അരുണാചൽപ്രദേശ് അതിർത്തിയിലെ ഇന്ത്യ - ചൈന സൈനിക സംഘർഷ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും. ലോക്സഭയില്‍ 12 മണിക്കും രാജ്യസഭയില്‍ 12.30നും പ്രസ്താവന നടത്തും. ഇതിന് മുന്നോടിയായി പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് അതിര്‍ത്തിയിലെ സാഹചര്യം ചര്‍ച്ച ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും സംയുക്ത സേനാ മേധാവിയുമുള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു . അതിര്‍ത്തിയിലെ സാഹചര്യം, സുരക്ഷാ വീഴ്ച, തുടര്‍ നടപടി എന്നിവ ചര്‍ച്ച ചെയ്യാനായാണ് യോഗം ചേര്‍ന്നത്.
നിയന്ത്രണ മേഖലയിൽ സംഘർഷമുണ്ടായതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു.
ദേശീയ സുരക്ഷയുടെ കാര്യത്തിൽ കോണ്‍ഗ്രസ് രാജ്യത്തോടൊപ്പമാണെന്നും രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു. 2020 ഏപ്രിൽ മുതൽ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള മേഖലകളിലുണ്ടായ ചൈനീസ് അതിക്രമങ്ങളെക്കുറിച്ചും നിർമ്മാണത്തെക്കുറിച്ചും സംസാരിക്കുന്നതിൽ മോദി സർക്കാർ സത്യസന്ധത പുലർത്തണമെന്നും ഖാര്‍ഗെ പറഞ്ഞു.രാജ്യം ഇരുട്ടില്‍ തപ്പുകയാണെന്ന് എഐഎംഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ആരോപിച്ചു.