രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ കടന്നു പോകുന്നതിടെ നാടകീയ രംഗങ്ങള്‍. യാത്ര കടന്നുപോകുന്ന വഴിയില്‍ ബിജെപിയുടെ കൊടികൾ വീശിയവര്‍ക്കിടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങിച്ചെന്നു. ബസിൽ യാത്ര ചെയ്യവേ ആയിരുന്നു രാഹുലിന്റെ അപ്രതീക്ഷിത നീക്കം. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ സോനിത്പുരിൽ വച്ച് ബിജെപി പ്രവർത്തകർ കയ്യേറ്റശ്രമം നടത്തിയതായും കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെയായിരുന്നു സംഭവം.
ഞായറാഴ്ച മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ കാറും റാലിയെ അനുഗമിക്കുന്ന ക്യാമറാ ടീം അംഗങ്ങളെ ബിജെപി പ്രവർത്തകർ മർദിക്കുകയും ചെയ്‌തെന്നാണ് കോൺഗ്രസ് ആരോപണം. ബിസ്വന്ത് ജില്ലയിൽ നിന്ന് സോണിത്പൂർ വഴി നാഗോണിലേക്ക് പര്യടനം നടത്തുന്നതിനിടെയാണ് സംഭവം. നാഗോൺ ജില്ലയിലെ കാലിയബോറിൽ രാഹുൽ ഗാന്ധി റാലിയെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചിരുന്ന സ്ഥലത്ത് എത്തും മുൻപായിരുന്നു ആക്രമണം.
രാഹുൽ ഗാന്ധി എത്തും മുൻപ് ജമുഗുരിഹട്ടിലെ ഒരു പ്രദേശത്തുകൂടി ഭാരത് ജോഡോ ന്യായ് യാത്രയുടെ ചില വാഹനങ്ങൾ കടന്നുപോകുമ്പോൽ ബിജെപി അനുഭാവികൾ അവിടെ റൂട്ട് മാർച്ച് നടത്തുകയായിരുന്നു. അവരാണ് ജയറാം രമേശിന്റെ വാഹനങ്ങൾ ഉൾപ്പെടെ നശിപ്പിക്കുകയും യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്തതെന്നാണ് കോൺഗ്രസിന്റെ പക്ഷം. സംഭവത്തിൽ കേസെടുക്കാനും അന്വേഷണം നടത്താനും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു സംഘം ആളുകൾ തന്റെ കാറിന് ചുറ്റുംനിന്ന് ബിജെപി പതാകകൾ വീശുന്ന ദൃശ്യങ്ങൾ ജയറാം രമേശ് ട്വീറ്റ് ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിൽ അസം മുഖ്യമന്ത്രിയാണെന്നും അദ്ദേഹം എക്‌സിലൂടെ ആരോപിച്ചിരുന്നു. അസമിലെ ഭാരത് ജോഡോ ന്യായ് യാത്ര തടയാൻ ഇത്തരം ആക്രമണങ്ങൾക്ക് കഴിയില്ലെന്നും നീതിക്ക് വേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്നും കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാഥയും പ്രതികരിച്ചിരുന്നു.
സമാനമായി ശനിയാഴ്ചയും അസമിലെ നോർത്ത് ലഖിംപൂരിൽ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുന്ന വാഹനങ്ങൾ അക്രമിക്കപ്പെട്ടതായി കോൺഗ്രസ് പറഞ്ഞിരുന്നു. ബിജെപി പ്രവർത്തകർ ബാനറുകൾ കീറിയതായും പാർട്ടി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ ഇത്തരം ഭീഷണി തന്ത്രങ്ങൾക്ക് മുന്നിൽ കോൺഗ്രസ് പതറില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുറന്നടിച്ചിരുന്നു. ഭാരത് ജോഡോ ന്യായ് യാത്ര കണ്ട് ബിജെപിക്ക് ഭയമാണെന്നും അസമിൽ ന്യായ് യാത്രക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ ചൂണ്ടിക്കാട്ടി.
എന്നാൽ, വാഹനങ്ങളൊന്നും ആക്രമിച്ചിട്ടില്ലെന്നും യാത്ര സമാധാനപരമായി അരുണാചൽ പ്രദേശിൽ പ്രവേശിച്ചതായും അസം ഡിജിപി പറഞ്ഞു. ജനുവരി 18ന് ആരംഭിച്ച യാത്ര ജനുവരി 25 വരെ അസ്നക് തുടരും. സംസ്ഥാനത്തെ 17 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്രയുടെ നാലാം ദിവസമാണ് ഇന്ന്.