INDIA

പുൽവാമ ഭീകരാക്രമണം : ധവളപത്രം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ

പുൽവാമ ഭീകരാക്രമണത്തിൽ ഇന്റലിജൻസിനുണ്ടായ പരാജയങ്ങളും സൈനികരെ എയർ ലിഫ്റ്റ് ചെയ്യാത്തത് അടക്കമുള്ള കാര്യങ്ങളും ധവളപത്രത്തിലൂടെ വിശദീകരിക്കണമെന്നാവശ്യം

വെബ് ഡെസ്ക്

പുൽവാമ ആക്രമണത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച ഉണ്ടായെന്ന ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ധവളപത്രം ആവശ്യപ്പെട്ട് കോൺഗ്രസ്. പുൽവാമ ഭീകരാക്രമണത്തിൽ ഇന്റലിജൻസിനുണ്ടായ പരാജയങ്ങൾ, സൈനികരെ എയർലിഫ്റ്റ് ചെയ്യാത്തതടക്കമുള്ള കാര്യങ്ങളും ധവളപത്രത്തിലൂടെ വിശദീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പാർട്ടി 2019ൽ രാഷ്ട്രീയ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്നും, മുൻ ആർമി ചീഫ് ജനറൽ ശങ്കർ റോയ്‌ചൗധരി ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇപ്പോൾ ഈ വിഷയം ഉന്നയിക്കുന്നതെന്നും കോൺഗ്രസ് നേതാവ് ശക്തിസിംഗ് ഗോഹിൽ വ്യക്തമാക്കി.

ചൊവ്വാഴ്ച പാർട്ടി ആസ്ഥാനത്ത് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് ശക്തിസിൻഹ് ഗോഹിൽ, കേണൽ (റിട്ട) രോഹിത് ചൗധരി, വിങ് കമാൻഡർ (റിട്ട) അനുമ ആചാര്യ എന്നിവർ 40 സിആർപിഎഫ് ജവാൻമാരുടെ മരണത്തിന് കാരണമായ വീഴ്ചകളെക്കുറിച്ച് മോദി സർക്കാരിനെതിരെ ഗുരുതരമായ ചോദ്യങ്ങളാണ് ഉന്നയിച്ചത്. 2,500 സിആർപിഎഫ് സൈനികരെ അവരുടെ അഭ്യർത്ഥന അവഗണിച്ച് വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നും, 2019 ജനുവരി 2 നും ഫെബ്രുവരി 13നും ഇടയിൽ ഭീകരാക്രമണത്തെക്കുറിച്ച് ഇന്റലിജൻസിന് ലഭിച്ച മുന്നറിയിപ്പുകൾ എന്തുകൊണ്ട് അവഗണിച്ചെന്നും അവർ ചോദിച്ചു.

300 കിലോയോളം സ്ഫോടകവസ്തുക്കൾ തീവ്രവാദികൾ എങ്ങനെയാണ് ശേഖരിച്ചതെന്നും, അതീവ സുരക്ഷാ സൗകര്യങ്ങൾ ഉണ്ടായിട്ടും തെക്കൻ കശ്മീരിൽ പ്രത്യേകിച്ച് പുൽവാമ-അനന്ത്നാഗ്-അവന്തിപോറ ബെൽറ്റിൽ ഇത്രയും അളവിലുള്ള സ്‌ഫോടക വസ്തുക്കൾ എങ്ങനെ കണ്ടെത്താനാകാതെ പോയെന്നും കേണൽ ചൗധരി ചോദിച്ചു. 'ആക്രമണം നടന്ന് നാല് വർഷം പിന്നിട്ടു. എന്നിട്ടും അന്വേഷണം എത്രത്തോളമാണ് പുരോഗമിച്ചത്? അന്വേഷണം പൂർത്തിയാക്കാനും അതിന്റെ കണ്ടെത്തലുകൾ രാജ്യത്തെ അറിയിക്കാനും എന്തുകൊണ്ടാണ് കാലതാമസം നേരിടുന്നത്? ' അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യോമസേനയുടെ ട്രൈ സർവീസ് എപ്പോഴും സജ്ജമായിരിക്കെ എന്തുകൊണ്ടാണ് സൈനികർക്ക് വിമാനം നിഷേധിച്ചത്. ഇത്തരം ചോദ്യങ്ങൾക്കുള്ള സമഗ്രമായ ഉത്തരം ധവളപത്രത്തിലൂടെ നൽകണം. 2011 ലെ മുംബൈ ബോംബ് സ്‌ഫോടനം, 2016 ലെ പത്താൻകോട്ട് ആക്രമണം തുടങ്ങിയ മുൻ ഭീകരാക്രമണങ്ങളിൽ അന്വേഷണം നടത്തുകയും കണ്ടെത്തലുകൾ പരസ്യമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്, വിങ് കമാൻഡർ (റിട്ട) അനുമ ആചാര്യ വ്യക്തമാക്കി.

അതുകൊണ്ട് തന്നെ പുൽവാമ ഭീകരാക്രമണത്തെ കുറിച്ച് സർക്കാർ ഒരു ധവളപത്രം പ്രസിദ്ധീകരിക്കണം. ആക്രമണം എങ്ങനെയാണ് നടന്നത്, ഇന്റലിജൻസിനുണ്ടായ പരാജയങ്ങൾ എന്തൊക്കെയാണ്, എന്തുകൊണ്ടാണ് സൈനികർക്ക് വിമാനം നിഷേധിച്ചത്, എന്തൊക്കെ സുരക്ഷാ വീഴ്ചകളാണ് സംഭവിച്ചത്, ഇതിൽ സിആർപിഎഫ്, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവർക്കുള്ള പങ്ക് എന്നിവ വ്യക്തമാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

എന്നാൽ, മോദി സർക്കാർ നിയമിച്ച ബിജെപി നേതാവും ജമ്മുകശ്മീര്‍ മുന്‍ ഗവർണറുമായ മാലിക് നടത്തിയ വെളിപ്പെടുത്തലുകളിൽ കേന്ദ്രസർക്കാരും ബിജെപിയും ഇപ്പോഴും മൗനം പാലിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഉപദേശിക്കുന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിനാണ് പുൽവാമയിലെ ജീവഹാനിക്ക് പിന്നിലെ പ്രഥമ ഉത്തരവാദിത്തമെന്ന മുൻ സൈനിക മേധാവി ജനറൽ ശങ്കർ റോയ് ചൗധരിയുടെ അഭിപ്രായത്തോടും അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍