നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഝാർഖണ്ഡിൽ ഇന്ത്യ സഖ്യവും എൻഡിഎയും ശക്തമായ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. ആർജെഡിയും ജെഎംഎമ്മുമായി സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ തർക്കം നിലനിന്നിരുന്നെങ്കിലും താൽക്കാലികമായി സമവായത്തിലെത്താൻ കഴിഞ്ഞതിൽ കോൺഗ്രസിന് ആശ്വസിക്കാം. ഇതിനിടയിൽ കുടുംബാധിപത്യം കാരണം ശ്രദ്ധേയമാകുന്ന ഒരു മണ്ഡലമുണ്ട്. ഝാർഖണ്ഡിൽ സൂര്യദേവ് സിങ്ങിന്റെ പിന്മുറക്കാർ വിജയിച്ചുപോന്നിരുന്ന, ബിജെപിയുടെ കയ്യിൽ നിന്നും 2019ൽ കോൺഗ്രസ് പിടിച്ചെടുത്ത ഝാരിയ.
സൂര്യദേവ സിങ്, അദ്ദേഹത്തിന്റെ സഹോദരൻ ബച്ച സിങ്, ഭാര്യ കുന്തി ദേവി, മകൻ സഞ്ജീവ് സിങ് എന്നിവർ ഝാരിയ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ ജനപ്രതിനിധികളാണ്. തുടർന്ന് പോന്നിരുന്ന സിങ് കുടുംബാംഗങ്ങളുടെ ആധിപത്യം ആ കുടുംബത്തിലെ തന്നെ മറ്റൊരു വിഭാഗത്തെ ഉപയോഗിച്ച് കോൺഗ്രസ് തകർക്കുകയായിരുന്നു. അത് സൂര്യ ദേവ് സിങിന്റെ ഏറ്റവും ഇളയ സഹോദരനായ രാജൻ സിങിന്റെ മകന്റെ ഭാര്യയായ പൂർണിമ സിങിലൂടെയായിരുന്നു. എതിരെ നിന്നത് സൂര്യദേവ് സിങിന്റെ മകൻ സഞ്ജീവ് സിങിന്റെ ഭാര്യ രാഗിണി സിങ്. കുടുംബത്തിലെ രണ്ടു മരുമക്കൾ ബിജെപി, കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിക്കുകയും അതിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുകയും ചെയ്തു.
2009വരെ ഈ മണ്ഡലത്തിൽ കുടുംബം ഒറ്റക്കെട്ടായാണ് മത്സരിച്ചത്. 2014ൽ കാര്യങ്ങൾ മാറി. കുടുംബം രണ്ടായി വേർതിരിഞ്ഞു. സിങ് കുടുംബമെന്നും രഘുകുലം എന്നും രണ്ടായി കുടുംബം വിഭജിക്കപ്പെട്ടു. സൂര്യദേവ് സിങിന്റെ കുടുംബമാണ് 'സിങ് മാൻഷൻ' അഥവാ സിങ് കുടുംബം എന്നറിയപ്പെട്ടത്. ഇളയ സഹോദരനായ രജൻ സിങിന്റെ കുടുംബത്തെ രഘുകുലം എന്നും വിളിക്കപ്പെട്ടു. സിങ് കുടുംബത്തിൽ നിന്ന് സൂര്യദേവ് സിങിന്റെ മകൻ സഞ്ജീവ് സിങ്ങും രഘുകുലത്തിൽ നിന്നും രജൻ സിങിന്റെ മകൻ നീരജ് സിങ്ങുമാണ് 2014ൽ മത്സരിച്ചത്. സിങ് കുടുംബം ബിജെപിക്കൊപ്പവും രഘുകുലം കോൺഗ്രസിനൊപ്പവും അടിയുറച്ച് നിന്നു.
2014ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ സിങ് കുടുംബ പ്രതിനിധി സഞ്ജീവ് സിങ്ങാണ് വിജയിച്ചത്. നീരജ് സിങ് പരാജയപ്പെട്ടു എന്ന് മാത്രമല്ല 2017ൽ കൊലചെയ്യപ്പെടുകയും ചെയ്തു. നീരജിന്റെ കൊലപാതകക്കേസിൽ ഝാരിയ എംഎൽഎ ആയിരുന്ന സഞ്ജീവ് സിങ്ങും പ്രതിയായിരുന്നു. ജയിലിൽ കിടക്കുകയും ചെയ്തു. ശേഷം 2019ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മരിച്ച നീരജ് സിങ്ങിന്റെ ഭാര്യ പൂർണിമ സിങ് രഘുകുലത്തിൽ നിന്നും കോൺഗ്രസിനുവേണ്ടി മത്സരിച്ച് വിജയിച്ചു. സഞ്ജീവ് സിങിന്റെ ഭാര്യ രാഗിണി സിങ്ങായിരുന്നു ബിജെപി സ്ഥാനാർഥി.
2024ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും പൂർണിമ സിങിന് കോൺഗ്രസ് ടിക്കറ്റ് നൽകി. അത്തവണയും അവർ തന്നെ വിജയിച്ചു. 1967ൽ രൂപീകരിക്കപ്പെട്ട മണ്ഡലത്തിൽ നിന്ന് ആദ്യമായി വിജയിക്കുന്നത് കോൺഗ്രസ് സ്ഥാനാർഥിയായ എസ്ആർ പ്രസാദാണ്. 1995ൽ ജനത ദൾ സ്ഥാനാർഥി ആബോ ദേവിയും ഝാരിയയിൽ നിന്നും വിജയിച്ചു. ഝാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെടുന്നതിന് മുമ്പായതുകൊണ്ട് ആബോ ദേവി ബീഹാർ മന്ത്രിസഭയിലെ മന്ത്രിയുമായി. സൂര്യദേവ് സിങ് ആദ്യമായി വിജയിക്കുന്നത് 1977ലാണ്. തുടർന്ന് നാല് തവണ അദ്ദേഹം ഇവിടെ നിന്നും തുടർച്ചയായി വിജയിച്ചു. ശേഷം 2000ൽ അദ്ദേഹത്തിന്റെ സഹോദരൻ ബച്ച സിങ്ങും ഝാരിയയിൽ നിന്നും വിജയിച്ചു. 2005ലും 2009ലും സൂര്യദേവ് സിങ്ങിന്റെ ഭാര്യ കുന്തി ദേവി ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. 2014ൽ സൂര്യദേവ് സിങ്ങിന്റെ മകൻ സഞ്ജീവ് സിങ് മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഝാരിയ എന്ന പേരുതന്നെ കൽക്കരി ഖനനവുമായി ബന്ധപ്പെടുന്നതാണ്. അവിടത്തെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുന്ന കാര്യമാണ് ഖനിത്തൊഴിലാളികളുടെ വോട്ട്. ഖനിത്തൊഴിലാളികളും അവരുടെ സംഘടനകളും ആ മേഖലയിൽ വളരെ ശക്തരാണ്. ഖനിയിലുണ്ടാകുന്ന ഭൂഗർഭ തീപ്പിടുത്തങ്ങൾ ഝാരിയയിലെ ജനങ്ങൾ അനുഭവിക്കുന്ന കാര്യമായ പ്രശ്നമാണ്. തീപ്പിടുത്തം വഴി ഉണ്ടാകുന്ന വിഷവാതകങ്ങൾ, അതുകാരണം പലായനം ചെയ്യേണ്ടിവരുന്നതുൾപ്പെടെ ജനങ്ങളുടെ ഗുരുതര പ്രശ്നമാണ്.
2019ൽ പൂർണിമ സിങ്ങിന് 50.34ശതമാനം വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാർഥിയായ രാഗിണി സിങ്ങിന് 42.73ശതമാനവും. 12,054 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പൂർണിമ സിങ് അന്ന് വിജയിച്ചത്. ഇത്തവണ ഝാരിയയിൽ രണ്ടാം ഘട്ടത്തിൽ നവംബര് 20ന് വോട്ടെടുപ്പ് നടക്കും.