കമ്മ്യൂണിസ്റ്റ് സർക്കാറുകൾ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം കയ്യടക്കുന്നത് പതിവാണെന്ന് സുപ്രീം കോടതി മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര. വരുമാനം കണ്ടാണ് ഹിന്ദു ക്ഷേത്രങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാർ കയ്യടക്കുന്നതെന്നും പത്മനാഭ സ്വാമി ക്ഷേത്രത്തിനെതിരെയും ഇത്തരത്തിലുള്ള ശ്രമങ്ങൾ നടന്നെങ്കിലും താനും ജസ്റ്റീസ് യു യു ലളിതും പരാജയപ്പെടുത്തിയെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞു. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര സന്ദർശനത്തിന് എത്തിയ അവർ ഏതാനും ആളുകളോട് സംസാരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ബാർ ആൻ്റ് ബെഞ്ച് എന്ന വെബ്സൈറ്റ് പുറത്തുവിട്ട വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
"കമ്മ്യൂണിസ്റ്റ് സർക്കാർ ഹിന്ദു ക്ഷേത്രങ്ങളെല്ലാം കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. വരുമാനമാണ് അവരുടെ പ്രശ്‍നം. അതിനു വേണ്ടിയാണ് എല്ലാ ഹിന്ദു ക്ഷേത്രങ്ങളും നിയന്ത്രണത്തിലാക്കികൊണ്ടിരിക്കുന്നത്. എന്നാൽ ഹിന്ദു ക്ഷേത്രങ്ങൾ മാത്രമാണ് അവർ കയ്യടക്കുന്നത്. അത് കൊണ്ട് തന്നെ ഞാനും ജസ്റ്റിസ് യു യു ലളിതും ഇനി ഞങ്ങളിത് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു"
"കമ്മ്യൂണിസ്റ്റ് സർക്കാർ ഹിന്ദു ക്ഷേത്രങ്ങളെല്ലാം കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. വരുമാനമാണ് അവരുടെ പ്രശ്‍നം. അതിനു വേണ്ടിയാണ് എല്ലാ ഹിന്ദു ക്ഷേത്രങ്ങളും നിയന്ത്രണത്തിലാക്കികൊണ്ടിരിക്കുന്നത്. എന്നാൽ ഹിന്ദു ക്ഷേത്രങ്ങൾ മാത്രമാണ് അവർ കയ്യടക്കുന്നത്. അത് കൊണ്ട് തന്നെ ഞാനും ജസ്റ്റിസ് യു യു ലളിതും ഇനി ഞങ്ങളിത് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു"ജസ്റ്റിസ് ഇന്ദു മൽഹോത്ര
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പരിപാലിക്കാനും കൈകാര്യം ചെയ്യാനും തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് 2020 ജൂലൈയിൽ ഇന്ദു മൽഹോത്രയും ജസ്റ്റിസ് യു യു ലളിതും വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയെ പരാമർശിച്ചു കൊണ്ടാണ് വിഡിയോയിൽ ഇന്ദു മൽഹോത്ര സംസാരിക്കുന്നത്.
2011 ലാണ് കേരള സർക്കാരിന് പത്മനാഭസ്വാമിക്ഷേത്രത്തിന്റെ നിയന്ത്രണം അനുവദിച്ചു നൽകി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
ഈ വിധിയെ ചോദ്യം ചെയ്ത് തിരുവിതാം കൂർ മുൻ രാജകുടുംബ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി അംഗീകരിച്ചു. ക്ഷേത്ര നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ഇന്ദു മൽഹോത്രയും ജസ്റ്റിസ് യു യു ലളിതും ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ച് അംഗീകരിച്ചു.
1949 ൽ ഇന്ത്യൻ സർക്കാരുമായി ചേരാനുള്ള രേഖയിൽ ഒപ്പുവെച്ച ഭരണാധികാരിയുടെ മരണത്തോടെ ക്ഷേത്രവും പ്രതിഷ്ഠയും കൈകാര്യം ചെയ്യാനുള്ള മുൻ രാജകുടുംബത്തിന്റെ അവകാശം അവസാനിക്കില്ലെന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.
കൂടാതെ ക്ഷേത്ര ഭരണ മേൽനോട്ടത്തിനായി തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കീഴിൽ താൽക്കാലിക സമിതി രൂപീകരിക്കാനും കോടതി അനുമതി നൽകി.
തിരുവനന്തപുരം ജില്ലാ ജഡ്ജി, രാജകുടുംബത്തിലെ മഹാരാജാവിന്റെ ഒരു നോമിനി, കേരള സർക്കാരിന്റെ ഒരു നോമിനി, ഭാരത സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയം നാമനിർദ്ദേശം ചെയ്യുന്ന ഒരു അംഗം, ക്ഷേത്രത്തിലെ മുഖ്യ തന്ത്രി എന്നിവരടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് നിലവിൽ ക്ഷേത്രം ഭരിക്കുന്നത്.
ശബരിമല യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി ബഞ്ചിൻ്റെ വിധിയിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ ജഡ്ജിയായിരുന്നു ഇന്ദു മൽഹോത്ര. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നായിരുന്നു സുപ്രീം കോടതി ഭരണാഘടനാ ബെഞ്ചിന്റെ വിധി. ഇതിനെതിരെ നൽകിയ റിവ്യൂ ഹർജികൾ സുപ്രീം കോടതിയിൽ മറ്റൊരു ബഞ്ചിൻ്റെ പരിഗണനയിലാണ് ഇപ്പോൾ. സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷക ആയിരിക്കെയാണ് ഇന്ദു മൽഹോത്ര പരമോന്നത കോടതിയിലെ ജഡ്ജിയായി നിയമിതയായത്.