ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശത്തെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോര്. ലീഗിൽ മതേരമല്ലാത്തതായി ഒന്നുമില്ലെന്നായിരുന്നു യുഎസ് പര്യടനത്തിനിടെ വാഷിങ്ടണിൽ രാഹുലിന്റെ വാക്കുകൾ. ഇതിനെതിരെ ശക്തമായ വിമർശമാണ് ബിജെപി ഉയർത്തിയിരിക്കുന്നത്.
''മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണ്, അവരില്‍ മതേതരമല്ലാത്തതായി ഒന്നുമില്ല. ഈ ചോദ്യം ഉന്നയിച്ചയാള്‍ ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് തോന്നുന്നു,'' കേരളത്തില്‍ മുസ്ലീം ലീഗുമായുള്ള കോൺഗ്രസ് സഖ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി രാഹുൽ പറഞ്ഞു. വാഷിങ്ടണിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ അഭിമുഖത്തിനിടെയായിരുന്നു ഈ പരാമർശം.
എന്നാല്‍ രാഹുലിന്റെ പ്രസ്താവനക്കെതിരെ ബിജെ പി കടുത്ത വിമര്‍ശനമാണ് ഉയർത്തിയിരിക്കുന്നത്.മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദികളായ ‘ജിന്നയുടെ മുസ്‌ലിം ലീഗ്’, രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിൽ, ഒരു ‘മതേതര പാർട്ടി’യാണെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.
കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ കിരണ്‍ റിജിജുവും രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ചു. ജിന്നയുടെ മുസ്ലീം ലീഗ് ഒരു മതേതര പാര്‍ട്ടിയാണോയെന്ന് ചോദിച്ച കിരണ്‍ റിജിജു മതാടിസ്ഥാനത്തില്‍ ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദിയായ പാര്‍ട്ടി ഒരു മതേതര പാര്‍ട്ടിയാണോയെന്നും ചോദ്യമുയര്‍ത്തി. മുസ്ലീം ലീഗിനെ പിന്തുണയ്ക്കുന്ന വ്യക്തിയെ ഇന്ത്യയില്‍ ഇപ്പോഴും ചില ആളുകള്‍ മതേതരനായി കാണുന്നു എന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ആരോപിച്ചു.
വിദേശത്തുനിന്നുള്ള രാഹുൽ ഗാന്ധിയുടെ ഇത്തരം പ്രസ്താവനകൾ തികച്ചും ദുഃഖകരമാണെന്നാണ് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. വിദേശമണ്ണില്‍നിന്നുകൊണ്ട് രാജ്യത്തെ അപമാനിക്കുന്നത് ഇന്ത്യന്‍ ജനത ഒരിക്കലും അംഗീകരിക്കില്ലെന്നും ബ്രജേഷ് പഥക് പറഞ്ഞു.
എന്നാൽ രാഹുലിനെതിരായ ബിജെപി ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ജിന്നയുടെ മുസ്ലീം ലീഗും കേരളത്തിലെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും വ്യത്യസ്തമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ ട്വീറ്റ്.
നിങ്ങള്‍ക്ക് വിദ്യാഭ്യാസമില്ലേ? കേരളത്തിലെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും (ഐ.യു.എം.എല്‍) ജിന്നയുടെ മുസ്ലീം ലീഗും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ക്ക് അറിയാമോ? ജിന്നയുടെ മുസ്ലീം ലീഗുമായാണ് നിങ്ങളുടെ പൂര്‍വികര്‍ സഖ്യമുണ്ടാക്കിയത്. രണ്ടാമത്തെ മുസ്ലീം ലീഗുമായാണ് ബിജെപി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും പവന്‍ ഖേരയുടെ ട്വീറ്റില്‍ ചൂണ്ടിക്കാ്ട്ടി.
2012-ല്‍ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അധികാരം നിലനിര്‍ത്താന്‍ ലീഗുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയത് സംബന്ധിച്ച 10 വര്‍ഷം മുമ്പത്തെ വാര്‍ത്തകള്‍ ചൂണ്ടികാട്ടി നിരവധി കോണ്‍ഗ്രസ് അനുഭാവികളും രംഗത്തെത്തി.
10 ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തിയത്. സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി ക്യാംപസിൽ നടത്തിയ പരിപാടിയിലും രാഹുൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ലോക്സഭയിൽനിന്ന് താൻ അയോഗ്യനാക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാൽ അങ്ങനെ സംഭവിച്ചത് ജനങ്ങളെ സേവിക്കാനുള്ള വലിയ അവസരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഐക്യത്തെകുറിച്ചും ഇന്ത്യയിലെ പത്ര, മതസ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സമ്പദ്‌വ്യവസ്ഥ എന്നിവ ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്കും രാഹുൽ ഗാന്ധി മറുപടി നൽകി. സർക്കാർ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും വരുതിയിലാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തെയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു.