ദംപൂര്‍, ജമ്മു സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.