ബിജെപിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ മലക്കം മറിഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. ബിജെപി വൃത്തങ്ങളുമായി ചര്‍ച്ച നടത്തിയെന്നത് എതിരാളികള്‍ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തയാണെന്നും താന്‍ എന്നും ഒരു കോണ്‍ഗ്രസുകാരനാണെന്നും ഇന്ന് മധ്യപ്രദേശില്‍ കമല്‍നാഥ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുമെന്നും കമല്‍നാഥ് മാധ്യമങ്ങളോടു പറഞ്ഞു.
നേരത്തെ രാഹുലുമായി അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ ന്യായ് യാത്രയില്‍ കമല്‍നാഥ് പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമല്‍നാഥും മകനും ലോക്‌സഭാ എംപിയുമായ നകുല്‍നാഥും യാത്രയില്‍ നിന്നു വിട്ടുനില്‍ക്കുന്ന കാര്യം പലയാവര്‍ത്തി പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കമല്‍നാഥും മകനും ബിജെപിയിലേക്ക് ചേക്കേറുന്നെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
ബിജെപി കേന്ദ്ര നേതൃത്വവുമായി കമല്‍നാഥ് രഹസ്യ ധാരണയിലെത്തിയെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവും മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനുമാണ് കമല്‍നാഥിന്റെ കളംമാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് തന്നെ പരിഗണിക്കാത്തതില്‍ നീരസപ്പെട്ടാണ് പൊടുന്നനെ പാര്‍ട്ടി വിടാന്‍ കമല്‍നാഥ് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ നകുല്‍ നാഥ് തന്റെ സോഷ്യല്‍ മീഡിയ ബയോകളില്‍ നിന്ന് കോണ്‍ഗ്രസിന്റെ പേര് വെട്ടിയത് അഭ്യൂഹങ്ങള്‍ ശക്തമാക്കി.
എന്നാല്‍ അപകടം മണത്ത കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കമല്‍നാഥുമായി നേരിട്ടു സംസാരിച്ച് ഭിന്നതകള്‍ മായ്ച്ചതായാണ് ഇപ്പോര്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് ന്യായ് യാത്രയില്‍ പങ്കെടുക്കുമെന്ന് കമല്‍നാഥ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
''കമല്‍നാഥ് ഞങ്ങളുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം എന്നും കോണ്‍ഗ്രസുകാരനാണ്. അദ്ദേഹം പാര്‍ട്ടി വിടുമെന്നുള്ളത് ബിജെപിയും മാധ്യമങ്ങളും ഉണ്ടാക്കിയ കുപ്രചാരണങ്ങളാണ്. ഞാന്‍ അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹം ന്യായ് യാത്രയില്‍ പങ്കെടുക്കും''- കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ് മാധ്യമങ്ങളോടു പറഞ്ഞു.