രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്‍കാനുള്ള ഇലക്ടറൽ ബോണ്ട് വാങ്ങിക്കൂട്ടിയവയില്‍ വലിയൊരു പങ്കും രാജ്യത്തെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെന്ന് റിപ്പോര്‍ട്ട്. 2019 ഏപ്രിൽ 12 മുതൽ 2024 ജനുവരി 24 വരെ എസ്ബിഐയിൽനിന്ന് ഇലക്ട്‌റൽ ബോണ്ട് വാങ്ങിയ വ്യക്തികളുടെയും കമ്പനികളുടെയും വിവരങ്ങൾ പുറത്ത് വന്നതിലാണ് ഞെട്ടിക്കുന്ന വസ്തതകളുള്ളത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾമാത്രം അതിൽ നൂറുകണക്കിന് കോടി രൂപ പല പാർട്ടികൾക്കുമായി നൽകിയിട്ടുണ്ടെന്നാണ് കണക്കുകളിൽ വ്യക്തമാക്കുന്നത്.
ഇതിൽ ഏറ്റവും കൂടുതൽ തുകയുടെ ഇലക്ട്‌റൽ ബോണ്ടുകൾ വാങ്ങിയത് യശോദ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയാണ്. ഒരു കോടി വിലവരുന്ന 162 ബോണ്ടുകളാണ് ഇവർ വാങ്ങിയത്. രണ്ടാം സ്ഥാനത്ത് ഡോ. റെഡ്ഡീസ് ലാബോറട്ടറിയാണ്. ഒരു കോടി രൂപയുടെ 80 ബോണ്ടുകളാണ് ഇവർ വാങ്ങിയത്. ഈ പട്ടികയിലുള്ള നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികളിലും കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടന്നിട്ടുണ്ടെന്ന വിവരവും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.
യശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
രാജ്യത്തെ പ്രധാനപ്പെട്ട ആശുപത്രി ശൃംഖലയാണ് യശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ഒരു കോടി രൂപ വിലവരുന്ന 162 ബോണ്ടുകളിലൂടെ 162 കോടി രൂപയാണ് യശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഗ്രൂപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയത്. 2020 ഡിസംബറിൽ ഇവരുടെ ആശുപത്രികളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
ഡോ. റെഡ്ഡീസ് ലബോറട്ടറീസ്
80 ബോണ്ടുകളിലൂടെ 80 കോടി രൂപയുടെ സംഭാവനയാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇലക്ടറല്‍ ബോണ്ട് വഴി വിതരണം ചെയ്തത്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ക്ക് എതിരെയും സര്‍ക്കാര്‍ ഏജന്‍സികളുടെ നീക്കങ്ങളുണ്ടായിരുന്നു.
നികുതി വെട്ടിച്ചെന്നാരോപിച്ച് കമ്പനിയുടെ ഭാഗമായ ഡോ. കെ നാഗേന്ദ്ര റെഡ്ഢിയുടെ ഓഫീസിലുൾപ്പെടെ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. ഈ പരിശോധന മറ്റു പലരിലേക്കും നീണ്ടു. തെലങ്കാനയിലെ വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഢിയുടെ ഓഫീസിലടക്കം ഇതിന്റെ ഭാഗമായി പരിശോധനകൾ നടന്നിരുന്നു.
ടോറന്റ് ഫാർമസ്യുട്ടിക്കൽസ് ലിമിറ്റഡ് -
91 ബോണ്ടുകളിലായി 77.5 കോടിരൂപയാണ് ടോറന്റ് ഫാർമസ്യുട്ടിക്കൽസ് ലിമിറ്റഡ് സംഭാവന നൽകിയത്. നാറ്റ്‌കോ ഫാർമ ലിമിറ്റഡ് എന്ന പേരിൽ രണ്ടു കമ്പനികൾ 76 ബോണ്ടുകൾ വാങ്ങി. 69.25 കോടി രൂപയുടെ സംഭാവനകള്‍ നല്‍കി.
ഹിതറോ ഡ്രഗ്സ് ലിമിറ്റഡ്, ഹിതറോ ലാബ്സ് ലിമിറ്റഡ്, ഹിതറോ ബയോ ഫാർമ ലിമിറ്റഡ് എന്നീ കമ്പനികൾ ചേർന്ന് ഒരുകോടി രൂപയുടെ 60 ബോണ്ടുകൾ വാങ്ങി. ഇതേ കമ്പനികളുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ സ്രോതസ്സ് വെളിപ്പെടുത്താത്ത 550 കോടിരൂപ കണ്ടെത്തിയിരുന്നു.
ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡി വി എസ് ലബോറട്ടറീസ് ലിമിറ്റഡ് 55 ബോണ്ടുകളിലൂടെ 55 കോടി രൂപ സംഭാവന ചെയ്തു. 2019 ഫെബ്രുവരിയിൽ ഈ കമ്പനി ആദായ നികുതി വകുപ്പിന്റെ നടപടി നേരിട്ടിട്ടുണ്ട്. ഓറൊബിന്തോ ഫാർമ ലിമിറ്റഡ് എന്ന പേരിൽ രണ്ടു കമ്പനികൾ ചേർന്ന് 70 ബോണ്ടുകളിലൂടെ 52 കോടി രൂപ സംഭാവന ചെയ്തു. ഈ കമ്പനിയുടെ ഡയറക്ടറായിരുന്ന ശരത് റെഡ്ഢിയെ 2022 നവംബർ മാസം എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
സിഐപിഎൽഎ ലിമിറ്റഡ് എന്ന പേരിൽ രണ്ടു കമ്പനികൾ 41 ബോണ്ടുകളിലായി 39.2 കോടി രൂപ സംഭവനചെയ്തു.
എംഎസ്എൻ ഫാർമകെം പ്രൈവറ്റ് ലിമിറ്റഡ്, എംഎസ്എൻ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ്, എംഎസ്എൻ ഓർഗാനിക് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ ചേർന്ന് ഒരുകോടി രൂപയുടെ 38 ബോണ്ടുകൾ വാങ്ങി. 2021ൽ എംഎസ്എൻ ഫാർമയുടെ ഓഫിസുകളിൽ ആദായക നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. സൺ ഫാർമ ലബോറട്ടറീസ് ലിമിറ്റഡ് എന്ന പേരിൽ രണ്ടു കമ്പനികൾ 36 ബോണ്ടുകളിലായി 31.5 കോടി രൂപ സംഭാവനയായി നൽകി.
മാൻകൈൻഡ് ഫാർമ ലിമിറ്റഡ് 30 ബോണ്ടുകളിലായി 24.6 കോടി രൂപയുടെ സംഭാവന നൽകിയിട്ടുണ്ട്. മാൻകൈൻഡ് ഫാർമയുടെ ഓഫീസുകളിൽ നേരത്തെ നികുതി വെട്ടിപ്പ് ആരോപിച്ച് ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇൻഡാസ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഒരുകോടി രൂപയുടെ 20 ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്.
ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ഒരുകോടിയുടെ പത്ത് ബോണ്ടുകൾ വാങ്ങി. ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് 21 ബോണ്ടുകളിലായി 9.75 കോടിരൂപ സംഭാവനയായിനൽകി. കിരൺ മജുംദാർ ഷാ ആറ് ബോണ്ടുകളിലായി ആറ് കോടി രൂപ സംഭാവനയായി നൽകി.
ആരോഗ്യ മേഖലയിൽനിന്ന് മാത്രം വ്യത്യസ്ത കമ്പനികളിൽ നിന്നായി രാഷ്ട്രീയ പാർട്ടികൾക്ക് 900 കോടിയിലധികം തുക സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇലക്ടറൽ ബോണ്ട് വാങ്ങിയ ആരോഗ്യമേഖലയിലെ ആദ്യ 30 കമ്പനികൾ എടുക്കുകയാണെങ്കിൽ അതിൽ 14 കമ്പനികളും സർക്കാർ ഏജൻസികളുടെ ഭാഗത്ത് നിന്നും നടപടികൾ നേരിട്ടവയാണ്. മാത്രവുമല്ല 2019 ഏപ്രിൽ 12 നും 2024 ജനുവരി 24നും ഇടയിലാണ് ഈ കമ്പനികൾ ബോണ്ടുകൾ വാങ്ങിയിട്ടുള്ളത്.
രാഷ്ട്രീയ പാർട്ടികൾക്ക് സ്രോതസ് വെളിപ്പെടുത്താതെ സംഭാവന നല്കാൻ സാധിക്കുന്ന തരത്തിൽ 2018 ജനുവരി 2ന് സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് ഇലക്ട്‌റൽ ബോണ്ട്. ഈ വർഷം ഫെബ്രുവരി 15നാണു സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്ട്‌റൽ ബോണ്ട് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ബോണ്ടുകൾ വാങ്ങിയ വ്യക്തികളുടെയും കമ്പനികളുടെയും വിവരങ്ങൾ പുറത്ത് വിടാൻ ഇനിയും സമയം വേണമെന്ന എസ്ബിഐ ആവശ്യം തള്ളിയാണ് കോടതി തൊട്ടടുത്ത ദിവസം തന്നെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന് ആവശ്യപ്പെട്ടത്. മാർച്ച് 12 ന് തന്നെ എസ്ബിഐ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 14 ന് വിവരങ്ങൾ പുറത്ത് വിട്ടു. മാർച്ച് 15ന് മുമ്പ് വിവരങ്ങൾ പുറത്ത് വിടണമെന്നായിരുന്നു കോടതിയുടെ ആവശ്യം.
ഏറ്റവും ഉയർന്ന തുക ഇലക്ടറല്‍ ബോണ്ടുകളായി സംഭാവന ചെയ്ത കമ്പനികളില്‍ മൂന്നെണ്ണം എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റേയും (ഇഡി) ആദായനികുതി വകുപ്പിന്റേയും അന്വേഷണം നേരിടുന്നവയാണെന്ന വിവരം കഴിഞ്ഞ ദിവസം തന്നെ പുറത്ത് വന്നിരുന്നു. ഫ്യൂച്ചർ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സർവീസ് ലിമിറ്റഡ്, മേഘ എഞ്ചിനീറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് (എംഇഐഎല്‍), വേദാന്ത പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ആ കമ്പനികള്‍.
ഏറ്റവുമധികം തുക സംഭാവനയായി നൽകിയത് ലോട്ടറി രാജാവെന്നറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിനാണ്. ഫ്യൂച്ചർ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സർവീസ് ലിമിറ്റഡ് കമ്പനിയുടെ പേരിലാണ് സാന്റിയാഗോ മാർട്ടിൻ 1368 കോടിരൂപയുടെ ബോണ്ടുകൾ വാങ്ങിയത്. 2019 മുതല്‍ ഇ ഡി അന്വേഷണം നേരിടുന്ന കമ്പനിയാണിത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട് 2023ല്‍ കോയമ്പത്തൂരിലും ചെന്നൈയിലുമായി ഇവരുടെ സ്ഥാപനങ്ങളിൽ ഇ ഡി തിരച്ചില്‍ നടത്തിയിരുന്നു. കേരളത്തില്‍ സിക്കിം സർക്കാരിന്റെ ലോട്ടറി വിറ്റതുമായി ബന്ധപ്പെട്ട സിബിഐ കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണമെന്നാണ് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.