മേഘാലയയിൽ ഇതര സർക്കാരുണ്ടാക്കാൻ ശ്രമം നടത്തിയ യുഡിപി നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു. പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായി നാഷണൽ പീപ്പിൾസ് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയും (യുഡിപി) പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടും (പിഡിഎഫ്) രംഗത്തെത്തി. സർക്കാർ രൂപീകരിക്കാൻ യുഡിപി എൻപിപിക്ക് പിന്തുണ നൽകുമെന്ന് യുഡിപി പ്രസിഡന്റ് മെത്ബ ലിങ്ദോ പറഞ്ഞു. പിന്തുണ അറിയിച്ചുള്ള കത്ത് കോൺറാഡ് സാങ്മയ്ക്ക് കൈമാറി.
60 അംഗ നിയമസഭയിൽ 26 സീറ്റിലാണ് എൻപിപി ജയിച്ചത്. നേരത്തെ ബിജെപിയും എച്ച്എസ്പിഡിപിയുടെ രണ്ട് എംഎൽഎമാരും രണ്ട് സ്വതന്ത്ര എംഎൽഎമാരും എൻപിപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുഡിപിയും പിഡിപിയും കൂടെ പിന്തുണ അറിയിച്ചതോടെ സീറ്റിന്റെ എണ്ണം 45 ആയി വര്‍ധിച്ചു. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിപി 11 സീറ്റും പിഡിഎഫ് രണ്ട് സീറ്റുമാണ് നേടിയത്.
അതേസമയം, തങ്ങളുടെ രണ്ട് എംഎൽഎമാരെ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മേഘാലയ സംസ്ഥാന ബിജെപി കോൺറാഡ് സാങ്മയോട് ആവശ്യപ്പെട്ടു. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തുടരവെയാണ് മേഘാലയ ബിജെപി അധ്യക്ഷൻ ഏണസ്റ്റ് മാവ്രി ആവശ്യം ഉന്നയിച്ചത്. ''ഞങ്ങളുടെ രണ്ട് എംഎൽഎമാരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഞങ്ങൾ കോൺറാഡ് സാങ്മയോട് ആവശ്യപ്പെട്ടു. കാരണം അലക്‌സാണ്ടർ ലാലു ഹെക്കും സാൻബോർ ഷുല്ലായിയും പരിചയസമ്പന്നരായ എംഎൽഎമാരാണ്''-ഏണസ്റ്റ് മാവ്രി പറഞ്ഞു.
നേരത്തെ, സർക്കാർ രൂപീകരിക്കാൻ കോൺറാഡ് സാങ്മയെ ഗവർണർ ക്ഷണിച്ചിരുന്നു. 32 പേരുടെ പിന്തുണയുണ്ടെന്ന് സാങ്മ ഗവർണറെ കണ്ട് അറിയിച്ചിരുന്നു. അതേസമയം, പ്രതിപക്ഷ പാർട്ടികളെ യോജിപ്പിച്ച് സർക്കാർ രൂപീകരിക്കാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ സാങ്മയുടെ നേതൃത്വത്തിൽ ചർച്ചകൾ സജീവമായിരുന്നു. 31 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് യുഡിപി പ്രസിഡന്റ് മെത്ബ ലിങ്ദോ പറഞ്ഞിരുന്നു. ഇതിനിടെയാണ് സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകുമെന്ന് അറിയിച്ച് യുഡിപിയും പിഡിഎഫും കോൺറാഡ് സാങ്മയ്ക്ക് കത്ത് നൽകിയത്. മാർച്ച് ഏഴിനാണ് മുഖ്യമന്ത്രിയായി കോൺറാഡ് സാങ്മയുടെ സത്യപ്രതിജ്ഞ. രാജ്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.