മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ. ഇന്ന് രാവിലെ മണിപ്പൂരിലെ തെങ്‌നൗപാൽ ജില്ലയിലെ അതിർത്തി പട്ടണമായ മോറെയിലാണ് പോലീസ് സേനയും കുക്കി വിഭാഗക്കാരും തമ്മിൽ പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏറ്റുമുട്ടലിൽ ഒരു പോലീസ് കമാൻഡോ കൊല്ലപ്പെട്ടു.
മോറെക്ക് സമീപമുള്ള സുരക്ഷാ പോസ്റ്റിന് നേരെ കുക്കി വിഭാഗത്തിൽ പെട്ടവർ ബോംബെറിയുകയും വെടിവെക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. സുരക്ഷാ സേന തിരിച്ചടിക്കുകയും വെടിയുതിർക്കുകയും ചെയ്തു. വാർഡ് 7ന് സമീപം പോലീസിന് നേരെ ആക്രമികൾ വെടിയുതിർത്തിരുന്നു. ഒരു മണിക്കൂറിലധികം ഏറ്റുമുട്ടൽ നീണ്ടു.
മോറെയിലെ സംസ്ഥാന പോലീസ് കമാൻഡോയുമായി ബന്ധപ്പെട്ട ഐആർബി (ഇന്ത്യൻ റിസർവ് ബറ്റാലിയൻ) അംഗമായ വാങ്‌ഖേം സോമോർജിത് എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. സ്രോതസ്സുകൾ പ്രകാരം ഇംഫാൽ വെസ്റ്റ് ജില്ലയിലെ മാലോം സ്വദേശിയാണ് സോമോർജിത്. മറ്റൊരു കമാൻഡോക്ക് പരിക്കേറ്റിട്ടുണ്ട്.
സമാധാന ലംഘനം, പൊതു സമാധാനത്തിന് ഭംഗം വരുത്തൽ, തെങ്‌നൗപാലിന്റെ റവന്യൂ അധികാരപരിധിയിൽ മനുഷ്യജീവനും സ്വത്തിനും ഗുരുതരമായ അപകടഭീഷണി എന്നിവ കണക്കിലെടുത്ത് ജില്ലയിൽ സർക്കാർ സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. നിയമ നിർവ്വഹണ ഏജൻസികളെയും അവശ്യ സേവനങ്ങളെയും കർഫ്യൂവിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് തെങ്‌നൗപാലിന്റെ ഉത്തരവിൽ പറയുന്നു.
മോറെയിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. ഇവരിൽ നിന്ന് രണ്ട് ലൈവ് റൗണ്ടുകൾ അടങ്ങിയ പിസ്റ്റൾ, ഒരു ചൈനീസ് ഹാൻഡ് ഗ്രനേഡ്, പത്ത് എ കെ വെടിയുണ്ടകൾ, പത്ത് ഡിറ്റണേറ്ററുകൾ എന്നിവ പിടിച്ചെടുത്തിരുന്നു.
ഇംഫാൽ വെസ്റ്റ് ജില്ലയിലെ കോട്രുക്ക് ഗ്രാമത്തിൽ ഗ്രാമത്തിലെ സന്നദ്ധ പ്രവർത്തകരും കുക്കി വിഭാഗത്തിൽ പെട്ട ആക്രമികളും തമ്മിൽ വെടിവയ്പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. രണ്ട് മണിക്കൂറിലധികം വെടിവെപ്പ് തുടർന്നു. കേന്ദ്ര സുരക്ഷാ സേന പ്രദേശത്ത് എത്തിയതിനെ തുടർന്നാണ് അക്രമികൾ വെടിവയ്പ്പ് നിർത്തിയത്.
കഴിഞ്ഞ വർഷം മേയ് മൂന്നു മുതല്‍ ആരംഭിച്ച മണിപ്പൂര്‍ കലാപത്തില്‍ 200-ലധികം ആളുകൾ ഇതിനോടകം മരിച്ചുവെന്നാണ് കണക്കുകൾ. പ്രബലമായ മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിലാണ് സംസ്ഥാനത്ത് സംഘർഷങ്ങൾ ആരംഭിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം, കഴിഞ്ഞ മാസം മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.