INDIA

'ബിജെപിയുടേത് സുപ്രീംകോടതിക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമം'; കേന്ദ്ര സർക്കാർ ഓർഡിനൻസിനെതിരെ എഎപിയെ പിന്തുണച്ച് കോൺഗ്രസ്

സുപ്രീംകോടതിക്ക് തുരങ്കം വയ്ക്കുന്ന, ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബിജെപി സർക്കാരിന്റെ ശ്രമങ്ങളിൽ ആശങ്കയുണ്ടെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി

വെബ് ഡെസ്ക്

ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനങ്ങളും സംബന്ധിച്ച് കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിൽ എഎപിയെ പിന്തുണച്ച് കോൺഗ്രസ്. സുപ്രീം കോടതി വിധിയെ അടിസ്ഥാനപരമായി അട്ടിമറിക്കുന്ന ഓർഡിനൻസിന് പകരം സർക്കാർ ബില്ല് പാർലമെന്റിൽ കൊണ്ടുവരുമ്പോൾ കോൺഗ്രസ് എതിർക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഡൽഹിയുടെ ചുമതല വഹിക്കേണ്ടതെന്ന സുപ്രീംകോടതിയുടെ സമീപകാല ഉത്തരവിനെ അസാധുവാക്കിക്കൊണ്ട് വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കേന്ദ്രം ഓർഡിനൻസ് പാസാക്കിയത്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് ആം ആദ്മി പാർട്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സുപ്രീംകോടതിക്ക് തുരങ്കം വയ്ക്കുന്ന, ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബിജെപി സർക്കാരിന്റെ ശ്രമങ്ങളിൽ ആശങ്കയുണ്ടെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. സുപ്രീം കോടതിയുടെ സുപ്രധാന വിധിയെ കോൺഗ്രസ് നേരത്തെ സ്വാഗതം ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറിയുടെ തുല്യത കൊണ്ടുവരുന്ന ഓർഡിനൻസിൽ, ഒരു തീരുമാനത്തിലെ മൂന്ന് വോട്ടുകളിൽ ഒന്ന് മാത്രമാകും മുഖ്യമന്ത്രിക്ക് നൽകപ്പെടുക. എന്നാൽ ഇത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ തുരങ്കം വയ്ക്കുന്നതാണെന്ന് അവർ വ്യക്തമാക്കി

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 239 എ (എ) അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനുണ്ടെന്നാണ് സുപ്രീംകോടതി വിധി. ഉദ്യോഗസ്ഥർ മന്ത്രിമാർക്ക് റിപ്പോർട്ട് ചെയ്യുന്നത് നിർത്തുകയോ അവരുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ കൂട്ടുത്തരവാദിത്വത്തിന്റെ തത്വത്തെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. കേന്ദ്രസർക്കാരും അരവിന്ദ് കെജ്രിവാൾ സർക്കാരും തമ്മിലുള്ള എട്ടുവർഷത്തെ പോരാട്ടത്തിനൊടുവിലാണ് വിധി വന്നത്.

എന്നാൽ കേന്ദ്രത്തിന്റെ ഓർഡിനൻസ് കഴിഞ്ഞയാഴ്ച ഒരു ദേശീയ തലസ്ഥാന സിവിൽ സർവീസസ് അതോറിറ്റി രൂപീകരിച്ചു. ഓർഡിനൻസ് അനുസരിച്ച് ഡൽഹിയിൽ സേവനമനുഷ്ഠിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, നിയമനം, അവരുമായി ബന്ധപ്പെട്ട വിജിലൻസ് കാര്യങ്ങളുടെ ശുപാർശ എന്നിവയ്‌ക്കെല്ലാം 'നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി'ക്കാണ് അധികാരം. ഈ അതോറിറ്റിയുടെ അധികാര പരിധി വർധിപ്പിക്കുക വഴി സർക്കാരിന്റെ അധികാരങ്ങളെ മുഴുവനായി റദ്ദാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഇതു സംബന്ധിച്ച ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നാണ് കരുതുന്നത്. ഇത് ഇരുസഭകളിലും ബിൽ പാസാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിജെപി. രാജ്യസഭയിൽ നിലവിലുള്ള അംഗബലം 238ഉം ഭൂരിപക്ഷം 119ഉം ആണ്. എൻഡിഎയ്ക്കും പ്രതിപക്ഷത്തിനും നിലവിൽ 110 സീറ്റുകളുള്ളതിനാൽ നവീൻ പട്നായിക്കിന്റെ ബിജു ജനതാദളും വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസും നിർണായക പങ്കാകും വഹിക്കുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ